icecream-kid

തനിക്ക് കഴിക്കാന്‍ മാറ്റിവച്ച ഐസ്ക്രീം അമ്മ കഴിച്ചാല്‍ ശിക്ഷ കിട്ടിയേ തീരൂ, നാലുവയസുകാരന്‍ നേരെ 911 ഡയല്‍ ചെയ്തു, ‘എന്റെ ഐസ്ക്രീം അമ്മ കഴിച്ചു, അമ്മയെ അറസ്റ്റ് ചെയ്യണം’, ഇതുകേട്ട പൊലീസ് ആദ്യമൊന്ന് അമ്പരന്നെങ്കിലും രണ്ടാമതൊന്നു ചിന്തിച്ചില്ല, നാലുവയസുകാരനെ തേടിയിറങ്ങി. സംഭവം യുഎസിലെ വിസ്കണ്‍സിനിലാണ്. 

പിന്നീട് കഴിക്കാമെന്നു ചിന്തിച്ചു മാറ്റിവച്ച ഐസ്ക്രീമാണ് നാലുവയസുകാരന്റെ അമ്മ ഒരു മയവുമില്ലാതെ കഴിച്ചത്, ഇതോടെ അമ്മയെ ഒരു പാഠം പഠിപ്പിക്കാനും തെറ്റിനുള്ള ശിക്ഷ വാങ്ങിക്കൊടുക്കാനുമാണ് 911ല്‍ വിളിച്ചത്. തന്റെ ഐസ്ക്രീം കഴിച്ച അമ്മയെ അറസ്റ്റ് ചെയ്യണം എന്നതായിരുന്നു കുട്ടിയുടെ ആവശ്യം. തുടര്‍ന്ന് കോളെടുത്ത പൊലീസ് അമ്മയോട് സംസാരിച്ചു, കുട്ടിയ്ക്ക് 4വയസുമാത്രമേ പ്രായമുള്ളൂവെന്നും ഐസ്ക്രീം താനെടുത്ത് കഴിച്ചെന്നും കുറ്റസമ്മതം നടത്തി. പക്ഷേ ഫോണിലൂടെ നടത്തിയ കുറ്റസമ്മതത്തില്‍ കുട്ടി അത്ര തൃപ്തനായിരുന്നില്ല. 

പിന്നാലെ പൊലീസ് സംഘം കുട്ടിയുടെ വീട്ടിലെത്തി കാര്യങ്ങള്‍ പരിശോധിച്ചു, മറ്റു പ്രശ്നങ്ങളൊന്നും മറയ്ക്കാനുള്ള കാര്യമല്ലല്ലോ ഈ ഐസ്ക്രീം പരാതിയെന്നും ഉറപ്പുവരുത്തി. പൊലീസിനെ കണ്ടതോടെ കാര്യങ്ങള്‍ക്ക് അല്‍പം ഗൗരവമേറി. കുറ്റസമ്മതം നടത്തിയ അമ്മയെ ജയിലിലേക്ക് വിടാനൊന്നും പക്ഷേ അവന്‍ ഒരുക്കമായിരുന്നില്ല, അതുകൊണ്ട് അമ്മ ഇനി തന്റെ ഐസ്ക്രീം കഴിക്കരുതെന്ന് മാത്രമല്ല നഷ്ടപ്പെട്ട ഐസ്ക്രീം തനിക്ക് കിട്ടണമെന്നും കുട്ടി ആവശ്യപ്പെട്ടു.

അന്നുതിരിച്ചുപോയ പൊലീസ് രണ്ടുദിവസം കഴിഞ്ഞും കുട്ടിയുടെ വീട്ടിലെത്തി. ഇത്തവണ അവനു തൃപ്തിയാകും വരെ കഴിക്കാനുള്ള ഐസ്ക്രീം വാങ്ങിക്കൊണ്ടായിരുന്നു പൊലീസിന്റെ വരവ്. കുട്ടിയുെട കഥ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്. 

ENGLISH SUMMARY:

A 4-year-old’s mom ate his ice cream. He called the cops, news went viral on social media. Two days later the boy surprised by the police they came to his home with two scoops of icecreams.