പാരിസ് ക്രിമിനല്‍ കോടതിയില്‍ നിന്ന് ഇറങ്ങിപ്പോകുന്ന മരീന്‍ ലെ പെന്‍
പണം തിരിമറിക്കേസില്‍ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഫ്രഞ്ച് പ്രതിപക്ഷനേതാവ് മരിയെ ലെ പെന്നിന് നാലുവര്‍ഷം തിരഞ്ഞെടുപ്പ് വിലക്ക്. 2027ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍അവര്‍ക്ക് മല്‍സരിക്കാനാവില്ല. യൂറോപ്യന്‍ പാര്‍ലമെന്‍റിന്‍റെ പണം സ്വന്തം പാര്‍ട്ടിക്കാര്‍ക്കും സ്റ്റാഫിനും ശമ്പളം നല്‍കാനുപയോഗിച്ച കേസില്‍ കോടതി ലെ പെന്നിന് നാലുവര്‍ഷം തടവുശിക്ഷ വിധിച്ചു. ഒരുലക്ഷം യൂറോ പിഴയും അടയ്ക്കണം.
പാരിസ് ക്രിമിനല്‍ കോടതി ജഡ‍്ജി ബെനഡിക്ട് ദെ പെര്‍ത്തൂയിസിന്‍റേതാണ് വിധി. ലെ പെന്‍ 474,000 യൂറോയുടെ തിരിമറി നടത്തിയെന്ന് കോടതി കണ്ടെത്തി. മരീന്‍ ലെ പെന്‍ നയിക്കുന്ന നാഷണല്‍ റാലി പാര്‍ട്ടിയുടെ ഒന്‍പത് യൂറോപ്യന്‍ പാര്‍ലമെന്‍റംഗങ്ങളും ഇവരുടെ 12 സ്റ്റാഫംഗങ്ങളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ഇവരെല്ലാം ചേര്‍ന്ന് 3 ദശലക്ഷം യൂറോ അഥവാ 27.76 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദം.
പണംതിരിമറിക്കേസ്: 2004നും 2017നുമിടയില്‍ യൂറോപ്യന്‍ പാര്‍ലമെന്‍റംഗമെന്ന നിലയില്‍ സഹായികളെയും സ്റ്റാഫിനെയും നിയമിക്കാന്‍ ലഭിച്ച പണം സ്വന്തം പാര്‍ട്ടി ഭാരവാഹികള്‍ക്കും അംഗരക്ഷകന്‍ ഉള്‍പ്പെടെയുള്ള പഴ്സണല്‍ സ്റ്റാഫിനും ശമ്പളം നല്‍കാന്‍ മരീന്‍ ലെ പെന്നും 9 നാഷണല്‍ റാലി പാര്‍ട്ടി എംഇപിമാരും (മെമ്പര്‍ ഓഫ് യൂറോപ്യന്‍ പാര്‍ലമെന്‍റ്) ഉപയോഗിച്ചതാണ് കേസ്. ആസൂത്രിതമായാണ് പണം തിരിമറി നടത്തിയത്. നാഷണല്‍ റാലി പാര്‍ട്ടിക്കുള്ളില്‍ ഇതിനായി പ്രത്യേക സംവിധാനം തന്നെ പ്രവര്‍ത്തിച്ചിരുന്നു.
മരീന്‍ ലെ പെന്‍ ഫ്രഞ്ച് പാര്‍ലമെന്‍റ് സമ്മേളനത്തിനിടെ (ഫയല്‍ ചിത്രം)
പാര്‍ലമെന്‍റംഗത്തിന്‍റെ സഹായി (അസിസ്റ്റന്‍റ്) എന്ന ലേബലില്‍ ആളുകളെ റിക്രൂട്ട് ചെയ്യും. അവരെക്കൊണ്ട് പാര്‍ട്ടിയുടെ ജോലികള്‍ മാത്രമാണ് ചെയ്യിച്ചിരുന്നത്. ഈ അസിസ്റ്റന്‍റുമാരെ നിശ്ചിത ഇടവേളകളില്‍ ഒരു എംപിയുടെ സ്റ്റാഫില്‍ നിന്ന് മറ്റൊരു എംപിയുടെ സ്റ്റാഫിലേക്ക് മാറ്റി നിലനിര്‍ത്തുകയും ചെയ്യും. ഈ രീതിയില്‍ യൂറോപ്യന്‍ പാര്‍ലമെന്‍റ് നല്‍കിയ 27.76 കോടി രൂപ ദുരുപയോഗം ചെയ്തു. പാര്‍ട്ടിയോ എംപിമാര്‍ സ്വന്തം നിലയ്ക്കോ ചെലവാക്കേണ്ടിയിരുന്ന പണമാണ് യൂറോപ്യന്‍ പാര്‍ലമെന്‍റിന്‍റെ ഫണ്ടില്‍ നിന്നെടുത്തത്.