തനിക്ക്  അറ്റെന്‍ഷന്‍ ഡെഫിസിറ്റ്‌ ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോമുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം ആലിയ ഭട്ട് .അടുത്തിടെ ഒരു മനഃശാസ്ത്ര പരിശോധന നടത്തിയെന്നും അപ്പോഴാണ് എഡിഎച്ച്ഡി സ്ഥിരീകരിച്ചതെന്നും ആലിയ പറഞ്ഞു. പുതിയ ചിത്രമായ ജിഗ്‌രയുടെ റിലീസിന് പിന്നാലെ ദി ലാലൻടോപിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് എഡിഎച്ച്ഡി ഉള്ള കാര്യം ആലിയ തുറന്നു പറഞ്ഞത്.

‘കുട്ടിക്കാലം മുതല്‍ക്കുതന്നെ തനിക്ക് ഈ അവസ്ഥയുണ്ട്. ചെയ്യുന്ന കാര്യങ്ങളിലൊന്നും അധിക നേരം ശ്രദ്ധിക്കാനാവില്ല. ക്ലാസിലിരിക്കുമ്പോഴും  സുഹൃത്തുക്കളോട് സംസാരിക്കുമ്പോഴുമെല്ലാം  ജാഗ്രത നഷ്ടമാകും. പെട്ടെന്ന് മനസ് മറ്റെന്തിലേക്കെങ്കിലും തെന്നിമാറും’. അടുത്തിടെ  നടത്തിയ പരിശോധനയില്‍ എഡിഎച്ച്ഡിയാണെന്ന് ബോധ്യപ്പെട്ടെന്നും ആലിയ പറഞ്ഞു.

പല കാര്യങ്ങളിലും തനിക്ക് വളരെ പെട്ടെന്ന് തന്നെ താൽപര്യം നഷ്ടപ്പെടും. ക്യാമറയെ അഭിമുഖീകരിക്കുമ്പോള്‍ മാത്രമാണ് ഇതിലൊരു മാറ്റമുള്ളത്.അത് വളരെ ആശ്വാസകരമാണ്.മകള്‍ റാഹ ജനിച്ച ശേഷം വലിയ വ്യത്യാസമുണ്ട്. അവള്‍ക്കൊപ്പമിരിക്കുമ്പോഴെല്ലാം ഈ അവസ്ഥയെ അതിജീവിക്കാനാകും. ആ നിമിഷങ്ങളിൽ എനിക്ക് വലിയ സമാധാനമുണ്ടാകാറുണ്ടെന്നു ആലിയ കൂട്ടിച്ചേര്‍ത്തു.

നേരത്തെ നടൻ ഫഹദ് ഫാസിലും ഷൈന്‍ടോം ചാക്കോയും   എഡിഎച്ച്ഡിയുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. കുട്ടിക്കാലത്ത് തന്നെ എഡിഎച്ച്ഡി കണ്ടെത്തിയാൽ ചികിത്സിച്ച് മാറ്റാമെന്നും എന്നാൽ തനിക്ക് 41ാം വയസ്സിൽ കണ്ടെത്തിയതിനാൽ ഇനി  മാറാനുള്ള സാധ്യതയില്ലെന്നുമായിരുന്നു ഫഹദ് ഫാസിൽ പറഞ്ഞത്. 

തനിക്ക് എഡിഎച്ച്ഡി രോഗമുണ്ടെന്നും  അത് നല്ല അനുഭവമാണെന്നുമായിരുന്നു ഷൈനിന്‍റെ പ്രതികരണം.

എന്താണ് എഡിഎച്ച്ഡി? 

നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു തകരാറാണ്‌ അറ്റെന്‍ഷന്‍ ഡെഫിസിറ്റ്‌ ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം അഥവാ എഡിഎച്ച്‌ഡി. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാകാതെ വരുന്ന 'ഇന്‍അറ്റന്‍ഷന്‍',ക്ഷമയില്ലാതെ എടുത്ത്‌ ചാടി പ്രവര്‍ത്തിക്കുന്ന 'ഇംപള്‍സിവിറ്റി', അടങ്ങിയിരിക്കാതെ ഓടി നടക്കുന്ന 'ഹൈപ്പര്‍ ആക്ടിവിറ്റി' എന്നിവയാണ്‌ എഡിഎച്ച്‌ഡിയുടെ പ്രധാന ലക്ഷണങ്ങള്‍.സാധാരണ കുട്ടികളിലാണ് എഡിഎച്ച്ഡി കണ്ടുവരുക. അപൂര്‍വമായി മുതിര്‍ന്നവരിലും ഈ രോഗാവസ്ഥ കാണാം.

ഒന്നിലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുക,പെട്ടെന്ന് അസ്വസ്ഥനാകുക, പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനോ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനോ കഴിയാതെ വരിക, വളരെ പെട്ടെന്നു ബോറടിക്കുക, മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സാധിക്കാതിരിക്കുക, ഭവിഷ്യത്തെന്തെന്ന്  ചിന്തിക്കാതെ എടുത്തു ചാടുക,വിട്ടുവീഴ്ച മനോഭാവം ഇല്ലാതിരിക്കുക തുടങ്ങിയവയാണ് ഈ രോഗമുള്ളവരുടെ മാനസികാവസ്ഥ. അടങ്ങിയിരിക്കാത്ത പ്രകൃതം,നിര്‍ത്താതെയുള്ള സംസാരം, അലസത, ഭയം, വിഷാദം എന്നിവയൊക്കെയാണ് പൊതുവെയുള്ള ലക്ഷണങ്ങൾ. എഡിഎച്ച്ഡി ഉണ്ടെന്ന് ഒരു മനശാസ്ത്ര വിദഗ്ധനെ കണ്ട് തിരിച്ചറിയാവുന്നതാണ്. ബിഹേവിയര്‍ തെറാപ്പിയും മരുന്നുകളുമടങ്ങുന്നതാണ് എഡിഎച്ച്ഡിയുടെ ചികിത്സ. 

ENGLISH SUMMARY:

Alia Bhatt opens up about ADHD diagnosis, What id ADHD?