AI Generated Image - എഐ നിര്‍മിത പ്രതീകാത്മക ചിത്രം
കുട്ടികള്‍ ഒറ്റയ്ക്ക് കിടന്നുറങ്ങാന്‍ ഭയപ്പെടുന്നത് പതിവാണ്. കേള്‍ക്കുന്ന ഭൂതപ്രേത കഥകളും ഈ പേടിത്ത് ആക്കം കൂട്ടാറുണ്ട്. ഇത്തരത്തില്‍ കട്ടിലിനടിയില്‍ ഭൂതമുണ്ടെന്ന് പറഞ്ഞാല്‍ ഇല്ലെന്ന് ഉറപ്പുവരുത്തി കുട്ടികളെ ഉറക്കുകയാണ് പതിവ്. പക്ഷേ അത്തരത്തില്‍ ഭൂതമില്ലെന്ന് ഉറപ്പുവരുത്താന്‍ കട്ടിലിനടിയില്‍ നോക്കുമ്പോള്‍ അവിടെ ഒരു ‘ഭൂത’ത്തെ കണ്ടാലോ? എന്നാല്‍ അത്തരത്തില്‍ ഒരു വാര്‍ത്തയാണ് അമേരിക്കയില്‍ നിന്നും വരുന്നത്, പക്ഷേ കണ്ടെത്തിയത് ഭൂതത്തെ അല്ലെന്നുമാത്രം.
അമേരിക്കയിലെ കൻസാസിലാണ് സംഭവം. കട്ടിലിനടിയില്‍ ഒരു ഭൂതമുണ്ടെന്നാണ് കുട്ടി പേടിച്ച് തന്‍റെ ആയയോട് പറഞ്ഞത്. എന്നാല്‍ അത് കുട്ടിയുടെ വെറും തോന്നല്‍ മാത്രമാണെന്നാണ് ആയ കരുതിയത്. ഒടുവില്‍ അവിടെ ഒന്നും ഇല്ലെന്ന് കുട്ടിയെ വിശ്വസിപ്പിക്കാനായി കട്ടിലിന്‍റെ അടിയില്‍ പരിശോധിച്ച അവര്‍ ഞെട്ടി. 27 വയസുതോന്നിക്കുന്ന യുവാവിനെയാണ് യുവതി കട്ടിലിനടിയില്‍ കണ്ടത്. അപ്രതീക്ഷിതമായ സമയത്ത് കുട്ടിയുടെ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന അയാളെ കണ്ട യുവതി ഞെട്ടി. കുട്ടിയെ ചേര്‍ത്ത് പിടിച്ച് യുവാവിനെ കീഴടക്കാനുള്ള ശ്രമത്തിനിടയില്‍ കുട്ടിയെ തട്ടിമാറ്റി പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
യുവതി വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ഒടുവില്‍ പിറ്റേന്ന് ചൊവ്വാഴ്ച വീട് സ്ഥിതി ചെയ്യുന്ന അതേ ബ്ലോക്കിൽ നിന്ന് തന്നെ യുവാവിനെ അറസ്റ്റ് ചെയ്തു. മാർട്ടിൻ വില്ലാലോബോസ് എന്ന യുവാവാണ് അറസ്റ്റിലായത്. ഒരുകാലത്ത് ഇതേ വീട്ടില്‍ താമസിച്ചിരുന്നയാളാണ് പ്രതിയായ യുവാവ് എന്ന് പൊലീസ് പറയുന്നു. എന്നാൽ നിലവിൽ വസ്തുവില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇയാള്‍ക്കെതിരെ ഉത്തരവുണ്ട്. യുവാവ് എങ്ങിനെയാണ് വീട്ടില്‍ കടന്നുകൂടിയതെന്ന് വ്യക്തമായിട്ടില്ല. കുട്ടികളുമായോ വീട്ടില്‍ താമസിക്കുന്നവരുമായോ യുവാവിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.