AI Generated Image - എഐ നിര്‍മിത പ്രതീകാത്മക ചിത്രം
നിയമപരമായി അവകാശം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് അമ്മ തട്ടിയെടുത്ത കുട്ടിയെ നീണ്ട 25 വര്‍ഷത്തിനുശേഷം കണ്ടെത്തി. മെക്സിക്കോയിലെ ന്യൂ ഹാവനില്‍ പിതാവിന്‍റെ സംരക്ഷണയിലായിരുന്ന കുട്ടിയെ 1999ലാണ് അമ്മ റോസ ടെനോറിയോ തട്ടിക്കൊണ്ടുപോയത്. ആൻഡ്രിയ മിഷേൽ റെയ്‌സിന എന്ന് പേരിട്ട കുട്ടിയെ ഇപ്പോള്‍ 27ാം വയസിലാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. അമ്മയ്ക്ക് കുട്ടിയില്‍ നിയമപരമായ അവകാശം ഇല്ലായിരുന്നുവെന്നും കുട്ടി പിതാവിന്‍റെ സംരക്ഷണയിലിരിക്കെയാണ് മാതാവ് തട്ടിക്കൊണ്ടുപോയതെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആൻഡ്രിയ മിഷേൽ റെയ്‌സിനെ അന്ന് പ്രായം 23 മാസം മാത്രമായിരുന്നു. മെക്സിക്കോ സിറ്റിയുടെ തെക്കുകിഴക്കന്‍ നഗരമായ പ്യൂബ്ലയിലേക്കാണ് റോസ സ്വന്തം മകളെ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. മകളോടൊപ്പം മെക്സിക്കോയിലേക്ക് മാതാവ് ഒളിച്ചോടിയതായി കരുതുന്നതായും പരാതിയിലുണ്ടായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്കെതിരെ ന്യൂ ഹാവൻ പോലീസും എഫ്ബിഐയും അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.
സ്വന്തം മകളെ തേടി ആൻഡ്രിയയുടെ പിതാവ് പലതവണ മെക്സിക്കോയിലെത്തിയെങ്കിലും കണ്ടെത്താനായില്ല. 2023 ഓടെ കേസില്‍ അന്വേഷണം മന്ദഗതിയിലാകുകയും ചെയ്തു. എന്നാല്‍ ഇത്തരത്തിലെ 500 ലധികം കേസുകൾ പരിഹരിക്കുന്നതിനുള്ള സര്‍ക്കാറിന്‍റെ പദ്ധതിയുടെ ഭാഗമായി കേസ് പൊലീസിന്‍റെ ഡിറ്റക്ടീവ് വിഭാഗം പുനരന്വേഷിക്കാൻ തുടങ്ങുകയായിരുന്നു. ഒടുവിലാണ് 1 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള പ്യൂബ്ലയിൽ ആൻഡ്രിയയെ കണ്ടെത്തുന്നത്.
25 വർഷങ്ങൾക്ക് ശേഷം പിതാവിന്‍റെയും ആന്‍ഡ്രിയയുടേയും ഡിഎന്‍എ പരിശോധനയിലൂടെയാണ് ആന്‍ഡ്രിയയുടെ പിതൃത്വം സ്ഥിരീകരിക്കുന്നത്. ആൻഡ്രിയയും തന്‍റെ കുടുംബം മെക്സിക്കോയിലാണെന്ന് വിശ്വസിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. നിലവില്‍ 27 വയസുകാരി ആന്‍ഡ്രിയ മെക്സിക്കോയില്‍ സ്ഥിരതാമസമാണ്. അതേസമയം സ്വന്തം മകളെ തട്ടിക്കൊണ്ടുപോയതിന് ആന്‍ഡ്രിയയുടെ അമ്മയുടെ പേരിലുള്ള അറസ്റ്റ് വാറണ്ട് ഇപ്പോഴും യുഎസിൽ നിലനിൽക്കുന്നുണ്ട്.