AI Generated Images
ആകാശക്കാഴ്ച്ചകളും പ്രകൃതിയുടെ വശ്യഭംഗിയും കണ്ടൊരു റോപ് വേ യാത്രയായാലോ? ഏഷ്യയിലെ ഏറ്റവും നീളമേറിയ റോപ് വേ ഷിംലയിലൊരുങ്ങുന്നു. 1,734.40 കോടി രൂപയാണ് പദ്ധതിച്ചെലവ്. 13.79 കിലോമീറ്ററാണ് റോപ് വേയുടെ ദൈര്‍ഘ്യം. ടൂറിസം മേഖലയുടെ വികസനത്തിനൊപ്പം ഗതാഗതക്കുരുക്കിന്‍റെ ലഘൂകരണവുമാണ് താരാദേവി-ഷിംല റോപ് വേയിലൂടെ ഉദ്ദേശിക്കുന്നത്. റോപ് വേയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
ഏഷ്യയിലെ ഏറ്റവും നീളമേറിയതും ലോകത്തിലെ രണ്ടാമത്തേതുമായറോപ്പ് വേയാണ് ഷിംലയില്‍ ഒരുങ്ങുന്നത്. ബൊളീവിയയിലെ റോപ് വേയാണ് ലോകത്തിലെ ഏറ്റവും നീളമേറിയത്. 32 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ബൊളീവിയിലെ റോപ്പ് വേ. താരാദേവി-ഷിംല റോപ് വേ പാതയുടെ നിര്‍മാണമേല്‍നോട്ടം നിര്‍വ്വഹിക്കുന്നത് ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്‍റെ പൊതു-സ്വകാര്യ പങ്കാളിത്ത സംവിധാനമായ റോപ് വേ ആന്‍ഡ് റാപിഡ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം ഡിവലപ്‌മെന്റ് കോര്‍പറേഷനാണ്. 660 ക്യാബിനുകളാണ് റോപ് വേ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ ക്യാബിനിലും 8-10 പേര്‍ക്ക് സുഖമായി ഇരുന്ന് സഞ്ചരിക്കാം.
മാ താരാദേവിയ്ക്കും സഞ്ജൗലിയ്ക്കും ഇടയില്‍ ഏകദേശം 60 കിലോമീറ്റര്‍ പ്രദേശത്തോളം റോപ് വേയുടെ സേവനം ലഭ്യമാകും. കൂടാതെ ഷിംലയ്ക്കും പരിസരപ്രദേശങ്ങളിലുമായി 15 പ്രധാന സ്റ്റേഷനുകളെ ഈ റോപ് വേ പാത ബന്ധിപ്പിക്കും. ഓരോ മണിക്കൂറിലുമായി ഇരുദിശകളിലേക്കുമുളള യാത്രയില്‍ 2000 യാത്രക്കാരെ വരെ അനുവധിക്കും. ഓരോ സ്റ്റേഷനുകളിലും രണ്ട്- മൂന്ന് മിനിറ്റ് ഇടവേളയില്‍ ക്യാബിനുകളെത്തും. റോപ് വേയുടെ സുഗമമായ പ്രവര്‍ത്തനത്തിനായി ബോര്‍ഡിങ് പോയന്റില്‍ 90 ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സജ്ജമാക്കും. കൂടാതെ എല്ലാ ക്യാബിനുകളിലും സോളാര്‍ പാനലുകളും ഘടിപ്പിക്കും. താരാദേവി-ഷിംല റോപ് വേ പാത സഞ്ചാരികള്‍ക്ക് മികച്ച യാത്രാനുഭവമായിരിക്കും സമ്മാനിക്കുക.