മൂ ഡെങ് എന്ന കുട്ടി ഹിപ്പോയ്ക്ക് കിട്ടിയ ക്രിസ്മസ് സമ്മാനം കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ ലോകം. ക്രിസ്മസ് സമ്മാനമായി ഏകദേശം രണ്ടരക്കേടിയിലേറെ രൂപയാണ് (290,000 യുഎസ് ഡോളര്‍) മൂ ഡെങിനായി കനേഡിയന്‍ സംരംഭകനായ വിറ്റാലിക് ബ്യുട്ടറിന്‍ നല്‍കിയത്. തായ്ലന്ഡിലെ ഖാവോ ഖിയോയിലെ തുറന്ന മൃഗശാലയിലാണ് നിലവില്‍ മൂ ഡെങുള്ളത്.
കുഞ്ഞു ഡെങ് സന്തോഷമായും ആരോഗ്യത്തോടെയുമിരിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് ക്രിസ്മസ് സമ്മാനത്തിനൊപ്പം മൃഗശാല അധികൃതര്‍ക്കെഴുതിയ കത്തില്‍ ബ്യുട്ടറിന്‍ കുറിച്ചു. കഴിഞ്ഞമാസം മൃഗശാല കാണാനെത്തിയപ്പോഴാണ് കുരുന്ന് ഹിപ്പോ ബ്യുട്ടറിന്‍റെ മനംകവര്‍ന്നത്. ഡെങിന്‍റെ ദത്ത് പിതാവാകാന്‍ തന്‍റെ തനിക്ക് താല്‍പര്യമുണ്ടെന്നും അടുത്ത രണ്ട് വര്‍ഷത്തേക്ക് താന്‍ സ്പോണ്‍സര്‍ ചെയ്യാമെന്ന വാഗ്ദാനവും ബ്യുട്ടറിന്‍ നല്‍കി.
അഞ്ച് മാസം മാത്രം പ്രായമുള്ള വികൃതിക്കുട്ടിയാണ് മൂ ഡെങ് ഇപ്പോള്‍. മൂ ഡെങിനെ പരിചരിക്കുന്നതിനായി മൃഗശാല അധികൃതര്‍ നേരത്തെ സഹായാഭ്യര്‍ഥന നടത്തിയിരുന്നു. മൃഗങ്ങളെ പരിചരിക്കുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് ഖാവോ ഖിയോ മൃഗശാല അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. അധികൃതര്‍ക്ക് മൃഗങ്ങളോടുള്ള കരുതല്‍ തന്നെ ആകര്‍ഷിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ബ്യുട്ടറിന്‍റെ ക്രിസ്മസ് സമ്മാനത്തിന് മൃഗശാല അധികൃതര്‍ സമൂഹമാധ്യമത്തിലൂടെ നന്ദിയറിയിച്ചിട്ടുണ്ട്.