ഗിബ്ലി ചിത്രങ്ങളുടെ ട്രെന്‍ഡിലാണ് സോഷ്യല്‍ മീഡിയ. ഇന്‍സ്റ്റാഗ്രാമില്‍ മുകളിലോട്ടും താഴോട്ടും സ്ക്രോള്‍ ചെയ്താല്‍ ഗിബ്ലി എഫെക്ടിലുണ്ടാക്കിയ ചിത്രങ്ങള്‍ മാത്രം. എല്ലാ ട്രെന്‍ഡുകളെപ്പോലെ ഉടന്‍ അവസാനിക്കുമെങ്കിലും സാധാരണ ട്രെന്‍ഡുകള്‍ അധികമാര്‍ക്കും ബുദ്ധിമുട്ടാകാറില്ല. എന്നാല്‍ ഗിബ്ലി ട്രെന്‍ഡ് അങ്ങിനെയല്ല. ഓരോ തവണ നമ്മള്‍ ഒരു ഗിബ്ലി ഇമേജ് എഡിറ്റ് ചെയ്യുമ്പോഴും വേദനിക്കുന്ന ഒരാളുണ്ട്. ഗിബ്ലി സ്റ്റുഡിയോസിന്‍റെ സ്ഥാപകനും അനിമേറ്ററും ഫിലിംമേക്കറുമായ മിയസാക്കി ഹയാവോ ആണത്. ലോകത്തിലെ ഏറ്റവും മികച്ച അനിമേഷന്‍ സിനിമയെന്ന് കരുതപ്പെടുന്ന സ്പിരിറ്റഡ് എവേ അതുപോലെ പ്രിന്‍സസ് മോണോനോക്കെ, കിക്കീസ് ഡെലിവറി സര്‍വീസ് അടക്കം നിരവധി അനിമേഷന്‍ സിനിമകളുടെ സ്രഷ്ടാവ് ആണ് ഹയാവോ.
എഐയുടെ സഹായത്തോടെ മനുഷ്യനിര്‍മിത ചിത്രശൈലീ രീതികള്‍ പിന്തുടര്‍ന്ന് പുതിയ ചിത്രങ്ങള്‍ ഉണ്ടാക്കുന്ന രീതി പുറത്തിറങ്ങിയിട്ട് വര്‍ഷങ്ങളായി. 2016ല്‍ ഒരു കൂട്ടം ആനിമേറ്റേര്‍മാര്‍ എഐ ഉപയോഗിച്ച് ചിത്രങ്ങളും അനിമേഷനുമുണ്ടാക്കുന്ന സാങ്കേതികവിദ്യ മിയസാക്കിക്ക് കാണിച്ചുകൊടുക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഗിബ്ലി സ്റ്റൈലിനെ വിമര്‍ശിച്ച് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. 'ജീവനെ അപമാനിക്കുന്നത് പോലെ തോന്നുന്നു ഇത് കണ്ട്' എന്നാണ് സാങ്കേതിക വിദ്യ കണ്ട മിയാസാക്കി പറയുന്നത്. ദൃശ്യങ്ങള്‍ കണ്ട ശേഷം കുപിതനാകുന്ന മിയസാക്കി ഇത് തന്‍റെ സിനിമകളില്‍ ഉപയോഗിക്കില്ലെന്നും ലോകം അവസാനിക്കാറായെന്നും മനുഷ്യന്‍ സ്വന്തം കഴിവുകളെ വിശ്വസിക്കാതായി തുടങ്ങിയിരിക്കുന്നുവെന്നും കൂട്ടിച്ചേര്‍ക്കുന്നു.
ഗിബ്ലി ചിത്രങ്ങള്‍ ഉണ്ടാക്കിനല്‍കുന്നതില്‍ ഓപ്പണ്‍ എഐക്കെതിരെ സ്റ്റുഡിയോ ഗിബ്ലി നിയമനടപടികള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗിബ്ലി ചിത്രങ്ങള്‍ ഉണ്ടാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ കാംപെയിനുകളും ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. കലാകാരന്‍റെ കഴിവിനെ അപമാനിക്കുകയാണ് എഐ ചെയ്യുന്നതെന്നാണ് വിമര്‍ശനം. പകര്‍പ്പാവകാശ നിയമങ്ങള്‍ പ്രകാരം ഓപ്പണ്‍ എഐ പ്രത്യക്ഷത്തില്‍ നിയമലംഘനം നടത്തുന്നില്ലെങ്കിലും ഒരു കലാകാരന്‍റെ സര്‍ഗാത്മകതയും ശൈലിയും പകര്‍ത്തുന്നത് നിയമനടപടിക്ക് വിധേയമാക്കാവുന്ന കുറ്റമാണ്. മാത്രമല്ല ഗിബ്ലി എന്ന പേര് തങ്ങളുടെ എഫക്ടില്‍ ചേര്‍ത്തതോടെ മറ്റ് തരത്തിലുള്ള നിയമനടപടികളും ഓപ്പണ്‍ എഐ നേരിട്ടേക്കാം. ഗിബ്ലിഫിക്കേഷന്‍ എഫക്ട് ഉപയോഗിച്ച് ചിത്രങ്ങള്‍ നിര്‍മിച്ചവര്‍ക്കെതിരെ നിയമനടപടിയുണ്ടാകുമോ എന്നത് നിലനില്‍ക്കുന്ന ചോദ്യമാണ്.