അമേരിക്കയുടെ മുന്നറിയിപ്പ് വന്ന് മണിക്കൂറുകൾക്കുള്ളിൽ ഇസ്രയേലിലേക്ക് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ കുതിച്ചെത്തി. ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലുള്ള മൂന്ന് സൈനിക കേന്ദ്രങ്ങളാണ് ഇറാൻ റവല്യൂഷനറി ഗാർഡ്സ് ലക്ഷ്യമിട്ടത്.
180 മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടതെന്നാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കുന്നത്. ഹിസ്ബുല്ല തലവൻ ഹസൻ നസറുല്ലയുടെ വധത്തിനും ഗസയിലും ലബനനിലും നടത്തുന്ന ആക്രമണങ്ങൾക്ക് തിരിച്ചടിയായിരുന്നു ഇറാന്റെ ആക്രമണം. ഇറാൻ വലിയ വില കൊടുക്കേണ്ടി വരുമെന്നും തിരിച്ചടിക്കുമെന്നും ഇസ്രയേലും വ്യക്തമാക്കി.
Also Read: ഇസ്രയേലിനെ ആക്രമിച്ച് ഇറാന്‍; 80% മിസൈലും ലക്ഷ്യം കണ്ടെന്ന് ഇറാന്‍; കൗണ്ടര്‍ അറ്റാക്ക്
ഇറാൻ പ്രയോഗിച്ചത് ഹൈപ്പർസോണിക് മിസൈൽ
ഈ വർഷമാദ്യം ഇറാൻ, ഇസ്രയേലിൽ പ്രയോഗിച്ച ഇമാദ്, ഗദർ മിസൈലുകളേക്കാൾ വേഗതയുള്ളതാണ് ചൊവ്വാഴ്ച പ്രയോഗിച്ച മിസൈലുകളെന്നാണ് അവകാശവാദം. ശബ്ദത്തിൻ്റെ ആറിരട്ടി വേഗതയിൽ സഞ്ചരിക്കുന്നതായിരുന്നു ഇമാദ്, ഗദർ മിസൈലുകൾ. ഇത് ഇറാനിൽ നിന്ന് 12 മിനിറ്റെടുത്താണ് ഇസ്രയേലിലെത്തിയതെന്നാണ് കണക്ക്.
അതായത്, മണിക്കൂറിൽ 4,600 മൈൽ വേഗതയിൽ സഞ്ചരിക്കണം. ഇതിലും വേഗതയേറിയ ഹൈപ്പർസോണിക് ഫത്തേ -2 വിന്യസിച്ചതായാണ് ഇറാൻ പറയുന്നത്. പരമാവധി വേഗത മണിക്കൂറിൽ 10,000 മൈൽ.
Also Read: ഇറാന് ഉടന്‍ തിരിച്ചടിയെന്ന് ഇസ്രയേല്‍; സഹായത്തിന് അമേരിക്ക; മധ്യസ്ഥതയ്ക്ക് ഇന്ത്യ
പ്രതിരോധിച്ചത് ഇസ്രയേലും അമേരിക്കയും
ഇറാൻ മിസൈലുകളെ അന്തരീക്ഷത്തിൽ വച്ചു തന്നെ തടയാൻ സാധിച്ചു എന്നാണ് ഇസ്രയേലിന്റെ അവകാശവാദം. ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനത്തിനൊപ്പം അമേരിക്കയുടെ സഹായത്തോടെയായിരുന്നു ചൊവ്വാഴ്ച മിസൈലുകളെ പ്രതിരോധിച്ചത്. യുഎസ്എസ് ബൾക്ക്‌ലി, യുഎസ്എസ് കോൾ എന്നിവയിൽ നിന്നും യുഎസ് നേവി ഒരു ഡസനോളം ഇൻ്റർസെപ്റ്ററുകൾ പ്രയോഗിച്ചതായാണ് പെന്റഗൺ വ്യക്തമാക്കിയത്.
Also Read: 2,040 കിലോ മീറ്റർ താണ്ടി ഹൂതികളുടെ മിസൈൽ; മർമം നോക്കി തിരിച്ചടിച്ച് ഇസ്രയേൽ
അമ്പെടുത്ത് ഇസ്രയേൽ
ഇറാന്റെ ആക്രമണത്തിലും ഇസ്രയേലിനെ രക്ഷിച്ചത് വ്യോമ പ്രതിരോധ സംവിധാനങ്ങളാണ്. പൊതുവിൽ അയൺ ഡോം എന്നറിയപ്പെടുന്ന വ്യോമപ്രതിരോധ സംവിധാനത്തിന്റെ ഏറ്റവും പുറം പാളിയായ ആരോ സംവിധാനങ്ങളാണ് ഇന്നലെ ഇറാനിൽ നിന്നുള്ള ആക്രമണത്തെ പ്രതിരോധിച്ചത്. ആയിരക്കണക്കിന് കിലോമീറ്റർ അകലെ നിന്ന് തൊടുക്കുന്ന ബാലിസ്റ്റിക് മിസൈലുകളെ തടയാൻ രൂപകൽപ്പന ചെയ്ത സംവിധാനങ്ങളാണ് ആരോ-2, ആരോ-3. അന്തരീക്ഷത്തിൽ നിന്ന് തന്നെ ഇവയെ തകർക്കാൻ ആരോ-2 ന് സാധിക്കും. ഒരു ആരോ മിസൈലിന് 3.5 മില്യൺ ഡോളർ ചെലവ് വരും. 100 ലധികം മിസൈലുകളെ ഇല്ലാതാക്കുന്നത് ദശലക്ഷക്കണക്കിന് ഡോളറാണ് ഇസ്രയേൽ ചെലവാകുന്നത്.
ഇസ്രയേലിനെ കാത്ത് അയേൺ ഡോം
ആരോ കഴിഞ്ഞാൽ ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ അടുത്ത പാളിയാണ് ഡേവിഡ്സ് സ്ലിംഗ്. 100 കിലോമീറ്റർ മുതൽ 200 കിലോമീറ്റർ ദൂരെ നിന്നും വിക്ഷേപിച്ച ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈലുകളിൽ നിന്നും സംരക്ഷണം നൽകുന്നവയാണ് ഡേവിഡ്സ് സ്ലിംഗ് എന്ന പ്രതിരോധ സംവിധാനം. ഇസ്രായേലിൻ്റെ സർക്കാർ ഉടമസ്ഥതയിലുള്ള റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസും യുഎസ് കമ്പനിയായ റെയ്തിയോൺ കോയും സംയുക്തമായി വികസിപ്പിച്ച ഡേവിഡ്സ് സ്ലിംഗിന് വിമാനങ്ങൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവയെ തടസ്സപ്പെടുത്താനും കഴിയും.
ഏറ്റവും പുറം പാളിയാണ് ഷോർട്ട് റേഞ്ച് അയൺ ഡോം, ചെറുതും വേഗത കുറഞ്ഞതും മിസൈലുകളെയാണ് ഇവ തകർക്കുന്നത്. 4-7 കിലോമീറ്റർ ദൂരത്തിൽ നിന്നുള്ളവയേയാണ് അയേൺ ഡോം തകർക്കുന്നത്.
പ്രവർത്തനം ഇങ്ങനെ
രാജ്യത്തേക്ക് എത്തുന്ന റോക്കറ്റുകളെ റഡാറുകൾ ഉപയോഗിച്ച് നേരിടുന്ന രീതിയാണ് അയേൺ ഡോം. അയേൺ ഡോമിൻറെ ഓരോ ബാറ്ററിയിലും മൂന്നോ നാലോ ലോഞ്ചറുകൾ, 20 മിസൈലുകൾ, ഒരു റഡാർ എന്നിവയുണ്ട്. അയേൺ ഡോമിൻറെ പരിധിക്കുള്ളിൽ റോക്കറ്റിനെ തിരിച്ചറിഞ്ഞ് സഞ്ചാര പാത കൺട്രോൾ സെൻററിലേക്ക് അയക്കും. റോക്കറ്റ് ഇസ്രയേലിന് ഭീഷണിയാണോ എന്ന് കൺട്രോൾ സെൻ്റർ വിലയിരുത്തി. പ്രതിരോധിക്കാനുള്ള മിസൈൽ വിക്ഷേപിക്കും. ഓരോ മിസൈലിനും ചുരുങ്ങിയത് 40,000 മുതൽ 50000 ഡോളറാണ് ചെലവ്.