യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പാര്‍ട് ടൈം ജോലികള്‍ ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുമെന്ന ട്രംപിന്‍റെ പ്രഖ്യാപനമാണ് ജോലികള്‍ ഉപേക്ഷിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍.
ഓരോ വര്‍ഷവും ഇന്ത്യയിൽനിന്നും ആയിരക്കണക്കിന് വിദ്യാർഥികളാണ് യുഎസിൽ പഠിക്കാനെത്തുന്നത്. ജീവിത ചെലവുകള്‍ക്കായി ഇവരിൽ ഭൂരിഭാഗം പേരും പലതരം സ്ഥാപനങ്ങളില്‍ പാര്‍ട് ടൈം ജോലി ചെയ്യുന്നവരാണ്. എന്നാല്‍ ട്രംപിൻറെ പ്രഖ്യാപനത്തിന് പിന്നാലെ ഇത്തരം ജോലികൾ ചെയ്യുന്നത് നിയമവിരുദ്ധമാകുമോയെന്ന ഭയമാണ് വിദ്യാര്‍ഥികള്‍ ജോലി ഉപേക്ഷിക്കാന്‍ കാരണമാകുന്നത്.
എഫ്-1 വിസയിലുള്ള അന്താരാഷ്‌ട്ര വിദ്യാർഥികൾക്ക് കാമ്പസിൽ ആഴ്ചയിൽ 20 മണിക്കൂർ വരെ ജോലി ചെയ്യാൻ അനുവാദമുണ്ടായിരുന്നു. എങ്കിലും, വാടക, ചെലവ് എന്നിവയ്ക്കായി പല വിദ്യാർത്ഥികളും പലപ്പോഴും കാമ്പസിന് പുറത്തുള്ള റെസ്റ്റോറൻ്റുകൾ, ഗ്യാസ് സ്റ്റേഷനുകൾ റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ പാർട് ടൈം ജോലി ചെയ്യാറുണ്ട്. മതിയായ രേഖകളില്ലാത്ത ജോലികളാണ് അധികപ്പേരും തിരഞ്ഞെടുക്കാറുള്ളത്.
ജോലിയെക്കാള്‍ പ്രാധാന്യം പഠനത്തിന് കൊടുക്കുന്നതിനാല്‍, ഇപ്പോള്‍ ചെയ്തുക്കൊണ്ടിരുന്ന പാര്‍ട് ടൈം ജോലിയില്‍ നിന്ന് അല്പനാള്‍ വിട്ടുനില്‍ക്കാനും പിന്നീട് എല്ലാം ശരിയായി കഴിഞ്ഞാല്‍ ജോലിയിലേക്ക് തിരികെ പ്രവേശിക്കാനുമാണ് വിദ്യാര്‍ഥികളുടെ തീരുമാനം.
യുഎസില്‍ പാര്‍ട് ടൈം ജോലി ചെയ്യുന്നവര്‍ക്ക് മണിക്കൂറിന് ആറോ ഏഴോ ഡോളറാണ് ലഭിക്കുന്നത്. ഇങ്ങനെ ഒരു ദിവസം ആറ് മണിക്കൂർ ജോലി ചെയ്താൽ ജീവിതം നല്ല രീതിയിൽ മുന്നോട്ടുപോകുമെന്നാണ് വിദ്യാർഥികളുടെ അഭിപ്രായം. അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി നിരവധി പേരാണ് കഴിഞ്ഞദിവസങ്ങളില്‍ യുഎസില്‍ പിടിയിലായത്. അതേസമയം, രേഖകളില്ലാത്ത ഇന്ത്യക്കാരെ നിയമാനുസൃതമായി തിരികെ കൊണ്ടുവരാൻ രാജ്യം തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി.