ഒരു ജോഡി വൃക്കകളാണ് മനുഷ്യശരീരത്തില്‍ ഉള്ളത്. എന്നാല്‍ അഞ്ച് വൃക്കകളുമായി ജീവിക്കുകയാണ് പ്രതിരോധ മന്ത്രാലയത്തിലെ ശാസ്ത്രജ്ഞനായ ദേവേന്ദ്ര ബാര്‍ലെവാര്‍. തുടര്‍ച്ചയായ മൂന്നാം തവണയും വിജയകരമായി വൃക്ക മാറ്റിവയ്ക്കാനായതോടെയാണ് ബാര്‍ലെവാര്‍ അപൂര്‍വ റെക്കോര്‍ഡും നേടിയത്. 47കാരനായ ബാര്‍ലെവാറിന്‍റെ ശരീരത്തില്‍ അഞ്ച് വൃക്കകള്‍ ഉണ്ടെങ്കിലും അതില്‍ ഒന്നുമാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ.
കാലങ്ങളായി വിട്ടുമാറാത്ത വൃക്കരോഗവുമായി ചികില്‍സയിലായിരുന്നു ദേവേന്ദ്ര ബാർലെവാര്‍. 2010ലാണ് അദ്ദേഹത്തിന് ആദ്യമായി വൃക്ക മാറ്റിവയ്ക്കുന്നത്. അന്ന് ബാർലെവാറിന്‍റെ അമ്മയാണ് വൃക്ക ദാനം ചെയ്തത്. എന്നാല്‍ ഏകദേശം ഒരു വർഷത്തിന് ശേഷം അദ്ദേഹത്തിന്‍റെ വൃക്കയുടെ പ്രവര്‍ത്തനത്തില്‍ താളപ്പിഴ ആരംഭിച്ചു. 2012ല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഒരു ബന്ധുവായിരുന്നു രണ്ടാം തവണ ദാതാവായത്. 2022 വരെ ഈ വൃക്ക പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് അദ്ദേഹത്തിന് കോവിഡ് ബാധിക്കുകയും വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാകുകയും ചെയ്തു. വീണ്ടും ഡയാലിസ്. പിന്നാലെയാണ് മൂന്നാമത്തെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി തീരുമാനിച്ചത്
മൂന്നാമത്തെ തവണയും വൃക്കമാറ്റിവയ്ക്കേണ്ടി വരുമ്പോള്‍ ജീവിച്ചിരിക്കുന്ന ഒരു ദാതാവിനെ കണ്ടെത്താനായില്ല. ഇതോടെ 2023ൽ മരിച്ച ഒരു ദാതാവിൽ വൃക്ക സ്വീകരിക്കാന്‍ അദ്ദേഹം അപേക്ഷ നല്‍കുകയും മസ്തിഷ്ക മരണം സംഭവിച്ച മറ്റൊരാളില്‍ നിന്ന് ജനുവരി 9-ന് വൃക്ക സ്വീകരിക്കുകയും ചെയ്തു. അമൃത ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റും യൂറോളജി വിഭാഗം മേധാവിയുമായ ഡോ. അനിൽ ശർമ്മയാണ് സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. നാല് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് ശേഷം വൃക്കകള്‍ വിജയകരമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 10 ദിവസത്തിനുശേഷം വൃക്കയുടെ പ്രവർത്തനം സാധാരണനിലയിലായതോടെ അദ്ദേഹം ആശുപത്രി വിടുകയായിരുന്നു. ഇനി ഡയാലിസിസിന്‍റെയും ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
സ്വന്തമായുള്ള രണ്ട് വൃക്കകളും പിന്നീട് മൂന്നുതവണയായി മാറ്റിവച്ച വൃക്കകളും ഉള്‍പ്പെടെ നിലവില്‍ അദ്ദേഹത്തിന്‍റെ ശരീരത്തില്‍ അഞ്ച് വൃക്കകളുണ്ട്. ഓരോ തവണയും വൃക്ക മാറ്റിവയ്ക്കലിന് വിധേയരാകുമ്പോള്‍ രോഗിയുടെ ശരീരത്തിലുള്ള പ്രവർത്തനരഹിതമായ വൃക്കകൾ ശരീരത്തില്‍ തന്നെ തുടരാന്‍ അനുവദിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യാം. മിക്ക കേസുകളിലും അണുബാധകൾ, വേദന, ഉയർന്ന രക്തസമ്മർദ്ദം എന്നിങ്ങനെയുള്ള സങ്കീർണതകൾ ഉണ്ടാക്കുന്നില്ലെങ്കിൽ പഴയ വൃക്കകൾ ശരീരത്തിനുള്ളിൽ തന്നെ നിലനിര്‍ത്തുകയാണ് ചെയ്യാറുള്ളത്. കാരണം അവ നീക്കം ചെയ്യുന്നത് അപകടകരമാണ്. അതേസമയം, നേരത്തെ മാറ്റിവെച്ച വൃക്കകളിൽ ഏതെങ്കിലും വൃക്കയ്ക്ക് അണുബാധയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായാല്‍ പുതിയ വൃക്ക മാറ്റിവയ്ക്കുന്നതിന് മുന്‍പ് ഡോക്ടര്‍മാര്‍ ഇത് നീക്കം ചെയ്തേക്കാം. ഓരോ കേസുകളും വ്യത്യസ്തമായതുകൊണ്ടു തന്നെ ഡോക്ടര്‍മാരുടെ വിദഗ്ദ സംഘമാണ് ഇക്കാര്യം തീരുമാനിക്കുന്നത്.
അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളിലെ സങ്കീര്‍ണതകള്‍ക്കും ഉദാഹരണമാണ് ദേവേന്ദ്ര ബാർലെവാറിന്‍റെ കേസെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരത്തില്‍ മൂന്നാമത്തെ ട്രാൻസ്പ്ലാൻറ് അപൂർവമാണെന്ന് വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല, മിക്ക ആളുകൾക്കും ഒരു വൃക്ക ലഭിക്കുന്നത് പോലും വെല്ലുവിളി നിറഞ്ഞതായിരിക്കെ മൂന്നാവത്തെ തവണയും ദാതാക്കളെ കണ്ടെത്തുന്നത് അത്യപൂര്‍വവുമാണ്. ഓരോ തവണയും വൃക്ക മാറ്റിവയ്ക്കുമ്പോള്‍ പുതിയ വൃക്കയ്ക്കായി ശരീരത്തില്‍ സ്ഥലം കണ്ടെത്തുന്നതും വെല്ലുവിളിയാണ്.
ബാർലെവാറിന്‍റെ ശരീരത്തില്‍ ജന്മനായുള്ള വൃക്കകൾക്കും മറ്റ് മാറ്റിവച്ച വൃക്കകൾക്കും ഇടയിൽ വലതുവശത്താണ് മൂന്നാമത്തെ വൃക്കയുള്ളതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം, ദീർഘകാല വൃക്കരോഗവും പരാജയപ്പെട്ട വൃക്കകളും രോഗിയുടെ ശരീരം പുതിയ വൃക്കയെ നിരസിക്കാനുള്ള സാധ്യത വർദ്ധിപ്പിച്ചിരുന്നു. ജീവിതത്തില്‍ മൂന്നാതും അവസരം ലഭിച്ചതായി തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.