TOPICS COVERED

വിദേശത്തു നിന്നെത്തി .ഇപ്പോള്‍ ശക്തമായ പനി. കോവിഡ് കാലത്തേതുപോലെ  ചുറ്റവട്ടത്തുള്ളവര്‍ നെറ്റിചുളിക്കുകയും അകലം പാലിക്കുകയും ചെയ്യുന്നത് മറ്റൊരു പകര്‍ച്ചവ്യാധി ഭയന്നാണ് . മങ്കി പോക്സ് എന്ന എംപോക്സ് . കുരങ്ങുവസൂരിയെന്നും വിളിക്കാം. വിദേശത്തു നിന്നെത്തിയ യുവാവിന് രോഗം സ്ഥീരികരിച്ചതോടെ കുരങ്ങുവസൂരി പ്രതിരോധം   ആരോഗ്യമേഖലയില്‍  സജീവ ചര്‍ച്ചാവഷയമാണ്

എന്താണ് മങ്കി പോക്സ്?

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് കുരങ്ങ് വസൂരി അഥവാ മങ്കി പോക്സ്. സ്‌മോള്‍ പോക്‌സ് അഥവാ വസൂരിയുടെ രോഗാണുവിനെപ്പോലെ തന്നെ പോക്‌സ് വൈറസ് കുടുംബത്തില്‍പെട്ട ഓര്‍ത്തോ പോക്‌സാണ് മങ്കി പോക്‌സിന് കാരണം. എണ്‍പതുകളുടെ അവസാനം നിര്‍മാര്‍ജനം ചെയ്യപ്പെട്ട വസൂരിയുടെ ലക്ഷണങ്ങളുമായി മങ്കി പോക്‌സിന് സമാനതകള്‍ ഏറെയാണ്. എന്നാല്‍ രോഗ തീവ്രതയും മരണനിരക്കും വസൂരിയെ അപേക്ഷിച്ച് കുറവാണ് എന്നത് ആശ്വാസകരം.

രണ്ട് ജനിതക ശ്രേണികളുള്ള മങ്കി പോക്‌സ് വൈറസുകളാണുള്ളത്. മധ്യ ആഫ്രിക്കന്‍ അഥവാ കോംഗോ ബേസിന്‍  വൈറസും പടിഞ്ഞാറന്‍ ആഫ്രിക്കന്‍ മങ്കി പോക്‌സ് വൈറസും. ഇതില്‍ മധ്യ ആഫ്രിക്കന്‍ ഇനമാണ് കൂടുതലായി കണ്ടുവരുന്നത് കൂടാതെ മനുഷ്യനിലേക്ക് വ്യാപിക്കാനുള്ള സാധ്യതയും ഇതിന് കൂടുതലാണ്. മധ്യ പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ വര്‍ഷം മെയ് മാസം മുതല്‍ ഇംഗ്ലണ്ട്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, കാനഡ എന്നിവിടങ്ങളില്‍ നിന്നും വ്യാപകമായി കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രോഗ ലക്ഷണങ്ങള്‍ എന്തൊക്കെ?

സാധാരണഗതിയില്‍ കുരങ്ങ് വസൂരിയുടെ ഇന്‍ക്യൂബേഷന്‍ കാലയളവ് ആറ് മുതല്‍ 13 ദിവസം വരെയാണ്. എന്നാല്‍ ചില സമയത്ത് ഇത് അഞ്ച് മുതല്‍ 21 ദിവസം വരെയാകാം. ലക്ഷണങ്ങള്‍ രണ്ട് മുതല്‍ നാല് ആഴ്ച വരെ നീണ്ടു നില്‍ക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്.

പനി, ശക്തമായ തലവേദന, നടുവേദന, പേശീ വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതലായി കുമിളകള്‍ കാണപ്പെടുക. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും കുമിളകള്‍ വന്നേക്കാം.

രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ചാണ് രോഗം ഗുരുതരമാകാനുള്ള സാധ്യത. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമായി കണ്ടുവരാറുള്ളത്. അണുബാധകള്‍, ബ്രോങ്കോ ന്യുമോണിയ, സെപ്സിസ്, എന്‍സെഫലൈറ്റിസ്, കോര്‍ണിയയിലെ അണുബാധ എന്നിവയും തുടര്‍ന്നുള്ള കാഴ്ച നഷ്ടവും തുടങ്ങിയവയാണ് രോഗത്തിന്‍റെ സങ്കീര്‍ണതകള്‍

പകര്‍ച്ചാ രീതി

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗം പടരാം. അണ്ണാന്‍, എലി വര്‍ഗത്തില്‍പെട്ട ജീവികള്‍, കുരങ്ങുകള്‍ രോഗവാഹകരാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ മങ്കി പോക്സ് വൈറസിനെ ശരീരത്തില്‍ സൂക്ഷിച്ച് വെക്കുകയും രോഗം പടര്‍ത്തുകയും ചെയ്യുന്ന ജീവികളെ കണ്ടെത്താനുള്ള വിശദമായ പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ.

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തത്തില്‍ നിന്നും ശരീരസ്രവങ്ങളില്‍ നിന്നും അവയുടെ തൊലിപ്പുറമേയുള്ള പാടുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് വഴിയും മനുഷ്യരിലേക്ക് രോഗം പടരാനുള്ള സാധ്യതയുണ്ട്. രോഗ വാഹകരായ മൃഗങ്ങളുടെ മാംസം ശരിയായി വേവിക്കാതെ കഴിക്കുന്നതും  രോഗം പടരാന്‍ കാരണമാകുന്നു. രോഗികള്‍ ഉപയോഗിച്ച കിടക്ക പുതപ്പ്, ടവല്‍ എന്നിവ ഉപയോഗിക്കുന്നതിലൂടെയും രോഗ വ്യാപനത്തിന് സാധ്യത കൂടുതലാണ്. അമ്മയില്‍ നിന്ന് കുഞ്ഞിലേക്കും രോഗം പടരാം.

എങ്ങനെ പരിശോധിക്കാം

പിസിആര്‍ പരിശോധന സാധ്യമാകുന്ന ഏത് ലബോറട്ടറിയിലും മങ്കി പോക്സ് പരിശോധിക്കാം. പൊട്ടിയൊലിക്കുന്ന സ്രവം, രക്തം, മൂത്രം തുടങ്ങിയ സാംപിള്‍ ഉപയോഗിച്ചാണ് പരിശോധന നടത്തുക. പോസറ്റീവാകുന്ന എല്ലാ സാംമ്പിളുകളും പൂനെയിലെ വൈറോളജി ഇന്‍സ്റ്റിട്ട്യൂട്ടിലേയ്ക്ക് അയ്ക്കും

ചികിത്സ

വൈറല്‍ രോഗമായതിനാല്‍ മങ്കി പോക്സിന് പ്രത്യേക രീതിയിലുള്ള ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിനും, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും മങ്കി പോക്സിന്‍റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. മങ്കി പോക്സിന് വാക്‌സിനേഷന്‍ നിലവിലുണ്ട്

 പ്രതിരോധമാര്‍ഗങ്ങള്‍

  • ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണം പ്രകടമാകുമ്പോള്‍ തന്നെ അടുത്തുള്ള ആശുപത്രിയുമായി ബന്ധപ്പെടുക.
  • രോഗലക്ഷണം കാണിക്കുന്നവരുമായി ശാരീരിക അകലം പാലിക്കുക.
  • കുരങ്ങുകളുമായോ മറ്റ് വന്യ മൃഗങ്ങളുമായി സമ്പര്‍ക്കമുണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക
  • ഏതെങ്കിലും സാഹചര്യത്തില്‍ മൃഗങ്ങളുടെ കടിയോ മാന്തോ ഏല്‍ക്കാനിടയായാല്‍ ഇടന്‍ തന്നെ സോപ്പും വെള്ളവുമുപപയോഗിച്ച് വൃത്തിയാക്കുക
  • മാംസാഹാരം നല്ല പോലെ വേവിച്ച് മാത്രം കഴിക്കുക
  • അസുഖമുള്ള മൃഗങ്ങളെ പരിപാലിക്കുമ്പാള്‍ കൂടുതല്‍ ശ്രദ്ധപാലിക്കുക
ENGLISH SUMMARY:

Mpox is an infectious viral disease that can occur in humans and other animals. Symptoms include a rash that forms blisters and then crusts over, fever, and swollen lymph nodes