ചൈനയിൽ ക്യാൻസർ ബാധിതനായ യുവാവ് തന്റെ സമ്പാദ്യം മറച്ചുവെച്ച് ചികിത്സാ ധനസഹായം പിരിച്ച് സ്വന്തമാക്കിയത് ലക്ഷങ്ങള്‍ വില വരുന്ന ഫ്ലാറ്റ്. അപൂർവ കാൻസർ ബാധിച്ചതായി കാണിച്ചാണ് ഇയാൾ പണപ്പിരിവ് നടത്തിയത്.
മധ്യ ചൈനയിലെ ഹ്യൂബെയ് പ്രവിശ്യയിൽ താമസിക്കുന്ന ലാൻ എന്ന 29-കാരനാണ് സ്വന്തം രോഗാവസ്ഥ വിവരിച്ച് പണം ആവശ്യപ്പെട്ടത്. ഹോഡ്ഗ്കിൻ ലിംഫോമ എന്ന അപൂർവ കാൻസർ ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബർ 14ന് ഇയാൾ ക്രൗഡ്ഫണ്ടിങ് ആരംഭിച്ചു. രോഗബാധയുണ്ടെന്ന് സ്ഥിരീകരിക്കുന്നതിന്റെ രേഖകളും ലാൻ പങ്കുവച്ചു.
82 ലക്ഷത്തോളം രൂപയാണ് ഇയാൾക്ക് ചികിത്സാ ധനസഹായമായി ലഭിച്ചത്. രോഗാവസ്ഥയിലായിരുന്ന അച്ഛന്റെ ചികിത്സയ്ക്കായി കുടുംബത്തിന്റെ സമ്പാദ്യം മുഴുവൻ ചെലവഴിക്കേണ്ടി വന്നുവെന്നും അച്ഛന്റെ മരണശേഷം കുടുംബം കടക്കെണിയിലായി എന്നെല്ലാമാണ് ഇയാൾ ആളുകളെ വിശ്വസിപ്പിച്ചത്. തന്‍റെ ജീവിത കഥ വിഡിയോ രൂപത്തിലും ലാൻ പങ്കുവച്ചു. വൈകാതെ ലാനിന്‍റെ ദുരിത കഥ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ധനസഹായം നൽകാൻ ആഗ്രഹിക്കുന്നവർക്കായി ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകി.
ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ക്രൗഡ്ഫണ്ടിങ്ങിലൂടെ 700,000 യുവാനു (81.58 ലക്ഷം രൂപ) മുകളിലാണ് ലാൻ സ്വരൂപിച്ചത്. എന്നാൽ നവംബർ ആദ്യവാരത്തോടെ ലാനിനെ കുറിച്ചുള്ള സംശയങ്ങൾ ഉയർന്നുതുടങ്ങി. ഒരു ഗ്രൂപ്പ് ചാറ്റിൽ താൻ പുതിയതായി വാങ്ങിയ ഫ്ലാറ്റിന്റെ ചിത്രങ്ങൾ ലാൻ പങ്കുവച്ചതായിരുന്നു സംശയങ്ങള്‍ക്ക് തുടക്കമിട്ടത്. തന്റെ പുതിയ വീടാണ് ഇതെന്നും 738,000 യുവാനാണ് (86 ലക്ഷം രൂപ) വീടിന്റെ വിലയെന്നും ലാൻ തന്നെ വെളിപ്പെടുത്തിയിരുന്നു.
ഇതോടെ ആളുകൾ ലാനിന്‍റെ പശ്ചാത്തലം അന്വേഷിച്ചു തുടങ്ങി. അന്വേഷണത്തില്‍ ഇയാളുടെ കുടുംബത്തിന് ഒരു മില്യൺ യുവാൻ (US$140,000) വരെ വിലയുള്ള രണ്ട് റെസിഡൻഷ്യൽ ഫ്ലാറ്റുകൾ ഉൾപ്പെടെ ഒന്നിലധികം സ്വത്തുക്കൾ ഉണ്ടെന്ന് കണ്ടെത്തി. വാടകയായി മാത്രം 145,000 യുവാൻ ഉണ്ടാക്കുന്ന 3.8 ദശലക്ഷം യുവാൻ വിലമതിക്കുന്ന വാണിജ്യ സ്വത്തുക്കളും ഈ കുടുംബത്തിന് ഉണ്ടായിരുന്നു. കൂടാതെ വാടകയിനത്തിലും വലിയ വരുമാനം ഇവർക്ക് ലഭിച്ചിരുന്നു.
തട്ടിപ്പ് പുറത്തായതോടെ ലാനിൻ്റെ സംഭാവന അഭ്യർത്ഥിച്ചു കൊണ്ടുള്ള വീഡിയോ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോം ഒഴിവാക്കി. സ്വകാര്യ സ്വത്തുക്കൾ സ്വന്തമാക്കാൻ ചികിത്സാധന സഹായ ഫണ്ട് ഉപയോഗിച്ചുവെന്ന ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട്, സംഭാവനകളിൽ നിന്ന് 200,000 യുവാൻ ഒരു നിശ്ചിത-കാല സേവിംഗ്സ് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായി ലാൻ പിന്നീട് അവകാശപ്പെട്ടു. ലാൻ തട്ടിപ്പ് നടത്തുകയായിരുന്നു എന്ന് ഒടുവിൽ ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്‌ഫോം സ്ഥിരീകരിച്ചിട്ടുണ്ട്. പ്ലാറ്റ്‌ഫോം നിയമങ്ങൾ പ്രകാരം പിരിച്ചെടുത്ത പണം പൂർണ്ണമായി വീണ്ടെടുക്കുകയും സംഭാവന നൽകിയവർക്ക് തിരികെ നൽകുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പ്രസ്താവനയിലൂടെ അറിയിച്ചു.