ജോര്‍ജിയയിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് 11 ഇന്ത്യക്കാര്‍ മരിച്ചു. വിനോദസഞ്ചാര കേന്ദ്രമായ ഗുദൗരിയിലെ ഇന്ത്യന്‍ റസ്റ്ററന്‍റിലെ ജീവനക്കാരാണ് മരിച്ചതെന്ന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയം വ്യക്തമാക്കി. ഒരു ജോര്‍ജിയന്‍ സ്വദേശിയും മരിച്ചു. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് അപകടമുണ്ടായതെന്നും മറ്റ് ദുരൂഹതകളില്ലെന്നും ജോര്‍ജിയയിലെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രണ്ടാം നിലയില്‍ കിടപ്പുമുറികളിലാണ് 12പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരിച്ചുപോയവരുടെ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും 11 ഇന്ത്യൻ പൗരന്മാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ടിബിലിസിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. പ്രാഥമിക പരിശോധനയിൽ മൃതദേഹങ്ങളിൽ മറ്റ് ആക്രമണങ്ങള്‍ ഉണ്ടായതിന്‍റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. വെള്ളിയാഴ്ച വൈദ്യുതി വിതരണം നിലച്ചതിനെത്തുടർന്ന് റിസോര്‍ട്ടിലെ കിടപ്പുമുറികൾക്ക് സമീപം പവർ ജനറേറ്റർ സ്ഥാപിക്കുകയും ഓൺ ചെയ്യുകയും ചെയ്തതായി പോലീസ് പറഞ്ഞു.