Japan's bullet train, or the 'shinkansen', speeds past Mount Fuji in Fuji city, west of Tokyo
ജപ്പാനിലെ ഏറ്റവും ഉയരമുള്ള പർവതമായ മൗണ്ട് ഫുജി അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുകയാണെങ്കില്‍ പ്രദേശവാസികള്‍ എന്ത് ചെയ്യണമെന്ന നിര്‍ദേശവുമായി ജാപ്പനീസ് അധികൃതർ. പൊതുജനങ്ങൾ എന്ത് ചെയ്യണം ചെയ്യരുത് എന്നടിസ്ഥാനമാക്കിയുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ചിരിക്കുന്നത്. രണ്ടാഴ്ചത്തേക്കുള്ള അവശ്യവസ്തുക്കള്‍ ശേഖരിച്ച് ഉറപ്പുവരുത്താനും വീട്ടിൽ തന്നെ കഴിയാനുമാണ് മാർഗ്ഗനിർദ്ദേശങ്ങളില്‍ പറയുന്നത്. ദീർഘകാല അടിയന്തരാവസ്ഥയ്ക്ക് തയ്യാറെടുക്കണമെന്നും. മറ്റ് അവശ്യവസ്തുക്കൾക്കൊപ്പം കുറഞ്ഞത് ഒരു ആഴ്ചത്തേക്കുള്ള ഭക്ഷണവും ഉണ്ടായിരിക്കേണമെന്ന് നിര്‍ദേശങ്ങളില്‍ പറയുന്നു. വൈദ്യുതി, ജലവിതരണത്തില്‍ തടസമുണ്ടാകുമെന്നും അതിന് തയ്യാറെടുത്തിരിക്കണമെന്നും നിര്‍ദേശങ്ങളിലുണ്ട്.
A U.S. Navy F/A-18F Super Hornet flies past Mount Fuji, Japan
മൗണ്ട് ഫുജി പൊട്ടിത്തെറിക്കുകയാണെങ്കില്‍ വന്‍തോതില്‍ പുകയും ചാരവുമായിരിക്കും പുറത്തുവിടുക. അതുകൊണ്ടാണ് പ്രദേശവാസികള്‍ വീട്ടിലോ മറ്റ് ഷെൽട്ടറുകളിലോ തുടരേണ്ടിവരുമെന്ന് അധികൃതര്‍ അറിയിക്കുന്നത്. അതേസമയം 30 സെന്റീമീറ്ററിൽ (12 ഇഞ്ച്) കനത്തില്‍ ചാരം വീണടിയുകയാണെങ്കില്‍ തടി വീടുകൾ ഭാരം താങ്ങാനാകാതെ തകര്‍ന്നുവീഴാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒഴിഞ്ഞുപോകേണ്ടിവരും. ആദ്യ ഘട്ടങ്ങളില്‍ ചാരവും പുകയും വീഴുന്നത് പെട്ടെന്ന് അപകടമുണ്ടാക്കില്ല, എന്നാൽ ദീർഘനേരം ഇത് ശ്വസിക്കുന്നത് കണ്ണുകളിലും തൊണ്ടയിലും ബുദ്ധിമുട്ടുണ്ടാക്കും. ശ്വാസതടസവുമുണ്ടാകും. അതിനാലാണ് പരമാവധി വീടിനുള്ളില്‍ കഴിയാന്‍ നിര്‍ദേശിക്കുന്നത്. പ്രതിരോധശക്തി കുറവുള്ളവരും രോഗികളും മാസ്കുകൾ, കണ്ണടകൾ പോലുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിക്കണം. കനത്ത ചാരവും പുകയും ദൃശ്യപരതയെ സാരമായി ബാധിക്കുന്നതിനാൽ സ്ഫോടന സമയത്ത് ഡ്രൈവിങ് നല്ല തീരുമാനമായിരിക്കില്ലെന്നും നിര്‍ദേശങ്ങളിലുണ്ട്.
ഫുജിയില്‍ നിന്നുണ്ടാകുന്ന ചാരം എന്തുചെയ്യണമെന്നും മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി ചാരം നീക്കേണ്ടത് ആവശ്യമായിവരും. അതിനാല്‍ ചാരം താല്‍ക്കാലികമായി മാറ്റാനുള്ള സ്ഥലങ്ങള്‍ സർക്കാർ നിർണ്ണയിക്കണമെന്നാണ് വിദഗ്ദ്ധ സമിതി ശുപാർശ ചെയ്യുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഈ ചാരം ഉപയോഗിത്താം. ആവശ്യമെങ്കില്‍ ലാൻഡ്‌ഫില്ലുകളിലോ സമുദ്രത്തിലോ സംസ്കരിക്കേണ്ടിവരുമെന്നും വിദഗ്ദ സമിത പറയുന്നു. മൗണ്ട് ഫുജി സ്ഫോടനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുജന അവബോധം വർദ്ധിപ്പിക്കണമെന്നും കൂടുതൽപേര്‍ക്ക് ദുരന്തനിവാരണ മേഖലയില്‍ പരിശീലനം നല്‍കണമെന്നും വിദഗ്ദര്‍ പറയുന്നു.
മൗണ്ട് ഫുജി പൊട്ടിത്തെറിക്കുമോ?
മൗണ്ട് ഫുജിയുടെ പൊട്ടിത്തറി ആസന്നമാണെന്ന് റിപ്പോര്‍ട്ടുകളില്ലെങ്കിലും ഫുജി ഒരു സജീവ അഗ്നിപർവ്വതമാണ്. 318 വർഷങ്ങൾക്ക് മുമ്പാണ് ഫുജി അവസാനമായി പൊട്ടിത്തെറിച്ചത്. മുൻകാലങ്ങളിൽ 30 മുതൽ 40 വർഷം വരെ ഇടവേളകളിൽ 180 തവണ ഫുജി പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ മൂന്നുനൂറ്റാണ്ടായിട്ട് പൊട്ടിത്തെറിയുണ്ടായിട്ടില്ല. എങ്കിലും ഒരു സജീവ അഗ്നിപര്‍വതമായി മൗണ്ട് ഫുജി നിലനില്‍ക്കുന്നിടത്തോളം കാലം, പൊട്ടിത്തെറി ഏത് നിമിഷവും സംഭവിക്കാമെന്നതിനാൽ തയ്യാറെടുക്കണമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
ഫുജി പൊട്ടിത്തെറിച്ചാല്‍
ഫുജി പൊട്ടിത്തെറിക്കുകയാണെങ്കില്‍ 300 വർഷങ്ങൾക്ക് മുമ്പുണ്ടായ സ്ഫോടനത്തിന് സമാനമായ സ്ഫോടനമാണ് പ്രതീക്ഷിക്കുന്നത്. ടോക്കിയോയിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലും താമസിക്കുന്ന 40 ദശലക്ഷം ആളുകൾ ഉൾപ്പെടെ, ജാപ്പനീസ് ജനസംഖ്യയുടെ മൂന്നിലൊന്ന് പേരെ ദുരന്തം ബാധിച്ചേക്കാം. പൊട്ടിത്തെറിച്ചാൽ പർവതത്തിന് സമീപം താമസിക്കുന്ന 800,000 ത്തിലധികം ആളുകൾ ഒഴിഞ്ഞുപോകേണ്ടിവരും. അവരിൽ അഗ്നിപർവ്വതത്തിനോട് ഏറ്റവും അടുത്ത് താമസിക്കുന്ന 120,000 പേര്‍ക്ക് ഒഴിഞ്ഞുപോകാൻ മൂന്ന് മണിക്കൂർ മാത്രമേ ലഭിക്കുകയുള്ളൂ.
ഏകദേശം 1.7 ബില്യൺ ക്യുബിക് മീറ്റർ (60 ബില്യൺ ക്യുബിക് അടി) ചാരമായിരിക്കും സ്ഫോടനത്തില്‍ ഉത്പാദിപ്പിക്കപ്പെടുക. ഇതിൽ ഏകദേശം 490 ദശലക്ഷം ക്യുബിക് മീറ്റർ ചാരം റോഡുകളിലും കെട്ടിടങ്ങളിലും മറ്റ് ഭൂപ്രദേശങ്ങളിലും അടിഞ്ഞുകൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകാശം കറുത്ത അഗ്നിപർവ്വത ചാരത്താൽ മൂടപ്പെടും. പകൽ സമയങ്ങളിൽ പോലും നഗരപ്രദേശങ്ങൾ ഇരുട്ടിൽ മുങ്ങുമെന്നും വിദഗ്ദര്‍ പറയുന്നു. ചെറിയ അളവിൽ അഗ്നിപർവ്വത ചാരം അടിഞ്ഞുകൂടുന്നത് പോലും ഗതാഗത സംവിധാനങ്ങളെ ബാധിക്കും. മഴ പെയ്താൽ ചാരം അടിഞ്ഞുകൂടിയ റോഡുകളിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാൻ പോലും സാധിക്കില്ല. ഇത് അവശ്യവസ്തുക്കൾ ലഭിക്കുന്നതിന് തടസമാകും. ജപ്പാന്‍ നേരിടേണ്ടിവരുന്ന സാമ്പത്തിക നഷ്ടമാകട്ടെ 2.5 ട്രില്യൺ യെൻ (16.6 ബില്യൺ ഡോളർ) വരെയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
മൗണ്ട് ഫുജി
ജപ്പാനിലെ ഏറ്റവും പ്രശസ്തവും ഉയരമേറിയതുമായ പർവതമാണ് ഫുജി. 3,776.24 മീറ്റർ (12,389 അടി 3 ഇഞ്ച്) ഉയരമുണ്ട്. ഹോൺഷു ദ്വീപിലെ ഈ പർവതം ഒരു തീർഥാടനകേന്ദ്രം കൂടിയാണ്. എല്ലാ വർഷവും നിരവധി പർവതാരോഹകരും സഞ്ചാരികളും ഇവിടെയെത്താറുണ്ട്. വർഷത്തിൽ 5 മാസം മഞ്ഞിൽമൂടി കിടക്കുന്ന ഫുജി ഒരു സജീവ അഗ്നിപർവതം കൂടിയാണ്.