യുക്രെയ്നുള്ള യുഎസ് സൈനിക സഹായം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മരവിപ്പിച്ചു. സമാധാനചര്‍ച്ചകളില്‍ പുരോഗതിയില്ലാത്തതിനാലാണ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായുണ്ടായ വാക് പോരിന് പിന്നാലെയാണ് തീരുമാനം. സമാധാനം സ്ഥാപിക്കലാണ് ട്രംപിന്‍റെ ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. റഷ്യന്‍ ആക്രമണം തുടരുന്നതിനിടെയുള്ള തീരുമാനം യുക്രെയ്ന് കനത്ത തിരിച്ചടിയായി. റഷ്യ–യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ സമ്മര്‍ദമെന്നാണ് വിലയിരുത്തല്‍.
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ച കഴിഞ്ഞ ദിവസം അലസിപ്പിരിഞ്ഞിരുന്നു. ഓവൽ ഓഫിസിൽ നടന്ന നാടകീയമായ ചർച്ചയ്ക്കിടെ സെലെൻസ്കി ഇറങ്ങിപ്പോയിരുന്നു. സെലെൻസ്കി യുഎസിനെ അപമാനിച്ചെന്നാണ് ട്രംപ് അന്ന് ആരോപിച്ചത്. രാഷ്ട്ര നേതാക്കളുടെ പതിവു ചർച്ചകളിൽ നിന്നു മാറി പരസ്പരം വാക്കുതകർക്കത്തിലേക്കു നീണ്ടതോടെയാണു ചർച്ച അവസാനിപ്പിച്ചത്. യുദ്ധത്തിൽ യുഎസിനു ചെലവായ പണത്തിനു പകരമായി യുക്രെയ്ൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രകൃതിവിഭവ വ്യവസായങ്ങളുടെ 50% വരുമാനം യുഎസുമായി പങ്കിടുന്ന കരാറിൽ സെലെൻസ്കി ഒപ്പു വച്ചിരുന്നില്ല.
മുന്നാം ലോകയുദ്ധമുണ്ടായേക്കാവുന്ന നടപടികളാണു സെലെൻസ്കിയുടേതെന്ന് ട്രംപ് ആരോപിച്ചിരുന്നു. റഷ്യയ്ക്കെതിരായ യുദ്ധത്തിൽ ജോ ബൈഡൻ ഭരണകൂടം യുക്രെയ്നിനു സാമ്പത്തികസഹായവും ആയുധങ്ങളും നൽകിയിരുന്നുവെങ്കിലും റഷ്യ അനുകൂല നിലപാടാണു ട്രംപ് സ്വീകരിച്ചിട്ടുള്ളത്. സെലെൻസ്കിയെ രൂക്ഷമായി വിമർശിച്ച ട്രംപ് റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ നീക്കം ആരംഭിക്കുകയും ചെയ്തിരുന്നു.
ധാതുവിഭവങ്ങൾ, പെട്രോളിയം, പ്രകൃതിവാതകം എന്നിവയ്ക്കൊപ്പം തുറമുഖങ്ങളുടെയും പ്രകൃതിവാതക ടെർമിനലുകളുടെയും ഉടമസ്ഥതയും യുഎസിനു കൈമാറണം. ഇതിനു പകരമായി സൈനിക സുരക്ഷാ ഉറപ്പുകളൊന്നും കരാറില്ലെന്നതാണു ശ്രദ്ധേയം. ട്രംപിന്റെ നയം മയപ്പെടുത്താനും യുഎസ് സൈനിക സഹായം ഉറപ്പാക്കുന്നതിനും റിപ്പബ്ലിക്കൻ കക്ഷി നേതാക്കളുടെ പിന്തുണ നേടാൻ സന്ദർശനം സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സെലെൻസ്കി.