ഇന്ത്യന്‍ വിദ്യാര്‍ഥികളുള്‍പ്പെടെ അമേരിക്കയില്‍ പഠിക്കുന്ന രാജ്യാന്തര വിദ്യാര്‍ഥികളുടെ വീസ റദ്ദാക്കലും നാടുകടത്തലും വിവാദമായിരിക്കെ പ്രതികരണവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. അമേരിക്കയില്‍ വിദ്യാര്‍ഥി വീസയില്‍ പഠനത്തിനായി എത്തുന്നവര്‍ അവരുടെ വീസയുടെ നിബന്ധനകൾ പാലിക്കാന്‍ തയ്യാറാകണമെന്ന് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. ‘ഞങ്ങൾ നിങ്ങൾക്ക് പഠിക്കാന്‍ വീസ നൽകിയിട്ട് ഇഷ്ടമുള്ളത് ചെയ്യാന്‍ നിങ്ങള്‍ തീരുമാനിക്കുകയാണെങ്കിൽ, ഞങ്ങൾ അത് പിൻവലിക്കാൻ പോകുന്നു’ മാർക്കോ റൂബിയോ പറഞ്ഞു.
സ്റ്റുഡന്റ് വീസയുടെ നിബന്ധനകള്‍ ലംഘിക്കുകയും പരിധിക്ക് പുറത്തുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകയും ചെയ്തു എന്നാരോപിട്ട് തുർക്കി വിദ്യാർഥിനിയായ റുമേസ ഓസ്‌ടർക്കിന്‍റെ വീസ റദ്ദാക്കിയതിനെ തുടര്‍ന്നുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞങ്ങളുടെ യൂണിവേഴ്സിറ്റി കാമ്പസുകളെ തകര്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കല്ല, പഠിക്കാനും ബിരുദം നേടാനുമാണ് ഞങ്ങൾ നിങ്ങൾക്ക് വീസ നൽകിയത്, അത് ലംഘിച്ചതിനാല്‍ അവരുടെ വീസ ഞങ്ങള്‍ റദ്ദാക്കി’ യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.
ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ഡോക്ടറൽ വിദ്യാർഥിനിയായ റുമെയ്സ ഓസ്ടർക്കിനെ ചൊവ്വാഴ്ച രാത്രിയാണ് മസാച്യുസെറ്റ്സിലെ സോമർവില്ലില്‍ കാമ്പസിന് പുറത്തുള്ള അവരുടെ അപ്പാർട്ട്മെന്റിന് മുന്നില്‍വച്ച് ഫെഡറൽ ഏജന്റുമാർ അറസ്റ്റ് ചെയ്യുന്നത്. 27 വയസുകാരി റുമെയ്സ കസ്റ്റഡിയിലെടുക്കുമ്പോള്‍ നോമ്പ് തുറക്കാൻ പോകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. റുമെയ്സയെ ഇതുവരെ ബന്ധപ്പെടാനായിട്ടില്ല എന്നാണ് അഭിഭാഷകയായ മഹ്‌സ ഖാൻബാബായിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളിൽ റുമെയ്സ ഏര്‍പ്പെട്ടു, അതാണ് വീസ റദ്ദാക്കാന്‍ കാരണം എന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി വക്താവില്‍ നിന്ന് ലഭിക്കുന്ന വിവരം. റുമെയ്സയെ അനധികൃതമായി തടങ്കലില്‍ വച്ചിരിക്കുന്നതിനെതിരെ കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. സംഭവം ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന രാജ്യാന്തര വിദ്യാര്‍ഥികള്‍ക്കിയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയ്ക്ക് അറസ്റ്റിനെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് വിവരം.