മൈക്രോ ബ്ലോഗിങ് സൈറ്റായ 'എക്സ്' ആഗോള വ്യാപകമായി തകരാറിലായത് വന്‍ സൈബര്‍ ആക്രമണത്തെ തുടര്‍ന്നെന്ന് ഇലോണ്‍ മസ്ക്. യുക്രെയ്ന്‍ ഭാഗത്ത് നിന്നുമാണ് ആക്രമണം ഉണ്ടായതെന്നും മസ്ക് ഫോക്സ് ന്യൂസിനോട് പറഞ്ഞു. 'യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് എനിക്ക് തീര്‍ച്ചയില്ല. പക്ഷേ എക്സിനെ തകര്‍ക്കുന്നതിനായി വലിയൊരു സൈബര്‍ ആക്രമണം ഉണ്ടായി. ഐപി അഡ്രസ് പരിശോധിച്ചപ്പോള്‍ യുക്രെയ്ന്‍ ഭാഗത്ത് നിന്നാണെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്'- മസ്ക് വിശദീകരിച്ചു. നിലവില്‍ പ്ലാറ്റ്ഫോം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഭീഷണിയൊഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എക്സ് സേവനങ്ങള്‍ ലഭ്യമാകുന്നില്ലെന്നും ട്വീറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി നിരവധിപ്പേരാണ് ഇന്നലെ പുലര്‍ച്ചെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ വിവരങ്ങള്‍ പങ്കുവച്ചത്. പല തവണയാണ് ഇന്നലെ മാത്രം എക്സ് പണിമുടക്കിയത്.
എക്സിനെ തകര്‍ക്കാന്‍ ചില സംഘടിത ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ചിലപ്പോള്‍ ഏതെങ്കിലും രാജ്യത്തിന്‍റെ തന്നെ പിന്തുണ അവര്‍ക്കുണ്ടാകാമെന്നും മസ്ക് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. നിരന്തരം എക്സിന് നേരെ ഭീഷണികളും ആക്രമണവും ഉണ്ടാകാറുണ്ട്. പക്ഷേ ഇക്കുറി വളരെയധികം രൂക്ഷമായി എന്നും ഏത് വിധേനെയും പിന്നിലുള്ളവരെ കണ്ടെത്തുമെന്നും മസ്ക് പറഞ്ഞു. 'ഡോജിനെതിരെയാണ് ആദ്യം ആക്രമണം ഉണ്ടായത്, പിന്നാലെ ടെസ്ലയുടെ സ്റ്റോറുകള്‍ ആക്രമിക്കപ്പെട്ടു. ഇപ്പോള്‍ എക്സും-മസ്ക് കുറിച്ചു.
യൂറോപ്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ ആറ് മണി മുതല്‍ 10 മണിവരെയാണ് എക്സ് തകരാറിലായതെന്നും 40,000ത്തോളം ഉപഭോക്താക്കള്‍ക്ക് പ്രശ്നം നേരിട്ടുവെന്നും ഡൗണ്‍ ഡിറ്റക്ടര്‍.കോമിനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. യുഎസില്‍ പലയിടത്തും ഉച്ചവരെ എക്സ് ലഭ്യമായിരുന്നില്ല. പലര്‍ക്കും അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ പോലും കഴിഞ്ഞിരുന്നില്ല. മൊബൈലില്‍ എക്സ് ഉപയോഗിച്ചിരുന്നവരില്‍ 56 ശതമാനം പേര്‍ക്കും വെബ്സൈറ്റില്‍ ഉപയോഗിച്ചിരുന്നവരില്‍ 33 ശതമാനം പേര്‍ക്കുമാണ് എക്സ് ലഭിക്കാതിരുന്നത്.
Google Trending Topic- Twitter Down