AI Generated Image - എഐ നിര്‍മിത പ്രതീകാത്മക ചിത്രം
ടാറ്റൂ പ്രേമികളെ ആശങ്കയിലാഴ്ത്തി ടാറ്റുവിനേയും കാന്‍സറിനേയും ബന്ധിപ്പിച്ചുകൊണ്ട് പുതിയ പഠനം. ടാറ്റൂ ചെയ്യുന്നത് ചിലതരം കാൻസറുകൾ വരാനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുമെന്നാണ് ബിഎംസി പബ്ലിക് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ലോകത്താകമാനം ടാറ്റൂ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനിടെ പുറത്തുവരുന്ന പഠനം ആശങ്കയുയര്‍ത്തുന്നുണ്ട്.
ടാറ്റൂ ശരീരത്തിലുള്ളവരില്‍ കാൻസർ വരാനുള്ള സാധ്യത 62 ശതമാനം കൂടുതലാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. മാത്രമല്ല ടാറ്റൂവിന്‍റെ വലിപ്പവും കാന്‍സര്‍ സാധ്യതയെ സ്വാധീനിക്കുന്നുണ്ടത്രേ. കൈപ്പത്തിയെക്കാൾ വലിപ്പത്തിൽ ടാറ്റൂ ഉള്ളവരിൽ സ്കിന്‍ കാന്‍സറിനുള്ള സാധ്യത 137 ശതമാനം വർദ്ധിച്ചതായാണ് പഠനത്തില്‍ സൂചിപ്പിക്കുന്നത്. രക്താർബുദത്തിനുള്ള 173 ശതമാനമായും ഉയർന്നു. ടാറ്റൂ ചെയ്ത വ്യക്തികളിൽ സ്കിന്‍ കാന്‍സര്‍, രക്താര്‍ബുദം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
ടാറ്റൂ ചെയ്യുന്ന മഷി ചുറ്റുമുള്ള കോശങ്ങളുമായി ഇടപഴകുന്നതും മഷിയിൽ നിന്നുള്ള കണികകൾ ലിംഫ് നോഡുകളിൽ അടിഞ്ഞുകൂടുന്നതുമാണ് കാന്‍സറിന് കാരണമായി പഠനത്തില്‍ സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ മഷിയിൽ നിന്നുള്ള കണികകൾ രക്തപ്രവാഹത്തിലൂടെ മറ്റ് അവയവങ്ങളിലേക്കെത്തുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ടാറ്റൂകളിൽ ഉപയോഗിക്കുന്ന മഷികളിൽ കാർസിനോജെനിക് പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നും അത് കാൻസറിന് കാരണമാകുന്നുവെന്നും മുന്‍പും പഠനങ്ങളുണ്ടായിരുന്നു. കറുപ്പ് നിറത്തിലുള്ള മഷിയിലാണ് കൂടുതലായി കാർബൺ ബ്ലാക്ക് പോലുള്ളവ അടങ്ങിയിട്ടുള്ളത്. ഇവ അര്‍ബുദത്തിന് കാരണമാകുന്ന വസ്തുക്കളിലൊന്നായി ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (IARC) പട്ടികപ്പെടുത്തിയിട്ടുള്ളതാണ്.
നിറമുള്ള ടാറ്റൂ മഷികളില്‍ കാണപ്പെടുന്ന അസോ സംയുക്തങ്ങളും കാന്‍സറിന് കാരണമാകുന്നുണ്ടത്രേ. ഇവ സൂര്യപ്രകാശം ഏൽക്കുമ്പോഴോ ലേസർ ചികിത്സയിലൂടെ ടാറ്റൂ നീക്കം ചെയ്യുമ്പോഴോ കാർസിനോജെനിക് ആരോമാറ്റിക് അമിനുകൾ പുറത്തുവിടുന്നു. ഇത് ഈ ശരീരഭാഗത്ത് വീക്കം ഉണ്ടാക്കാം. വിട്ടുമാറാത്ത വീക്കം സ്കിന്‍ കാന്‍സര്‍, ലിംഫോമ എന്നിവയിലേക്ക് നയിച്ചേക്കുമെന്നും പഠനം പറയുന്നു.