Image Credit: X/@StopAntisemites
ഹമാസ് ബന്ധമുണ്ടെന്ന് ആരോപിച്ച് യുഎസില്‍ അറസ്റ്റിലായ ജോർജ്ജ്ടൗൺ സര്‍വകലാശാലയിലെ ഇന്ത്യൻ ഗവേഷകനായ ബദർ ഖാൻ സൂരിയെ നാടുകടത്തുന്നത് തടഞ്ഞ് യുഎസ് കോടതി. കോടതിയില്‍ നിന്ന് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സൂരിയെ പുറത്താക്കരുതെന്നാണ് വെർജീനിയയിലെ ഈസ്റ്റേൺ ജില്ലാ കോടതി ജഡ്ജി പട്രീഷ്യ ടോളിവർ ഗൈൽസ് ഉത്തരവിട്ടത്.
Also Read: ഹമാസ് അനുകൂല പ്രചാരണം നടത്തിയെന്ന് ആരോപണം; യുഎസിൽ ഇന്ത്യൻ ഗവേഷകൻ അറസ്റ്റിൽ; നാടുകടത്തും
ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ടിലെ അപൂർവ്വമായി ഉപയോഗിക്കുന്ന വകുപ്പ് പ്രകാരമാണ് സൂരിയെ കസ്റ്റഡിയിലെടുത്തത്. ഇതുവഴി യുഎസിന്‍റെ വിദേശനയ താൽപ്പര്യങ്ങൾക്ക് ഭീഷണിയായി കാണുന്ന യുഎസ് പൗരനല്ലാത്തവരെ നാടുകടത്താന്‍ സ്റ്റേറ്റ് സെക്രട്ടറിക്ക് കഴിയും.
ആരാണ് ബദർ ഖാൻ സൂരി
ഡല്‍ഹിയിലെ ജാമിയ മിലിയയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ബദർ ഖാൻ സൂരി യുഎസിലെത്തുന്നത്. ഗാസയില്‍ നിന്നുള്ള മഫാസ് അഹമ്മദ് യൂസഫ് ആണ് സൂരിയുടെ ഭാര്യ. 2014 ജനുവരി ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം. 2020 ന് ശേഷമാണ് ഇരുവരും യുഎസിലേക്ക് എത്തുന്നത്. യുഎസില്‍ ഗ്രീന്‍ കാര്‍ഡ് ഉടമയാണ് സൂരി.
ജോർജ്ജ്ടൗൺ സര്‍വകലാശാലയിലെ അൽവലീദ് സെന്റർ ഫോർ മുസ്ലീം-ക്രിസ്ത്യൻ അണ്ടർസ്റ്റാൻഡിംഗിൽ പീസ് ആന്‍ഡ് കോൺഫ്ലിക്റ്റ് സ്റ്റഡീസ് ഗവേഷക വിദ്യാര്‍ഥിയാണ് സൂരി. ഇറാഖിലും അഫ്ഗാനിസ്ഥാനിലും സമാധാന പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് സൂരിയുടെ ഗവേഷണം. ദക്ഷിണേഷ്യയിലെ ഭൂരിപക്ഷവാദത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും കുറിച്ച് സൂരി ക്ലാസെടുക്കുന്നുണ്ട്. സ്കൂൾ ഓഫ് ഫോറിൻ സർവീസസിന്റെ സെന്റർ ഫോർ കണ്ടംപററി അറബ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് മാഫാസ്.
ഹമാസ് മന്ത്രിയുടെ മരുമകന്‍
2011-ൽ ഗാസയിലേക്കുള്ള അന്താരാഷ്ട്ര സഹായ സംഘത്തിന്റെ ഭാഗമായിരുന്നു സൂരി. അവിടെവെച്ചാണ് മഫാസിനെ കണ്ടുമുട്ടുന്നത്. സംഘത്തിനുള്ള പരിഭാഷകയായിരുന്നു മഫാസ്. 2013 ല്‍ ഗാസയില്‍ വച്ച് വിവാഹം നടത്താന്‍ ഇരു കുടുംബവും തീരുമാനിച്ചെങ്കിലും ഈജിപ്തുമായുള്ള പ്രതിസന്ധികാരണം സൂരിയുടെ കുടുംബത്തിന് പാലസ്തീനിലേക്ക് എത്താന്‍ സാധിച്ചിരുന്നില്ല. പിന്നീട് 2014 ജനുവരില്‍ ഡല്‍ഹിയിലാണ് വിവാഹം നടന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
സുരിയുടെ ഭാര്യ പിതാവ് അഹമ്മദ് യൂസഫ് നേരത്തെ ഹമാസ് സര്‍ക്കാറില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്നു. പിന്നീട് തര്‍ക്ക പരിഹാരത്തിനുള്ള ഹൗസ് ഓഫ് വിസ്ഡം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ചുമതലക്കാരനായിരുന്നു. 'പടിഞ്ഞാറോട്ടുള്ള ഹമാസിന്റെ കവാടം' എന്നാണ് അഹമ്മദ് യൂസഫ് അറിയപ്പെട്ടിരുന്നത്. 'ഹമാസിന്‍റെ ഉപദേഷ്ഠാവായ ഒരു തീവ്രവാദിയുമായി സൂരിക്ക് ബന്ധമുണ്ട്' എന്നാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് അസിസ്റ്റന്‍ഡ് സെക്രട്ടറി ട്രീസിയ മക്ലാഫ്ലിൻ എക്സില്‍ എഴുതിയത്. ട്രീസിയ ഉദ്യേശിക്കുന്നത് സൂരിയുടെ ഭാര്യ പിതാവിനെയാണെന്നാണ് സൂചന.
റോസ്ലിനിലെ വീട്ടിനരകില്‍ നിന്നാണ് യുഎസ് ഇമിഗ്രേഷന്‍ വിഭാഗം സൂരിയെ അറസ്റ്റ് ചെയ്യുന്നത്. ഹമാസിനെ ഭീകരസംഘടനയായാണ് യുഎസ് കണക്കാക്കുന്നത്. നാടുകടത്തൽ നടപടികൾക്കായി സൂരിയെ ലൂസിയാനയിലേക്ക് മാറ്റിയിട്ടുണ്ട്.