കിഴക്കൻ ഇന്തോനേഷ്യയിലെ ലെവോടോബി ലാകി-ലാകി അഗ്നിപർവതം പൊട്ടിത്തെറിച്ച് പത്തു മരണം. തിങ്കളാഴ്ച ഉച്ചവരെയുള്ള കണക്കാണിത്. ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് അഗ്നിപര്‍വത സ്ഫോടനമുണ്ടാകുന്നത്. സംഭവത്തെ തുടര്‍ന്ന് സമീപത്തെ നിരവധി ഗ്രാമങ്ങൾ ഒഴിപ്പിച്ചിരിക്കുകയാണ്. സ്ഫോടനം ഏഴ് ഗ്രാമങ്ങളെ നേരിട്ട് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച രാത്രി 11.57 നാണ് ഫ്ലോറസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് ലെവോടോബി ലാകി-ലാകി പൊട്ടിത്തെറിക്കുന്നത്. പൊട്ടിത്തെറിയെ തുടര്‍ന്ന് ലാവയും പാറകഷണങ്ങളും നാല് കിലോമീറ്റർ ചുറ്റളവിലുള്ള ജനവാസ കേന്ദ്രങ്ങളിൽ പതിച്ചതായും വീടുകള്‍ക്ക് തീപിടിച്ചതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. അടുത്തുള്ള ഗ്രാമങ്ങളിലെ വീടുകളിലെ മേല്‍ക്കൂരവരെ ടണ്‍ കണക്കിന് ചാരം കൊണ്ടുമൂടി. സ്‌ഫോടനത്തെത്തുടർന്ന് വൈദ്യുതിയും മുടങ്ങിയിരുന്നു.
വരും ദിവസങ്ങളിൽ ലാവ പ്രവാഹത്തിന് സാധ്യതയുണ്ടെന്നാണ് ഇന്തോനേഷ്യയുടെ ദുരന്ത ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അടുത്ത 58 ദിവസത്തേക്ക് പ്രാദേശിക സർക്കാർ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മൗമെറെ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളവും അടച്ചു. ഒഴിപ്പിക്കപ്പെട്ടവരുടെ എണ്ണവും നാശനശ്ഷടങ്ങളുടെ കണക്കും അധികൃതർ ശേഖരിച്ചുവരികയാണ്.
ഒന്നിലധികം ടെക്റ്റോണിക് പ്ലേറ്റുകൾക്ക് മുകളിലാണ് ഇന്തോനേഷ്യ സ്ഥിതിചെയ്യുന്നത്. പസഫിക് റിംഗ് ഓഫ് ഫയർ എന്നറിയപ്പെടുന്ന ഉയര്‍ന്ന ഭൂകമ്പബാധിത പ്രദേശമാണിത്.