കാട്ടുതീയുടെ ഭീകരതാണ്ഡവത്തില്‍ ഭീതിയൊഴിയാതെ ലൊസാഞ്ചലസ്. മൂന്നുദിവസമായി വിവിധ ഇടങ്ങളില്‍ ആളിപ്പടര്‍ന്ന തീയില്‍  10പേര്‍ മരിച്ചു.  ഇന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് അതീവജാഗ്രതയിലാണ് ലോസാഞ്ചലസും സമീപ കൗണ്ടികളും.

ലോസാഞ്ചലസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ ഇതിനകം ചാമ്പലാക്കിയത് 31,000 ഏക്കറാണ്. ഹോളിവുഡ് ഹില്‍സില്‍ താരങ്ങളുടെ ആഡംബര വസതികളടക്കം ആറായിരത്തോളം കെട്ടിടങ്ങളും ചാമ്പലായി.  180, 000 പേരെ ഒഴിപ്പിച്ചു. രണ്ടുലക്ഷം ആളുകള്‍ക്ക് അതീവജാഗ്രതാനിര്‍ദേശമുണ്ട് . ഹോളിവുഡ് ഹില്‍സിലെ  തീ നിയന്ത്രണവിധേയമാക്കിയെന്ന് ലോസാഞ്ചലസ് മേയര്‍ അറിയിച്ചു.  താമസക്കാര്‍  മടങ്ങുന്നത് അതീവജാഗ്രതയോടെ വേണമെന്ന്  ലോസാഞ്ചലസ് മേയര്‍ അറിയിച്ചു. എന്നാല്‍ കിഴക്കന്‍ മേഖലയിലും പടിഞ്ഞാറന്‍ മേഖലയിലും ഉണ്ടായ തീ നിയന്ത്രണാതീതമാണ്.  കാറ്റ് ശക്തമാകുമെന്ന കാലാവസ്ഥാമുന്നറിയിപ്പിനെ തുടര്‍ന്ന് കൂടുതല്‍ മേഖലകളില്‍ ഒഴിപ്പിക്കല്‍ നിര്‍ദേശം നല്‍കി. 

ഇതുവരെ 57 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കണക്കാക്കായിത്.  ആളുകളെ ഒഴിപ്പിച്ച മേഖലയില്‍ വീടുകള്‍ കൊള്ളയടിക്കപ്പെട്ടു.  ഇരുപതോളം പേരെ അറസ്റ്റ് ചെയ്തു. കൊള്ളയെ തുടര്‍ന്ന് സാന്റ മോണിക്ക നഗരത്തില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു.  സ്ഥിതി ആശങ്കാജനകമായതോടെ പ്രസിഡന്റ് ജോ  ബൈഡന്‍ ഇറ്റലി സന്ദര്‍ശനം റദ്ദാക്കിയിരുന്നു. വൈസ് പ്രസിഡന്റ്  കമല ഹാരിസ് സിംഗപ്പൂര്‍, ബഹ്റൈന്‍ സന്ദര്‍ശനവും റദ്ദാക്കി.  

അതിനിടെ കലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യുസോമിനെതിരെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ന്യുസോമിന്റെ വനനയമാണ് വിനയായതെന്നാണ് ട്രംപിന്റെ ആരോപണം, ന്യുസോം രാജിവയ്ക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

ENGLISH SUMMARY:

10 killed in Los Angeles wildfires