എന്താണ് ഇന്ത്യാക്കാര്‍ക്ക് ഭക്ഷണത്തോടുള്ള സമീപനം . ഭക്ഷണത്തിന്‍റെ ഭാഷ വിശപ്പില്‍ മാത്രം അധിഷ്ഠിതമല്ല . ഭക്ഷണത്തോട് പലര്‍ക്കും പ്രണയമാണ് . അതില്‍ ഒരാഘോഷമുണ്ട് . സ്നേഹമുണ്ട് . ഇതൊക്കെയാണെങ്കിലും അതിരുകളില്ലാത്ത ഭക്ഷണരീതി പലപ്പോഴും അമിതഭക്ഷണത്തിലേക്കും ഉയര്‍ന്ന കലോറിയിലേക്കും അനുബന്ധ ശാരീരിക പ്രശ്നങ്ങളിലേക്കും നമ്മേ നയിച്ചേക്കാം.
എത്ര വലിയ ഭക്ഷണനിയന്ത്രണം പറഞ്ഞാലും പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിങ്ങനെ മൂന്ന് നേരം ഭക്ഷണം നമുക്ക് നിര്‍ബന്ധമാണ്. ഇത് ശരിയായ ഭക്ഷണക്രമമാണോ അതോ നമ്മള്‍ അമിതമായി ഭക്ഷണം കഴിക്കുകയാണോ എന്നതാണ് ഇനിയുള്ള ചോദ്യം. ഇതിന് ഉത്തരം കണ്ടെത്തുംമുന്‍പ് അല്‍പ്പം ചരിത്രംകൂടി അറിയേണ്ടതുണ്ട്. ഇന്ത്യയില്‍ പ്രഭാതഭക്ഷണം എന്ന രീതി ബ്രിട്ടീഷുകാര്‍ക്കൊപ്പം കടല്‍കടന്ന് വന്നതാണെന്ന് എത്രപേര്‍ക്കറിയാം?. പതിനാലാം നൂറ്റാണ്ട് വരെ ബ്രേക്ക്ഫാസ്റ്റ് സമ്പ്രദായം ഇന്ത്യയിലുണ്ടായിരുന്നില്ല. ഉച്ചഭക്ഷണത്തോടെയാണ് നമ്മുടെ നാട്ടില്‍ ഭക്ഷണക്രമം തടങ്ങിയിരുന്നത്. നമ്മുടേത് ഒരു കാര്‍ഷിക സംസ്കാരമായതിനാല്‍ തന്നെ കര്‍ഷകരുടെ ഭക്ഷണക്രമമായിരുന്നു അധിനിവേശത്തിനും മുമ്പ് ഇവിടെ നിലനിന്നിരുന്നത് . ഉച്ചഭക്ഷണത്തേക്കാൾ ഭാരം കുറഞ്ഞ അത്താഴമായിരുന്നു മറ്റൊരു വലിയ ഭക്ഷണം. എന്നാല്‍ പില്‍ക്കാലത്ത് ആളുകള്‍ മറ്റ് ജോലികളിലേക്ക് മാറിയപ്പോള്‍ ഭക്ഷണശീലങ്ങളിലും മാറ്റം വന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വരവോടെ ചായ, കാപ്പി, പ്രഭാതഭക്ഷണം എന്നിവ ഔപചാരിക ഭക്ഷണക്രമമായി മാറി.
ഇനി, ഇപ്പോള്‍ നാം പിന്തുടരുന്ന ഈ ഭക്ഷണക്രമം തന്നെയാണോ ശരിയായ രീതി എന്നതാണ് അറിയേണ്ടത്. ആരോഗ്യവാനായ ഒരു വ്യക്തിക്ക് ദിവസം രണ്ടോ മൂന്നോവട്ടം ഭക്ഷണം കഴിച്ചാല്‍ മതിയാകും എന്നാണ് പോഷകാഹാരവിദഗ്ധര്‍ പറയുന്നത്. അതായത് ആറ് മുതല്‍ എട്ട് മണിക്കൂറില്‍ ഭക്ഷണം കഴിക്കുക. ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം ആറ് മണി വരെ അല്ലെങ്കില്‍ രാവിലെ 11 മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെ. ഇതിനുള്ളിലായിരിക്കണം ഭക്ഷണം കഴിക്കേണ്ടത്. സൂര്യാസ്തമയത്തിന് ശേഷം ഭക്ഷണം കഴിക്കരുത്. ഇത് ശരീരത്തിന് വിശ്രമവും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ഇങ്ങനെയൊക്കെ ആണെങ്കിലും വ്യത്യസമായതിനാല്‍ ജീവിതശൈലി, ആരോഗ്യനില എന്നീ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി അനുയോജ്യമായ ഭക്ഷണക്രമം സ്വീകരിക്കുക എന്നതാണ് മികച്ച മാര്‍ഗം. ഭക്ഷണ സമയം ക്രമീകരിക്കുയും ഭക്ഷണരീതിയില്‍ മാറ്റം വരുത്തുകയോ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ശരീരം അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസിലാക്കേണ്ടതും പ്രധാനമാണ്.