AI Generated Image - എഐ നിര്‍മിത പ്രതീകാത്മക ചിത്രം
'അടിച്ചു മോളേ' എന്ന് അന്തംവിട്ട് വിളിച്ചു പറഞ്ഞുപോകുന്നത് ഇങ്ങനെയുള്ള അവസ്ഥയിലാണ്. ഉപേക്ഷിച്ച ലോട്ടറിക്ക് ഒന്നും രണ്ടുമല്ല 11 കോടിയടിക്കുമ്പോള്‍ ആര്‍ക്കായാലും സമനില തെറ്റും. അത്തരമൊരവസ്ഥയിലാണ് ബ്രിട്ടണിലെ സ്വന്‍സീയയില്‍ സ്ഥിരതാമസക്കാരനായ ഡാറെന്‍ ബര്‍ഫിറ്റ്. പതിവായി ലോട്ടറി എടുക്കുന്നത് ഡാറെന്‍ ബര്‍ഫിറ്റിന്‍റെ ശീലമാണ്. പക്ഷേ ലോട്ടറിയുടെ ഫലം നോക്കാന്‍ വല്ലാത്ത മടിയും. അങ്ങനെ ബര്‍ഫിറ്റ് വാങ്ങി കാറില്‍ ഉപേക്ഷിച്ചിട്ടിരുന്ന ലോട്ടറിക്കാണ് 11 കോടിയടിച്ചത്. വലിയ പ്രതീക്ഷയൊന്നുമില്ലാതെ ഫലം വന്ന് മാസങ്ങള്‍ക്കുശേഷം ലോട്ടറി ഫലം നോക്കിയപ്പോഴാണ് കോടീശ്വരനായ വിവരം ബര്‍ഫിറ്റ് അറയുന്നത്
ലോട്ടറി ടിക്കറ്റിന്‍റെ ഫലം പ്രഖ്യാപിച്ച് നാല് മാസങ്ങള്‍ക്കു ശേഷമാണ് ബര്‍ഫിറ്റ് തന്‍റെ കയ്യിലുണ്ടായിരുന്ന ടിക്കറ്റ് പരിശോധിച്ചത്. കാറിലെ സെന്‍ട്രല്‍ കണ്‍സോളില്‍ കുറേ ലോട്ടറി ടിക്കറ്റുകള്‍ ബര്‍ഫിറ്റ് കൂട്ടിയിട്ടിരുന്നു. അതില്‍ ചുരുട്ടിക്കൂട്ടി ഏറ്റവും മോശമായി ഇട്ടിരുന്ന ടിക്കറ്റാണ് 44കാരനായ ബര്‍ഫിറ്റിനെ കോടിപതിയാക്കിയത്. 1 മില്യണ്‍ പൗണ്ടാണ് ലോട്ടറി അടിച്ചതിലൂടെ ബര്‍ഫിറ്റിന് ലഭിക്കുക. ഏകദേശം 11.06 കോടി ഇന്ത്യന്‍ രൂപ വരുമിത്.
മകനൊപ്പം യാത്ര ചെയ്യുമ്പോഴാണ് ലോട്ടറി ടിക്കറ്റ് കാറിലുണ്ടെന്ന കാര്യം ബര്‍ഫിറ്റ് ഓര്‍ത്തത്. പിന്നെ നോക്കാം എന്നു കരുതിയിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ എന്തെങ്കിലും കൊറിക്കാനായി വേണമെന്ന് മകന്‍ പറഞ്ഞപ്പോള്‍ കാറിലെ സെന്‍ട്രല്‍ കണ്‍സോളില്‍ നിന്ന് ബര്‍ഫിറ്റ് ചിപ്സ് പാക്കറ്റ് എടുത്തു നല്‍കി. ആ കൂട്ടത്തില്‍ ലോട്ടറി ടിക്കറ്റുകളുമുണ്ടായിരുന്നു. അതിനിടെ നാഷണല്‍ ലോട്ടറി ടിക്കറ്റ് അടിച്ചയാളെ തിരയുന്നു എന്ന വാര്‍ത്ത ബര്‍ഫിറ്റും അറിഞ്ഞിരുന്നു. എങ്കില്‍ കയ്യിലുള്ള ലോട്ടറികള്‍ നോക്കിക്കളയാം എന്ന് തീരുമാനിച്ചു.
‘കാറിലാണെങ്കില്‍ ടിക്കറ്റ് സുരക്ഷിതമായിരിക്കുമല്ലോ എന്ന് കരുതിയാണ് വച്ചത്. പക്ഷേ കൃത്യമായി അത് പരിശോധിക്കാറൊന്നുമില്ല. ടിക്കറ്റുകള്‍ കയ്യില്‍ കിട്ടിയപ്പോള്‍ ഫലം നോക്കി. കൂട്ടത്തില്‍ ഏറ്റവും മുഷിഞ്ഞിരുന്ന ടിക്കറ്റ് അവസാനം നോക്കാമെന്ന് പറഞ്ഞ് മാറ്റി വച്ചു. ഓരോ ടിക്കറ്റുകള്‍ വീതം എടുത്ത് നാഷണല്‍ ലോട്ടറി ആപ്പില്‍ ഫലം സ്കാന്‍ ചെയ്ത് നോക്കി. അവസാനം ആ മുഷിഞ്ഞ ടിക്കറ്റ് സ്കാന്‍ ചെയ്തപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി’ എന്നാണ് ബര്‍ഫിറ്റ് പറഞ്ഞത്.
ഇപ്പോഴും ഇത്രയും പണം എനിക്ക് ലോട്ടറി അടിച്ചുകിട്ടി എന്ന് വിശ്വസിക്കാനായിട്ടില്ല എന്നാണ് ബര്‍ഫിറ്റ് പറയുന്നത്. ചുരുട്ടിയെറിഞ്ഞ ടിക്കറ്റല്ലേ, അത് സ്കാന്‍ ചെയ്താല്‍ ചിലപ്പോള്‍ ഫലമറിയാന്‍ സാധിക്കില്ലായിരിക്കും എന്നു കരുതിയാണ് അവസാനം നോക്കാമെന്നോര്‍ത്ത് മാറ്റിവച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാങ്ലാന്‍റ് ബേ ഗോള്‍ഫ് ക്ലബ്ബിലെ ഗ്രീന്‍ കീപ്പറാണ് ബര്‍ഫിറ്റ്.