taiwan-lovers-ashes

ബന്ധം അവസാനിപ്പിച്ച് പോയ കാമുകിയെ മടക്കിക്കൊണ്ടു വരുന്നതിനായി കാമുകിയുടെ പിതാവിന്‍റെ ചിതാഭസ്മം മോഷ്ടിച്ച് കാമുകന്‍. തയ്​വാനിലെ കോഴിക്കര്‍ഷകനായ ലൂ എന്ന 57കാരനാണ് താങ് എന്ന 48കാരി കാമുകി മടങ്ങി വരാന്‍ ഈ കടുംകൈ ചെയ്തതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

15 വര്‍ഷം ഒന്നിച്ച് ജീവിച്ച ശേഷം 2023ലാണ് താങ് ബന്ധം അവസാനിപ്പിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. ഭാരിച്ച സാമ്പത്തിക ബാധ്യതയില്‍ നിന്ന് കരകയറാന്‍ ലൂവിന് കഴിയാത്തതിനെ തുടര്‍ന്നാണ് തനിക്ക് സഹിച്ച് മതിയായെന്ന് പറഞ്ഞ് താങ് മടങ്ങിയത്. ലൂവുമായുള്ള എല്ലാ ബന്ധവും താങ് അവസാനിപ്പിക്കുകയും ചെയ്തു.

 പ്രണയബന്ധം താങ് അവസാനിപ്പിച്ചത് അംഗീകരിക്കാന്‍ കഴിയാതിരുന്ന ലൂവ് , താങ്ങിനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. താങിന്‍റെ നാട്ടിലെത്തി പിതാവിന്‍റെ ശവകുടീരത്തില്‍ നിന്നും ചിതാഭസ്മം മോഷ്ടിക്കുമെന്നായി പിന്നീട് ഭീഷണി. പിതാവിനോട് അഗാധമായ സ്നേഹമുള്ള താങിനെ അങ്ങനെ മടക്കിക്കൊണ്ട് വരാമെന്നായിരുന്നു ലൂവിന്‍റെ കണക്കുകൂട്ടല്‍. ആസൂത്രണത്തിനൊടുവില്‍ ലൂവ് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ചിതാഭസ്മം മോഷ്ടിച്ച് കടത്തി. 

നാലുമാസം കഴിഞ്ഞ് ഡിസംബറില്‍ ലൂവ് വീണ്ടും താങിന്‍റെ വീടിന് പുറത്തെത്തി, പിതാവിന്‍റെ ചിത്രം വച്ചു. അപ്പോഴും ചിതാഭസ്മം മോഷ്ടിക്കപ്പെട്ട വിവരം താങ് അറിഞ്ഞിരുന്നില്ല. ഫെബ്രുവരി 14ന് വാലന്‍റൈന്‍സ് ദിനത്തില്‍ താങിനെ തേടി ഒരു ഭീഷണിക്കത്ത് എത്തി. ഇതിനൊപ്പം പിതാവിന്‍റെ ചിതാഭസ്മത്തിന്‍റെ ചിത്രം ലൂവ് വച്ചു. മടങ്ങി വീട്ടിലെത്തിയില്ലെങ്കില്‍ ഇനിയൊരിക്കലും ചിതാഭസ്മം കാണില്ലെന്നായിരുന്നു ഭീഷണി. ഇതോടെ താങ് പൊലീസില്‍ പരാതി നല്‍കി. അധികൃതര്‍ ശവകുടീരത്തിലെത്തി പരിശോധിച്ചതോടെ ചിതാഭസ്മം മോഷ്ടിക്കപ്പെട്ടതായി കണ്ടു. 

ഇക്കാലത്തിനിടെ മോഷണക്കുറ്റത്തിനും സാമ്പത്തിക ക്രമക്കേടിനും പിടിയിലായ ലൂവ് ജയിലിലുമായി. അക്കൂട്ടത്തില്‍ ചിതാഭസ്മക്കേസും പൊലീസ് അന്വേഷിച്ചു. താന്‍ ചിതാഭസ്മം മോഷ്ടിച്ചിട്ടില്ലെന്നായിരുന്നു ലൂവിന്‍റെ വാദം. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ ലൂവിനെ കൈവിട്ടതോടെ ഈ കേസിലും പിടിവീണു. ലൂവിന്‍റെ കോഴിഫാമിന് പിന്നില്‍ നിന്നും ഒളിപ്പിച്ച നിലയില്‍ ചിതാഭസ്മം പൊലീസ് കണ്ടെടുക്കുകയായിരുന്നു. നിലവില്‍ ഇതിനുള്ള ശിക്ഷ അനുഭവിക്കുകയാണ് ലൂവ്.

ENGLISH SUMMARY:

A man stole the ashes of his ex-girlfriend's father to bring her back. The 57-year-old Taiwanese farmer, Lu, resorted to this extreme measure to win back his ex-girlfriend, Tang, 48, after their 15-year relationship ended.