AI Image

AI Image

TOPICS COVERED

പൊതുസ്ഥലത്ത് വച്ച് ശാഠ്യം പിടിച്ചു കരയുന്ന കുട്ടികള്‍  ഏത് മാതാപിതാക്കള്‍ക്കും അല്‍പ്പം ബുദ്ധിമുട്ടുണ്ടാക്കുന്ന ടാസ്കാണ്. കരയുകയും വാശി പിടിക്കുകയും ചെയ്യുന്ന കുഞ്ഞുങ്ങളെ ശാന്തരാക്കാന്‍ ദേഷ്യപ്പെടുകയും വടിയെടുക്കുകയും ചെയ്യുന്നവരാണ് അധികം. മാതാപിതാക്കള്‍ ദേഷ്യപ്പെടുന്നതോടെ കുട്ടിയുടെ സര്‍വനിയന്ത്രണവും വിടുകയും ആകെ കൈവിട്ടു പോവുകയുമാണ് പതിവ്. തികഞ്ഞ മനസാന്നിധ്യത്തോടെ വേണം ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍.

PTI12_31_2017_000146B

കുട്ടിയോട് കോപിച്ചിട്ട്  കാര്യമില്ല: മറ്റുള്ളവര്‍ക്ക് മുന്നില്‍ വച്ച് കുട്ടികളോട് ദേഷ്യപ്പെടുന്നതും ആക്രോശിക്കുന്നതും അടിക്കുന്നതും മാതാപിതാക്കളുമായുള്ള അവരുടെ ബന്ധത്തെ വഷളാക്കുകയേയുള്ളൂ. കുട്ടിയെ മനസിലാക്കി അനുകമ്പാപൂര്‍ണമായ പെരുമാറ്റമായിരിക്കണം രക്ഷിതാവില്‍ നിന്നുണ്ടാകേണ്ടത്.

പ്രകോപിതരാകരുത്: കുട്ടി വാശിപിടിച്ച് കരയാന്‍ തുടങ്ങിയാലോ അത്ര ചെറുതല്ലാത്ത കുരുത്തക്കേട് കാണിച്ചാലോ സ്വയം നിയന്ത്രണം നഷ്ടമാകരുത്. കുട്ടിക്കും നിങ്ങള്‍ക്കും ശാന്തമാകാനുള്ള സമയം ആദ്യം നല്‍കണം. ഇങ്ങനെയൊരു 'കൂള്‍ ഓഫ്' സമയം അനുവദിക്കുന്നതോടെ എടുത്തുചാടിയുള്ള പ്രവര്‍ത്തികള്‍ ഒഴിവാക്കാന്‍ കഴിയും. ശാന്തമായി നില്‍ക്കുന്ന സമയത്ത് തലച്ചോര്‍ സ്ഥിതിഗതികളെ വിലയിരുത്തുകയും വികാരത്തള്ളിച്ചയ്ക്ക് പകരം വിവേകപൂര്‍ണമായ  തീരുമാനമെടുക്കാന്‍ സഹായിക്കുകയും ചെയ്യും.

കുട്ടിയെ സമാധാനിപ്പിക്കുക: പല കാരണങ്ങള്‍ കൊണ്ട് കുട്ടികള്‍ ശാഠ്യം കാണിക്കാം, കരയാം, ദേഷ്യപ്പെടാം. ഇത്തരം സാഹചര്യങ്ങളില്‍ കുട്ടിയോട് ശബ്ദമുയര്‍ത്തി സംസാരിക്കുന്നതിന് പകരം, അവരുടെ ഉയരത്തിലേക്ക് കുനിഞ്ഞെത്തി, സ്നേഹപൂര്‍വം നിന്നെ ഞാന്‍ മനസിലാക്കുന്നുവെന്നും നമുക്ക് ഇതിന് പരിഹാരം കാണാമെന്നും ശാന്തമായി പറയുക. ഈ ഒരു പെരുമാറ്റം കുട്ടികളില്‍ അവരെ പരിഗണിക്കുന്നുവെന്ന തോന്നലുണ്ടാക്കുകയും സങ്കടവും, ദേഷ്യവും എല്ലാവര്‍ക്കും ഉണ്ടാകുന്ന വികാരങ്ങളാണെന്നും അത്തരം സമയങ്ങളില്‍ സമചിത്തതയോടെ പെരുമാറണമെന്ന് തിരിച്ചറിയുന്നതിന് ഇടയാക്കുകയും ചെയ്യും.

കുട്ടിയോട് ചോദിച്ചറിയുക: കുട്ടി എന്തുകൊണ്ടാണ്  വിചിത്രമായി പെരുമാറുന്നതെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. അവരുടെ പെരുമാറ്റത്തില്‍ പൊടുന്നനവേ മാറ്റമുണ്ടാകാന്‍ കാരണമെന്തെന്ന് അന്വേഷിക്കാം. അവരോട് തന്നെ ചോദിക്കാം. എന്താണ് സംഭവിച്ചതെന്ന ചോദ്യം കുട്ടികള്‍ക്ക് നടന്ന സംഭവത്തെ ഓര്‍ത്തെടുക്കാന്‍ സഹായിക്കുന്നതിനൊപ്പം അവരെ പരിഗണിക്കുന്നുവെന്ന തോന്നലുണ്ടാക്കുകയും ഭാവിയില്‍ പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ നിങ്ങളോട് പറയാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

പ്രശ്നമെന്തെന്നറിഞ്ഞാല്‍ അത് പരിഹരിക്കുന്നതിനായി കുട്ടിയുടെ കൂടെ അഭിപ്രായം തേടുക. ഇത് കുട്ടിയില്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള കഴിവ് വര്‍ധിപ്പിക്കുകയും അവരുടെ അഭിപ്രായത്തിന് വിലയുണ്ടെന്ന തോന്നല്‍ ജനിപ്പിക്കുകയും ചെയ്യും. 

ശബ്ദമുയര്‍ത്താതെ സംസാരിക്കുക: ദേഷ്യത്തിലോ ഉറക്കെയോ അല്ലാതെ കുട്ടിയോട് സംസാരിക്കുക. 'ഇപ്പോള്‍ അമ്മ/അച്ഛന്‍ പറയുന്നത് കേള്‍ക്കണം' എന്ന മുഖവുരയോടെ സംസാരിച്ചു തുടങ്ങുക. കുട്ടികളില്‍ നിങ്ങള്‍ക്കൊരു വിശ്വാസമുണ്ടെന്നും ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിയുമെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുക. തെറ്റിപ്പോയത് ശരിയാക്കാന്‍ അവരുടെ കൂടി പിന്തുണയും സഹായവും തേടുക. ഇത് തെറ്റുകള്‍ ജീവിതത്തില്‍ സംഭവിക്കുമെന്നും, അത് തിരുത്താന്‍ കഴിയുമെന്നും ഉള്ള ബോധ്യമുണ്ടാക്കും.

അടിക്കരുത്: കുട്ടികളെ ശിക്ഷിക്കാനല്ല മാതാപിതാക്കള്‍ ഏത് ഘട്ടത്തിലും ഒപ്പമുണ്ടാകുമെന്ന ഉറപ്പ് നല്‍കുക. ഇത് അവരിലെ ഭീതിയെ ദുരീകരിക്കുകയും മാര്‍ഗനിര്‍ദേശത്തിനായി മാതാപിതാക്കളെ തന്നെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.  

ENGLISH SUMMARY:

Tips to pacify your misbehaving child