മങ്കിപോക്സ് ലോകവ്യാപകമാകുന്ന സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് മങ്കിപോക്സില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. റിപ്പബ്ലിക് ഓഫ് കോംഗോയില്‍ പൊട്ടിപ്പുറപ്പെട്ട മങ്കിപോക്സ് അതിവേഗം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് ജാഗ്രതാ നിര്‍ദേശവും അടിയന്തരാവസ്ഥയും ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്.
എന്താണ് മങ്കിപോക്സ്? ലക്ഷണങ്ങള്‍..
1958 ലാണ് ആദ്യമായി മങ്കിപോക്സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കുരങ്ങനിലായതിനാല്‍ ആ പേരില്‍ രോഗം അറിയപ്പെടുകയായിരുന്നു. വൈറസ് ബാധിച്ച കുരങ്ങ്, അണ്ണാന്‍, എലി പോലെയുള്ള ജീവികളില്‍ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പകര്‍ന്നത്. പനി, തലവേദന, ശരീരം വേദന, ശരീരത്തില്‍ കുമിളകള്‍ പൊന്തുക, എന്നിവയാണ് പ്രധാന ലക്ഷണം. ചിക്കന്‍പോക്സിന് സമാനമായ പഴുപ്പും വെള്ളവും നിറഞ്ഞ കുമിളകളാകും ശരീരത്തില്‍ പ്രത്യക്ഷപ്പെടുക. രോഗം ബാധിച്ചവരുമായി അടുത്തിടപഴകുന്നതോടെയാണ് മങ്കിപോക്സ് പിടിപെടുന്നത്. സാധാരണയായി വലിയ പ്രശ്നമുണ്ടാക്കില്ലെങ്കിലും ചിലരില്‍ രോഗം മരണകാരണമായേക്കാം. വൈറസ് ബാധിച്ചാല്‍ 5 മുതല്‍ 21 വരെയുള്ള ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പുറത്തുവരും. രണ്ട് മൂന്നാഴ്ചയ്ക്കുള്ളില്‍ സാധാരണയായി രോഗി സുഖം പ്രാപിക്കാറുണ്ട്.
ക്ലേഡ് 1 എന്ന വകഭേദമാണ് ആദ്യമുണ്ടായിരുന്നത്. ക്ലേഡ് 2 വകഭേദമാണ് നിലവില്‍ കോംഗോയില്‍ പടരുന്നതെന്നും ഈ വകഭേദം അതിവേഗം പടരുന്നതാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ലൈംഗിക ബന്ധമുള്‍പ്പടെ, പതിവ് സമ്പര്‍ക്കത്തിലൂടെയെല്ലാം രോഗം പകര്‍ന്നേക്കാം. കോംഗോയില്‍ നിന്നും ബറുണ്ടി, കെനിയ, റുവാണ്ട, യുഗാണ്ട എന്നിവിടങ്ങളിലേക്ക് അതിവേഗം വൈറസെത്തി. തുടര്‍ന്നാണ് രോഗവ്യാപനം ചെറുക്കാന്‍ ആഗോള കൂട്ടായ്മ ആവശ്യമാണെന്നും കരുതല്‍ വേണമെന്നും ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. ജനങ്ങളുടെ ജീവന്‍ കാക്കണമെന്നും അതിനായി സാധ്യമായതെല്ലാം ചെയ്യണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്റോസ് അഡ്നോം ഗെബ്രേയസ് പറഞ്ഞു.
വേണം ജാഗ്രത
ഈ വര്‍ഷം ഇതുവരെ 17,000 മങ്കിപോക്സ് കേസുകളാണ് ആഫ്രിക്കയില്‍ സ്ഥിരീകരിച്ചത്. ഇതില്‍ 517 പേര്‍ മരിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണത്തില്‍ 160 ശതമാനം വര്‍ധനവ് ഉണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 13 രാജ്യങ്ങളിലാണ് നിലവില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
2022ല്‍ ക്ലാഡ് 2B എന്ന വകഭേദം പൊട്ടിപ്പുറപ്പെട്ടിരുന്നു. സ്വവര്‍ഗരതിക്കാരായ പുരുഷന്‍മാരിലാണ് ഈ വൈറസ് വകഭേദം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് ആദ്യമായി മങ്കിപോക്സില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇത് 10 മാസങ്ങള്‍ക്ക് ശേഷമാണ് പിന്‍വലിച്ചത്.