all-you-need-to-know-about-Cholera

TOPICS COVERED

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കോളറ സഥിരീകരിച്ചിരിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോളറ രോഗികളെ പരിചരിച്ച നഴ്സിന്‍റെ ഭര്‍ത്താവിനാണ് അസുഖം  ബാധിച്ചത്. കേരളത്തില്‍ വീണ്ടും കോളറ ഭീഷണിയാകുമ്പോള്‍ ആ രോഗത്തെക്കുറിച്ച് അടുത്തറിയാം.

എന്താണ് കോളറ?

ജലത്തിലൂടെ പകരുന്ന അസുഖമാണ് കോളറ. വിബ്രിയോ കോളറ എന്ന ബാക്ടീരിയയാണ് കോളറ പരത്തുന്നത്. രോഗാണുക്കള്‍ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകള്‍ മുതല്‍ അഞ്ചുദിവസത്തിനുള്ളില്‍ രോഗം വരാവുന്നതാണ്. സാധാരണയായി മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്. വയറിളക്കമാണ് കോളറയുടെ പ്രധാന ലക്ഷണം.

രോഗവ്യാപനം എങ്ങനെ?

മനുഷ്യരുടെ മലവിസര്‍ജനം വഴി പുറത്താകുന്ന ബാക്ടീരിയകള്‍ കുടിവെള്ളത്തില്‍ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യുന്നു. ഈ ബാക്ടീരിയകള്‍ക്ക് വെള്ളത്തില്‍ വളരെയധികം നേരം നിലനില്‍ക്കാനാവും.

ലക്ഷണങ്ങള്‍

കഠിനമായ വെള്ളം രൂപത്തിലുള്ള (പലപ്പോഴും കഞ്ഞിവെള്ളം പോലുള്ള) വയറിളക്കവും ചര്‍ദിയുമാണ് കോളറയുടെ പ്രധാന ലക്ഷണങ്ങള്‍. സാധാരണ വയറിളക്കത്തിനൊപ്പം ഉണ്ടാകുന്ന  വയറുവേദന, മലത്തില്‍ ഉണ്ടാകുന്ന രക്തത്തിന്‍റെ അംശം എന്നിവ കോളറയില്‍ കാണാറില്ല. 

അതികഠിനമായ വയറിളക്കമായതു കൊണ്ടു തന്നെ രോഗം ബാധിച്ചാല്‍ രോഗിയുടെ ശരീരത്തില്‍ നിന്നും ധാരാളം ജലാംശം നഷ്ടപ്പെടുന്നു. അതിനാല്‍ രോഗി ഉടന്‍ തന്നെ തളര്‍ച്ചയിലേക്ക് പോകുന്നു. രക്തസമ്മര്‍ദം കുറയുക, തലകറക്കം, നാവിനും ചുണ്ടുകള്‍ക്കും വരള്‍ച്ച അനുഭവപ്പെടുക, ബോധക്ഷയമുണ്ടാകുക, കണ്ണുകള്‍ താഴ്ന്നുപോകുക, തുടങ്ങിയവയെല്ലാം രോഗലക്ഷണങ്ങളാണ്.

രോഗലക്ഷണം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടത്  അത്യാവശ്യമാണ്. സാധാരണ വയറിളക്ക രോഗം പോലെ തന്നെ തുടക്കം മുതല്‍ തന്നെ ഒ.ആര്‍.എസ് ലായനി കുടിക്കണം. ഇത് നിര്‍ജലീകരണം തടയാനും രോഗത്തിന്റെ ഗുരുതരാവസ്ഥ പരിമിതപ്പെടുത്താനും സാധിക്കും.

എങ്ങനെ പ്രതിരോധിക്കാം?

  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
  • ഭക്ഷണ വസ്തുക്കള്‍ നന്നായി വേവിച്ച് മാത്രം കഴിക്കുക.
  • ഭക്ഷണവും വെള്ളവും തുറന്ന് വെക്കരുത്.
  • പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകി മാത്രം ഉപയോഗിക്കുക.
  • പരിസരം വൃത്തിയായി സൂക്ഷിക്കുക.
  • ഈച്ചകള്‍ പെരുകുന്നത് തടയുക.
  • മലമൂത്ര വിസര്‍ജനത്തിന് മുന്‍പും ശേഷവും കൈകള്‍ വൃത്തിയാക്കുക.
ENGLISH SUMMARY:

All you need to know about Cholera