ഓർമയില്ലേ ആ കാലം ചിക്കുൻഗുനിയ എന്ന് അന്ന് വരെ പരിചിതമല്ലാത്തൊരു രോഗം കേരളത്തെ വിറപ്പിച്ച കാലം 2006 - 2007. പ്രത്യേകിച്ചും മധ്യ കേരളത്തിലെ മനുഷ്യരെ കിടത്തിക്കളഞ്ഞു കൊതുകു പരത്തുന്ന മാരക പകർച്ച വ്യാധി.
തുടക്കം ആഫ്രിക്കയില്‍
ആഫ്രിക്കയുടെ കിഴക്കുഭാഗത്തോട് ചേര്‍ന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയന്‍ ദ്വീപുകളിലാണ് അന്ന് ചിക്കുന്‍ഗുനിയ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നെ ഏഷ്യന്‍ രാജ്യങ്ങളില്‍ പടര്‍ന്നു.കേരളത്തില്‍ മരണവും ദുരിതവും വിതച്ചു.
ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു. സന്ധി വേദന കൊണ്ടും പേശി വേദന കൊണ്ടും നിവര്‍ന്നൊന്ന് ഇരിക്കാന്‍ പോലും പറ്റാത്ത മനുഷ്യര്‍ ആശുപത്രി വരാന്തകളില്‍ കുമിഞ്ഞ് കൂടി. രോഗത്തിന്‍റെ ബാക്കി പത്രമായ സന്ധി വേദനയും നീരുമൊക്കെ ഇപ്പോഴും അലട്ടുന്നവരുണ്ട്.
വീണ്ടും ജാഗ്രത എന്തുകൊണ്ട് ?
അതേ റീയൂണിയന്‍ ദ്വീപുകളില്‍ വീണ്ടും പടരുകയാണ് ചിക്കുന്‍ ഗുനിയ.15000ത്തോളം ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം പരത്തുന്ന ഈഡിസ് ഈജിപ്തി/ആല്‍ബോപിക്റ്റസ് കൊതുകുകളുടെ സാന്നിധ്യം കേരളത്തില്‍ കൂടുതലായതുകൊണ്ടാണ് കടുത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്.
ചിക്കുന്‍ഗുനിയയും ചിക്കനും തമ്മില്‍
ആഫ്രിക്കയിലെ മക്കൊണ്ട ഗോത്രഭാഷയില്‍ നിന്നാണ് ചിക്കുന്‍ഗുനിയ എന്ന പേര് വരുന്നത്. അര്‍ഥം വളയുന്നത് എന്നാണ്. അസഹനീയമായ സന്ധി വേദനകാരരണം രോഗി വളഞ്ഞ് പോകുന്നതാണ് ഈ പേര് വരാന്‍ കാരണം. ചിക്കനുമായി പേരിന് ബന്ധമൊന്നുമില്ല.
ലക്ഷണങ്ങള്‍
കഠിനമായ പനി, സന്ധി വേദന, പേശിവേദന, തലവേദന, ക്ഷീണം, ചര്‍മ്മത്തില്‍ തടിപ്പുകള്‍ എന്നിവയാണ് ചിക്കുന്‍ഗുനിയയുടെ പ്രധാന ലക്ഷണങ്ങള്‍. മുന്‍പ് ചിക്കുന്‍ഗുനിയ വന്നിട്ടുള്ളവര്‍ക്ക് പ്രതിരോധശക്തി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അതുകൊണ്ട് തന്നെ 2007 നു ശേഷം ജനിച്ചവരുടേയും നവജാത ശിശുക്കളുടേയും കാര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണം.
പ്രതിരോധം എങ്ങനെ?
രോഗം പരത്തുന്ന കൊതുകുകള്‍ പ്രധാനമായും മുട്ടയിട്ട് പെരുകുന്നത് കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ്. അതുകൊണ്ട് കൊതുകു പെരുകാതെയും കടിക്കാതെയും നോക്കുകയാണ് പ്രധാന പ്രതിരോധ മാര്‍ഗം. കൊച്ചുകുട്ടികളെ കൊതുകു വലയ്ക്കുളളില്‍ മാത്രം കിടത്തുക. കൊതുകുകളുടെ ഉറവിട നശീകരണമാണ് ഏറ്റവും പ്രധാനമെന്നും ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ചികില്‍സ തേടണമെന്നും മുന്നറിയിപ്പ് നല്കുകയാണ് ആരോഗ്യവകുപ്പ്.