സങ്കീര്‍ണമായ വൃക്കരോഗം ബാധിച്ച രോഗിയില്‍ നിന്ന് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം ശസ്ത്രക്രിയയിലൂടെ നീക്കിയത് 10കിലോ ഭാരമുള്ള വൃക്ക. ഇത്രവലിയ വൃക്ക ശസ്ത്രക്രിയയിലൂടെ നീക്കിയത് ആരോഗ്യമേഖലയില്‍ തന്നെ ഇതാദ്യമായാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
അഞ്ചു വർഷങ്ങൾക്കു മുൻപാണ് പാലക്കാട് സ്വദേശിയായ രോഗിക്ക് സങ്കീര്‍ണമായ വൃക്കരോഗം സ്ഥിരീകരിച്ചത് . ഇതേതുടര്‍ന്ന് വലതുവൃക്ക നേരത്തെ നീക്കം ചെയ്തിരുന്നു. ആരോഗ്യപ്രശ്നങ്ങൾ തുടർച്ചയായി അലട്ടിയതോടെ 42 കാരന് ദുബായിലെ ജോലി ഉപേക്ഷിക്കേണ്ടി വന്നു. ശ്വാസതടസവും ഭക്ഷണം കഴിക്കാനുള്ള പ്രയാസവും കലശലായതോടെ രോഗി വിദഗ്ധ പരിശോധനയ്ക്ക് തയ്യാറായി.
മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഓട്ടസോമൽ ഡോമിനന്റ് പോളി സിസ്റ്റിക് കിഡ്‌നി ഡിസീസ്(എഡിപികെഡി), ക്രോണിക് കിഡ്‌നി ഡിസീസ്(സികെഡി) എന്നിവ ബാധിച്ചതോയി കണ്ടെത്തി. ഇടത് വൃക്ക വളര്‍ന്ന് വയറിനുള്ളില്‍ നിറഞ്ഞതായും പരിശോധനയില്‍ ബോധ്യപ്പെട്ടു.
തുടര്‍ന്നാണ് കുമിളകളും പഴുപ്പും നിറഞ്ഞ വൃക്ക ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ തീരുമാനമെടുത്തത്.ഡിസംബര്‍ 2നായിരുന്നു ശസ്ത്രക്രിയ. വൃക്ക പുറത്തെടുത്തപ്പോള്‍ ഡോക്ടര്‍മാരും അമ്പരന്നു. പത്തികിലോയോളമായിരുന്നു വൃക്കയുടെ ഭാരം.മുന്ന് നവജാത ശിശുക്കളുടെ ഭാരത്തിന് തുല്യം.
മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ യൂറോളജിസ്റ്റ് ഡോക്ടർ സച്ചിൻ ജോസഫിന്‍റെ നേതൃത്വത്തില്‍ നെഫ്രോളജിസ്റ്റ് ഡോക്ടർ മുഹമ്മദ് ഇഖ്ബാൽ, അനസ്തേഷിയോളജിസ്റ്റ് ഡോക്ടർ ജോഷി ജോസ് എന്നവരടങ്ങിയ സംഘം മൂന്നര മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് വൃക്ക പുറത്തെടുത്തത്
രണ്ടുവൃക്കകളും നീക്കം ചെയ്ത രോഗി ഡയാലസിസിലൂടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഈ മാസം അവസാനം വൃക്ക മാറ്റിവയ്ക്കുന്നതോടെ, പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ആകും എന്നാണ് പ്രതീക്ഷ. വൃക്ക ദാനത്തിന് സുഹൃത്ത് സന്നദ്ധത അറിയിച്ചിട്ടുണ്ട്.