AI Generated Images
മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ പിടിച്ചിരുത്തുന്ന ഒന്നാണ് സോഷ്യല്‍ മീഡിയ റീലുകള്‍. ദൈര്‍ഘ്യം കുറവുളള വിഡിയോ ആയതുകൊണ്ടുതന്നെ ഒന്നില്‍ നിന്ന് അടുത്ത വിഡിയോയിലേക്ക് മാറുന്നത് നാം ശ്രദ്ധിക്കാറില്ല. ഓരോ റീലുകളും സ്ക്രോള്‍ ചെയ്ത് പോകുമ്പോള്‍ സമയം കടന്നുപോകുന്നത് നാം അറിയാറില്ല എന്നതാണ് വാസ്തവം. കമ്മ്യൂണിക്കേഷന്‍ എന്നതിനപ്പുറം റീലുകള്‍ കാണുന്ന ഉപകരണമായി മെബൈല്‍ ഫോണ്‍ മാറി. അറിയാതെ തന്നെ റീലുകള്‍ അടിമപ്പെടുകയാണ് ഓരോരുത്തരും. കൗതുകകരവും ഹാസ്യം നിറഞ്ഞതുമായ റീലുകള്‍ മാനസിക ഉല്ലാസം പ്രദാനം ചെയ്യുമെങ്കിലും നിരന്തരമുളള ഈ റീല്‍സ് കാണല്‍ നിങ്ങളെ ഒരു രോഗിയാക്കി മാറ്റിയേക്കാം. ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് ഇതുമൂലം നിങ്ങളുടെ കണ്ണുകളെ ബാധിക്കുന്നത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ അമിത ഉപയോഗം കണ്ണിനെ സാരമായി തന്നെ ബാധിക്കുമെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. ഇത് എല്ലാപ്രായക്കാര്‍ക്കും ബാധകമാണ്. അമിതമായുളള സ്ക്രീന്‍ ടൈം നേത്രരോഗങ്ങളുടെ വര്‍ദ്ധനവിന് കാരണമാകുന്നു. 2050ഓടെ ലോകജനസംഖ്യയുടെ 50 ശതമാനത്തിലധികം പേര്‍ക്കും ഹ്രസ്വദൃഷ്ടി ഉണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നു. മണിക്കൂറുകളോളമുളള സ്ക്രീന്‍ ടൈം കണ്ണുകളിലെ വരള്‍ച്ച (ഡ്രൈ ഐ സിന്‍ഡ്രോം) , ഹ്രസ്വദൃഷ്ടി, കണ്ണില്‍ സമ്മര്‍ദ്ദം എന്നിവ പോലുള്ള പ്രശ്‌നങ്ങള്‍ കുത്തനെ വര്‍ധിച്ചതായാണ് പഠനം പറയുന്നത്. ഇന്ത്യ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സ്പോ സെന്ററില്‍ നടന്ന ഏഷ്യാ പസഫിക് അക്കാദമി ഓഫ് ഒഫ്താല്‍മോളജിയുടെയും ഓള്‍ ഇന്ത്യ ഒഫ്താല്‍മോളജിക്കല്‍ സൊസൈറ്റിയുടെയും സംയുക്ത യോഗത്തിലാണ് സോഷ്യല്‍ മീഡിയ റീലുകള്‍ സംബന്ധിച്ച പഠനം അവതരിപ്പിച്ചത്.
റീല്‍സ് കാണല്‍ മാത്രമല്ല ഇന്‍സ്റ്റഗ്രാം, ടിക് ടോക്ക്, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ അമിതമായ സ്‌ക്രീന്‍ സമയം ഗുരുതര രോഗങ്ങളെയാണ് ക്ഷണിച്ചുവരുത്തുന്നതെന്നും പഠനം വ്യക്തമാക്കി. ഇന്നത്തെ കാലത്ത് കുട്ടികളില്‍ നേതൃരോഗങ്ങള്‍ കൂടിവരുന്നതിന് പിന്നിലും അമിത സ്ക്രീന്‍ ടൈം തന്നെയെന്നും വിദഗ്ധര്‍ പറയുന്നു. കുട്ടികളില്‍ മാത്രമല്ല സ്‌ക്രീനിലെ ബ്ലൂലൈറ്റ് മൂലമുണ്ടാകുന്ന തലവേദന, മൈഗ്രെയ്ന്‍, ഉറക്കത്തകരാറുകള്‍ എന്നിവ മുതിര്‍ന്നവരിലും കണ്ടുവരുന്നുണ്ട്. റീലുകളില്‍ മുഴുകിയിരിക്കുമ്പോള്‍ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ ആരും ശ്രദ്ധിക്കുന്നില്ലെന്ന വസ്തുതയും പഠനം ചൂണ്ടിക്കാട്ടി.
റീലുകള്‍ക്ക് അടിമപ്പെട്ട് മണിക്കൂറുകള്‍ തളളിനീക്കുമ്പോള്‍ വരാന്‍ പോകുന്ന രോഗങ്ങളെ കുറിച്ച് ആരും ചിന്തിക്കാറില്ല. കൃത്രിമ വെളിച്ചം, ദ്രുതഗതിയിലുള്ള ദൃശ്യങ്ങള്‍ എന്നിവ കണ്ണുകളെ അമിതമായി ഉത്തേജിപ്പിക്കുന്നു. ഇത് 'റീല്‍ വിഷന്‍ സിന്‍ഡ്രോം' എന്ന രോഗാസ്ഥയ്ക്ക് കാരണമാകുമെന്നും പഠനം ചൂണ്ടിക്കാട്ടി. 'റീല്‍ വിഷന്‍ സിന്‍ഡ്രോം' ഭാവിയില്‍ ഒരു കടുത്ത പൊതുജനാരോഗ്യ പ്രതിസന്ധിയായി മാറുമെന്നും അതിനാല്‍ തിരിച്ചറിഞ്ഞ് മുന്‍കരുതലുകളെടുക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത നേത്രവിദഗ്ധര്‍ വ്യക്തമാക്കി.