കോതമംഗലം ഉരുളന്‍തണ്ണി ക്ണാച്ചേരിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. കോടിയാട്ട് എല്‍ദോസാണ് മരിച്ചത്. ബസിറങ്ങി വീട്ടിലേക്ക് പോകുംവഴിയായിരുന്നു ആക്രമണം. തലനാരിഴയ്ക്കാണ് ഒപ്പമുണ്ടായിരുന്നയാള്‍ രക്ഷപെട്ടത്. സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം നടക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ തടഞ്ഞു. മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. വനാതിർത്തിയിൽ വേലി സ്ഥാപിക്കണമെന്നത് നാട്ടുകാരുടെ നാളുകളായുള്ള ആവശ്യമാണ്.
സ്ഥലത്തെ എല്ലാ വാര്‍ഡുകളിലും വന്യമൃഗശല്യംരൂക്ഷമെന്ന് പഞ്ചായത്തംഗം പി.സി.ജോഷി. മൃതദേഹം ഇപ്പോഴും വഴിയില്‍ കിടക്കുകയാണ്. പലതവണ പ്രശ്നം വനംവകുപ്പിനോട് പറഞ്ഞു, ഫെന്‍സിങ് കാടുപിടിച്ച നിലയിലാണ്. സ്ഥിരമായി ആളുകള്‍ നടക്കുന്ന വഴിയിലാണ് ആക്രമണം. പരിശോധനയ്ക്ക് വരാന്‍ പറയുമ്പോള്‍ വാഹനത്തില്‍ ഡീസലില്ലെന്ന് പറയുമെന്നും ജോഷി പറഞ്ഞു.
സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയതായി വനംമന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. മുതിര്‍ന്ന ഉദ്യോഗസ്ഥരോട് സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ഗൗരവത്തിലെടുക്കുന്നുവെന്നും പ്രതിഷേധം ന്യായമെന്നും എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ഫെന്‍സിങ് ഉള്‍പ്പെടെ എന്തുകൊണ്ട് വൈകിയെന്നതും അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ചയെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. മനുഷ്യജീവന് വിലകല്‍പിക്കാത്ത നടപടിയാണ് വനംവകുപ്പിന്‍റേതെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു.