ലെബനനിൽ ഇസ്രയേലിനെതിരെ പോരാട്ടം തുടരുമെന്ന് പുതുതായി ഹിസ്ബുല്ലയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ട നയിം ഖാസിം. ഇസ്രയേലുമായി വെടിനിർത്തലിന് യാചിക്കില്ല. തങ്ങൾക്ക് അംഗീകരിക്കാനാവുന്ന വെടിനിർത്തലിന് ഇസ്രയേൽ മുന്നോട്ടു വരുന്നതുവരെ പോരാട്ടം തുടരുമെന്നാണ് നയിം ഖാസിം വ്യക്തമാക്കിയത്. ഹിസ്ബുല്ല തലവനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ ടെലിവിഷൻ അഭിസംബോധനയിലാണ് ഖാസിം നയം വ്യക്തമാക്കിയത്.
ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻതലവൻ ഹസൻ നസ്‌റല്ലയുടെ സൈനിക സമീപനം തന്നെയാണ് പിന്തുടരുകയെന്നും നയിം ഖാസിം വ്യക്തമാക്കി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സിസേറിയയിലെ വീടിനുനേരെ ഡ്രോൺ ആക്രമണത്തെ പറ്റിയും ഖാസിം പരമാർശിച്ചു. "നെതന്യാഹു ഇത്തവണ അതിജീവിച്ചു, ഒരുപക്ഷേ അദ്ദേഹത്തിൻ്റെ സമയം ആയിട്ടുണ്ടാകില്ല" എന്നായിരുന്നു നയിം ഖാസിമിന്‍റെ വാക്കുകൾ.
നേരത്തെ റെക്കോർഡ് ചെയ്ത 30 മിനിട്ട് വിഡിയോയാണ് ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്തത്. ദീർഘകാലം ഹിസ്ബുല്ല തലനനായിരുന്ന ഹസൻ നസറുല്ലയുടെ കൊലപാതകത്തിന് ശേഷമാണ് നേരത്തെ ഡെപ്യൂട്ടി ലീഡറായിരുന്ന നയിം ഖാസിമിനെ തലവനാക്കിയത്. അതേസമയം, മുതിർന്ന ഹിസ്ബുള്ള നേതാക്കളെ ലക്ഷ്യം വെയ്ക്കുന്നത് ഇസ്രയേൽ തുടരുകയാണ്.
ഹിസ്ബുല്ലയുടെ മുതിർന്ന ഹാഷിം സഫീദ്ദീനെയും ഹിസ്ബുള്ളയുടെ റദ്വാൻ സേനയുടെ ഡെപ്യൂട്ടി കമാൻഡർ മുസ്തഫ അഹമ്മദ് എന്നിവരെ കൊലപ്പെടുത്തിയതായി ഇസ്രേയൽ അവകാശപ്പെട്ടു. അതേസമയം ഹിസ്ബുല്ലയുടെ മൂന്ന് സൈനിക കേന്ദ്രങ്ങളിലേക്ക് റോക്കറ്റും ഡ്രോണും ഉൾപ്പെടെ ആക്രമണം നടത്തിയതായി ഹിസ്ബുല്ലയും അവകാശപ്പെട്ടു.