Image Credit: linkedin
ഹമാസ് അനുകൂല പ്രചാരണം നടത്തിയെന്നാരോപിച്ച് യുഎസിലെ ജോർജ് ടൗണ്‍ സർവകലാശാലയിലെ ഇന്ത്യൻ ഗവേഷകനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഗവേഷകനായ ബദർ ഖാൻ സൂരിയെയാണ് തിങ്കളാഴ്ച രാത്രി വിർജീനിയയിലെ വീടിന് പുറത്തുവച്ച് ഏജന്റുമാർ അറസ്റ്റ് ചെയ്തതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാടുകടത്തൽ ഭീഷണി നേരിടുന്നതായി സൂരിയുടെ അഭിഭാഷകന്‍ പറഞ്ഞതായി ‘പൊളിറ്റിക്കോ’യെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിലെ ഉദ്യോഗസ്ഥരാണെന്ന് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. യുവാവിന്‍റെ വീസ റദ്ദാക്കിയതായും തീവ്രവാദബന്ധം സംശയിക്കുന്നതായും സര്‍ക്കാര്‍ അറിയിച്ചതായി അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ അറിയിച്ചു. സൂരി, ഹമാസ് പ്രചാരണം അനുകൂല പ്രചാരണം നടത്തുകയും സോഷ്യൽ മീഡിയയിൽ ജൂതവിരുദ്ധത പ്രോത്സാഹിപ്പിക്കുകയും ചെയ്തു എന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്‌ലാഫ്ലിൻ എക്‌സിൽ കുറിച്ചു. ഹമാസിന്‍റെ മുതിർന്ന ഉപദേഷ്ടാവായ ഒരു തീവ്രവാദിയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. മാർച്ച് 15-ന് സ്റ്റേറ്റ് സെക്രട്ടറി അദ്ദേഹത്തെ നാടുകടത്താൻ വിധിച്ചെന്നും ട്രീഷ്യ മക്‌ലാഫ്ലിൻ പങ്കുവച്ച എക്സ് പോസ്റ്റിൽ പറയുന്നു.
അതേസമയം, യുഎസ് പൗരയായ ഭാര്യയുടെ പലസ്തീൻ വേരുകള്‍ മൂലമാണ് സൂരി ശിക്ഷിക്കപ്പെടുന്നതെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ ഹസ്സൻ അഹമ്മദ് വാദിക്കുന്നു. വാഷിങ്ടണ്‍ ഡിസിയിലെ ജോർജ് ടൗണ്‍ സർവകലാശാലയിലെ എഡ്മണ്ട് എ. വാൽഷ് സ്കൂൾ ഓഫ് ഫോറിൻ സർവീസിലെ അൽവലീദ് ബിൻ തലാൽ സെന്റർ ഫോർ മുസ്ലീം-ക്രിസ്ത്യൻ അണ്ടർസ്റ്റാൻഡിങില്‍ പോസ്റ്റ്ഡോക്ടറൽ ഫെലോ ആണ് ഡോ. ബദർ ഖാൻ സൂരി. സൂരി ഏതെങ്കിലും നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടതായി തങ്ങൾക്ക് അറിയില്ലെന്ന് ജോർജ് ടൗണ്‍ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
നേരത്തേ കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഡോക്ടറൽ ബിരുദ വിദ്യാര്‍ഥിനിയായിരുന്ന രഞ്ജനി ശ്രീനിവാസന്‍റെ വിസ പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് യുഎസ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളിൽ രഞ്ജനി പങ്കാളിയാണെന്നാരോപിച്ച് സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മാർച്ച് 5 ന് വിസ റദ്ദാക്കുന്നത്. തുടര്‍ന്ന് രഞ്ജനിക്ക് ഇന്ത്യയിലേക്ക് മടങ്ങേണ്ടിവന്നു.