കളിയും ചിരിയുമായി ചുറുചുറുക്കോടെ കുട്ടികളെ കാണാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. പക്ഷെ അതിന് ആവശ്യമായ പിന്തുണ നമ്മള്‍ കൊടുക്കുന്നുണ്ടോയെന്ന് സംശയമാണ്.കുട്ടികള്‍ക്ക് നല്ല പോഷകാംശമുള്ള ആരോഗ്യം കൊടുക്കുന്ന കാര്യത്തില്‍ ഇപ്പോഴത്തെ മാതാപിതാക്കളാരും പിന്നിലല്ല. ഉയരത്തിനനുസരിച്ചുള്ള ശരീരഭാരം കുട്ടിക്കുണ്ടോ, വളര്‍ച്ചക്കുറവുണ്ടോ എന്നെല്ലാം പലരും സൂക്ഷ്മമായി നിരീക്ഷിക്കാറുമുണ്ട്. എന്നാല്‍ കുട്ടിയുടെ ശാരീരിക ആരോഗ്യത്തില്‍ ചെലുത്തുന്ന ഈ ശ്രദ്ധ മാനസികാരോഗ്യത്തില്‍ ഇല്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. കുട്ടികളുടെ മാനസികാരോഗ്യവും മാനസിക വളര്‍ച്ചയുമൊക്കെ പലകാരണങ്ങള്‍ കൊണ്ട് മാതാപിതാക്കള്‍ പലരും അവഗണിക്കാറാണ് പതിവ്.
എന്നാല്‍ അണുകുടുംബങ്ങളും സാങ്കേതിക വിദ്യകളുടെ അതിപ്രസരവുമെല്ലാം കുട്ടികളുടെ മാനസികാരോഗ്യത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. രണ്ട് മുതല്‍ മൂന്ന് വയസ്സ് വരെയുള്ള കുട്ടികള്‍ ദിവസം മൂന്ന് മണിക്കൂറിലധികം സമയം മൊബൈലും ടാബ്‌ലറ്റും ടിവിയുമൊക്കെയായി സ്ക്രീനിന് മുന്നില്‍ ചെലവഴിക്കുന്നു.
ഇത്തരത്തിലുള്ള കുട്ടികള്‍ ദിവസം ഒരു മണിക്കൂറില്‍ താഴെ സ്ക്രീനിന് മുന്നില്‍ ചെലവഴിച്ച കുട്ടികളെ അപേക്ഷിച്ച് അഞ്ചര വയസ്സാകുമ്പോൾ ശാരീരികമായി അത്ര സജീവമായിരിക്കില്ലെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ മാതാപിതാക്കള്‍ക്ക് ഇനി പറയുന്ന കാര്യങ്ങള്‍ പിന്തുടരാവുന്നതാണ്.
1. കുട്ടികളുടെ ഒപ്പം സമയം ചെലവഴിക്കുക
.വിലകൂടിയ കളിപ്പാട്ടങ്ങള്‍ വാങ്ങി കൊടുക്കാന്‍ പണം ചെലവഴിക്കുന്നതിനു പകരം കുട്ടികളുടെ ഒപ്പം അല്‍പ സമയം ചെലവഴിക്കാന്‍ ശ്രദ്ധിക്കുക. അവരുടെ കൂടി കളിക്കുന്നതും വര്‍ത്തമാനം പറയുന്നതും ഒരുമിച്ച് സിനിമ കാണുന്നതുമെല്ലാം കുട്ടികളുമായി മാനസിക അടുപ്പം ഉണ്ടാക്കാന്‍ സഹായിക്കും. കുട്ടികളില്‍ സുരക്ഷിതത്വ ബോധം ഉണ്ടാക്കാനും തങ്ങള്‍ സ്നേഹിക്കപ്പെടുന്നു എന്ന തോന്നലുണ്ടാക്കാനും ഇത് ആവശ്യമാണ്.
2. കുട്ടികള്‍ പറയുന്നതിന് ചെവി കൊടുക്കുക.
കുട്ടികള്‍ പറയുന്ന കാര്യങ്ങള്‍ പലപ്പോഴും പല മാതാപിതാക്കളും അവഗണിക്കാറുണ്ട്. എന്നാല്‍ കുട്ടികളുമായി ശരിയായ ആശയവിനിമയം മാതാപിതാക്കള്‍ സൃഷ്ടിച്ചെടുത്തില്ലെങ്കില്‍ പിന്നീട് അവരെ സംബന്ധിച്ച പല കാര്യങ്ങളും അവര്‍ നിങ്ങളില്‍ നിന്ന് ഒളിച്ച് വച്ചെന്നു വരും. ഇത് അവരുടെ ഭാവിയെ തന്നെ ബാധിക്കാം. കുട്ടികള്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും മനസ്സ് തുറക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും വേണം. അവരുടെ ചിന്തകളും സ്വപ്നങ്ങളുമെല്ലാം ഇത്തരത്തില്‍ അവര്‍ നിങ്ങളോട് പങ്കുവയ്ക്കാന്‍ പ്രോത്സാഹിപ്പിക്കണം.
3. അവര്‍ അര്‍ഹിക്കുന്ന അഭിനന്ദനങ്ങള്‍ നല്‍കാന്‍ മറക്കരുത്.
കുട്ടികള്‍ ചെയ്യുന്ന മോശം കാര്യങ്ങള്‍ക്ക് അവരെ വഴക്ക് പറയാന്‍ കാണിക്കുന്ന ആവേശം അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കാന്‍ കൂടി കാണിക്കണം. ഇത്തരത്തില്‍ ചെയ്യുമ്പോൾ നല്ല കാര്യങ്ങളില്‍ ശ്രദ്ധയൂന്നാനും സ്വയം മതിപ്പുണ്ടാക്കിയെടുക്കാനും കുട്ടികള്‍ക്ക് സാധിക്കും. കുട്ടികള്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ അവര്‍ക്ക് ചെറിയ സമ്മാനങ്ങള്‍ നല്‍കുന്നതും അവര്‍ക്കുള്ള പ്രോത്സാഹനമാകും. എന്നാല്‍ സമ്മാനങ്ങള്‍ അത്ര വിലപിടിച്ചത് ആകാതിരിക്കാന്‍ ശ്രദ്ധിക്കണം.
4. പ്രതീക്ഷകള്‍ യാഥാര്‍ഥ്യ ബോധമുള്ളതാകണം.
കുട്ടികളെ ഒരിക്കലും മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യരുത്. ഇത് അവരുടെ ആത്മവിശ്വാസം കെടുത്തുകയും അപകര്‍ഷതാബോധം ഉണ്ടാക്കുകയും ചെയ്യും. കൂട്ടുകാരും സഹോദരങ്ങളുമായി താരതമ്യപ്പെടുത്തുന്നതിനു പകരം കുട്ടികളെ പ്രചോദിപ്പിക്കാനും അവരുടെ ആത്മവിശ്വാസം ഉയര്‍ത്താനും ശ്രമിക്കണം. ജീവിതത്തിലെ ചെറിയ നാഴികക്കല്ലുകള്‍ കുട്ടി താണ്ടുമ്പോൾ അവരെ അഭിനന്ദിക്കണം. അവരുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള സഹായം ക്രിയാത്മക ചര്‍ച്ചകളിലൂടെ അവര്‍ക്ക് നല്‍കണം. കുട്ടികള്‍ ചെയ്യുന്ന കാര്യത്തെ കുറിച്ച് യാഥാര്‍ഥ്യബോധമുള്ള പ്രതീക്ഷകള്‍ മാതാപിതാക്കള്‍ വച്ചു പുലര്‍ത്തണം. ഇല്ലെങ്കില്‍ നിങ്ങളുടെ അമിതപ്രതീക്ഷകളുടെ ഭാരം കുട്ടിയെ ശ്വാസം മുട്ടിക്കും.
5. സമ്മര്‍ദവും ഉത്കണ്ഠയും കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുക.
ഇന്നത്തെ അത്യന്തം മത്സരാത്മകമായ ലോകത്തില്‍ സമ്മര്‍ദവും ഉത്കണ്ഠയുമൊക്കെ എല്ലാവരെയും ബാധിക്കാറുണ്ട്. പുറം ലോകത്തെ മാറ്റാന്‍ നമുക്ക് സാധിക്കില്ലായിരിക്കും. പക്ഷേ ഈ സമ്മര്‍ദത്തെ അതിജീവിക്കാനുള്ള വഴികളും ശീലങ്ങളും പെരുമാറ്റരീതികളും കുട്ടികളെ പഠിപ്പിക്കാന്‍ നമുക്കാകും. സമ്മര്‍ദം ജീവിതത്തിന്‍റെ ഭാഗമാണെന്ന് അംഗീകരിക്കാനും ആരോഗ്യകരമായ ചിന്തകളുമായി അവയെ ബാലന്‍സ് ചെയ്യാനും ചെറുപ്പം മുതലേ അവരെ പരിശീലിപ്പിക്കണം.ശാരീരിക പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുന്നതുപോലെ തന്നെ മാനസികപ്രശ്നങ്ങള്‍ക്ക് ചികിത്സ തേടാനും മാതാപിതാക്കള്‍ മടികാണിക്കരുത്.
മാനസികപ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുന്നത് എന്തോ കുറച്ചിലാണെന്ന ചിന്ത ആദ്യം തന്നെ മാറ്റിവയ്ക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. അപ്പോള്‍ മാത്രമേ ആരോഗ്യകരമായ മാനസികാരോഗ്യ ശീലങ്ങള്‍ കുട്ടികളിലേക്ക് പകര്‍ന്നു നല്‍കാന്‍ നമുക്ക് സാധിക്കൂ. ആരോഗ്യമുള്ള ശരീരം മാത്രമല്ല ആരോഗ്യമുള്ള മനസും വളരെ പ്രധാനമാണ്.