വൈറ്റ് ഹൗസില്‍ ഡോണള്‍ഡ് ട്രംപുമായുണ്ടായ വാക്പോരില്‍ മാപ്പുപറഞ്ഞ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി. ശാശ്വത സമാധാനത്തിനായി ട്രംപിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ തയാറെന്ന് സെലെന്‍സ്കി എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. യുക്രെയ്നുള്ള സൈനിക സഹായം മരവിപ്പിച്ചതിന് പിന്നാലെയാണ് സെലെന്‍സ്കിയുടെ മാപ്പുപറച്ചില്‍. അതേസമയം, ഡോണള്‍ഡ് ട്രംപ് ഉടന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും.
യുക്രെയിനെക്കാള്‍ സമാധാനം ആഗ്രഹിക്കുന്ന ആരുമില്ലെന്ന മുഖവുരയോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കാന്‍ തയാറാണ്. തടവുകാരുടെ മോചനവും ആകാശയുദ്ധവും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായിരിക്കും ആദ്യഘട്ടം. യുഎസുമായി സഹകരിച്ച് ഉടന്‍ അന്തിമഘട്ടത്തിലെത്താനാകുമെന്നും സെലന്‍സ്കി വ്യക്തമാക്കി.
ട്രംപ് അധികാരത്തിലേറിയപ്പോള്‍ ജാവലിന്‍ മിസൈലുകള്‍ തന്നത് യുക്രെയിനിലുണ്ടാക്കിയ മാറ്റങ്ങള്‍ ഓര്‍മയിലുണ്ടെന്നും അതിനെല്ലാം നന്ദിയുള്ളവരാണെന്നും സെലന്‍സ്കി പറഞ്ഞു. വൈറ്റ് ഹൗസിലെ കൂടിക്കാഴ്ച പ്രതീക്ഷിച്ച രീതിയില്‍ നടന്നില്ല. അങ്ങനെ സംഭവിച്ചതില്‍ ഖേദമുണ്ട്. അതേസമയം, അമേരിക്കയുമായി ധാതു ഇടപാടിനുള്ള കരാറില്‍ ഒപ്പുവയ്ക്കാന്‍ സന്നദ്ധമാണെന്നും യുക്രെയ്ന്‍ വ്യക്തമാക്കി.
മാപ്പുപറയേണ്ട സാഹചര്യമില്ലെന്നായിരുന്നു സെലന്‍സ്കിയുടെ നേരത്തയുള്ള നിലപാട്. ചര്‍ച്ചകള്‍ പുനരാരംഭിക്കണമെങ്കില്‍ സെലന്‍സ്കി മാപ്പുപറയണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. അതിനിടെ, പ്രസ്താവനയ്ക്ക് പിന്നാലെ യുകെ,ഫിന്‍ലന്‍ഡ്, ക്രൊയേഷ്യ ഭരണാധികാരികളുമായി സെലന്‍സ്കി സംസാരിച്ചു.