ലബനനില്‍ ആക്രമണം ശക്തമാക്കിയ ഇസ്രയേല്‍, തലസ്ഥാനമായ ബെയ്റൂട്ടിലേക്കും ആക്രമണം വ്യാപിപ്പിച്ചു. ബെയ്റൂട്ടിലേത് കൃത്യമായ ലക്ഷ്യംവച്ചുള്ള ആക്രമണമെന്നാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയത്. രണ്ടു ദിവസമായി നടക്കുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 558 പേര്‍ കൊല്ലപ്പെട്ടെന്ന് ലെബനന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മരിച്ചവരില്‍ 94 സ്ത്രീകളും 50 കുട്ടികളും ഉള്‍പ്പെടുന്നു. 1835 പേര്‍ക്ക് പരുക്കേറ്റു.
അതിനിടെ ലബനന്‍, ഇസ്രയേല്‍ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ വിമാനക്കമ്പനികള്‍ റദ്ദാക്കി. ടെല്‍ അവീവിലേക്കുള്ള വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. എയര്‍ അല്‍ജീരിയയും എയര്‍ അറേബിയയും ലബനനിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി. ലുഫ്താന്‍സ, എമിറേറ്റ്സ് ഉള്‍പ്പെടെ പന്ത്രണ്ടിലധികം കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കി.
2006 ലെ ഹിസ്ബുല്ല ഇസ്രയേല്‍ ആക്രമണത്തിന് ശേഷമുള്ള ഏറ്റവും ഗുരുതരസാഹചര്യമാണ് ലെബനനില്‍. ഹിസ്ബുള്ളയുടെ ആയുധകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്നലെ രാവിലെ തുടങ്ങിയ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. മൂന്നാം കമാന്‍ഡര്‍ അലി കരാക്കെയെ ലക്ഷ്യമിട്ട് മുന്നൂറിലധികം കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്.
ആക്രമണത്തെത്തുടര്‍ന്ന് ലെബനന്‍റെ തെക്കന്‍ മേഖലകളില്‍ നിന്ന് ബെയ്റൂട്ടിലേക്ക് പലയാനം തുടങ്ങി. ജനം ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലിന്‍റെ വടക്കന്‍മേഖലയിലേക്ക് ഹിസ്ബുള്ള 200ലധികം റോക്കറ്റ് ഉപയോഗിച്ച് പ്രത്യാക്രമണം നടത്തി. ഗാസ ആക്രമണത്തിന് പ്രതികാരമായി ഇസ്രയേലിനെതിരെ ആക്രമണം പ്രഖ്യാപിച്ച ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലയെ ലക്ഷ്യമിട്ട്, ലബനനിലും ആക്രമണം തുടങ്ങിയതോടെ മേഖല ആശങ്കയിലാണ്. ലെബനന്‍ മറ്റൊരു ഗാസ ആകരുതെന്ന് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി അന്‍റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. മേഖലയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാനാണ് അമേരിക്കയുടെ തീരുമാനം.