രാജ്യാന്തര പുരുഷാരോഗ്യ മാസമാണ് ജൂണ്‍. ശാരീരിക ക്ഷമതയോടൊപ്പം പ്രധാനമാണ് പുരുഷന്മാരുടെ മാനസികാരോഗ്യം എന്ന തിരിച്ചറിവാണ് ‘മെന്റല്‍ ഹെല്‍ത്ത് അമേരിക്ക’യുടെ നേതൃത്വത്തില്‍ നടക്കുന്ന മാസാചരണത്തിന്റെ അടിസ്ഥാനം. പുരുഷന്മാരിലെ ആത്മഹത്യാ നിരക്ക് സ്ത്രീകളെക്കാള്‍ മൂന്നിരട്ടിയോളം വര്‍ധിച്ചുവെന്ന 2022ലെ ‘ദ് ലാൻസെറ്റ് റീജണൽ ഹെൽത്തി’ന്റെ റിപ്പോർട്ട് കാണുമ്പോള്‍ ഇത്തരം ബോധവല്‍കരണ പരിപാടികളുടെ പ്രാധാന്യം വ്യക്തമാകും.
2022ല്‍ ഇന്ത്യയില്‍ 45,026 സ്ത്രീകളും 1,18,979 പുരുഷന്മാരുമാണ് ആത്മഹത്യ ചെയ്തത്. വലിയൊരു ശതമാനം പുരുഷന്മാരും മനോവിഷമങ്ങള്‍ മറ്റുള്ളവര്‍ക്കു മുന്‍പില്‍ പ്രകടിപ്പിക്കാതെ സമ്മർദത്തെ ഒറ്റയ്‌ക്ക് നേരിടുന്നതാണ് മാനസികാരോഗ്യം കുറയാന്‍ കാരണമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. 'ആണുങ്ങള്‍ കരയാന്‍ പാടില്ല' എന്നതുള്‍പ്പെടെ സമൂഹം ചാര്‍ത്തിക്കൊടുത്ത യാഥാസ്ഥിതിക വിശ്വാസങ്ങൾ പുരുഷന്മാരിലെ മാനസിക പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുന്നു.
അമേരിക്കയില്‍ സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോള്‍ നാലിരട്ടി പുരുഷന്മാരാണ് ഓരോ വര്‍ഷവും ആത്മഹത്യ ചെയ്യുന്നത്. അവിടെ പ്രതിവർഷം 60 ലക്ഷം പുരുഷന്മാർ വിഷാദരോഗത്തിന്‍റെ പിടിയിലാകുന്നുവെന്നും അത് പലപ്പോഴും കണ്ടുപിടിക്കപ്പെടാതെ പോകുന്നുവെന്നും മെന്റല്‍ ഹെൽത്ത് അമേരിക്കയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പുരുഷന്മാരിൽ ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾ വർദ്ധിച്ചുവരുന്നുവെന്ന് ആഗോളതലത്തിലെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. മാനസികാരോഗ്യത്തെ ബാധിക്കുന്ന സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ ഹോര്‍മോണ്‍ കുറയുന്നു. ഈ സാഹചര്യം മൂഡ് സ്വിങ്സ്, ഉത്കണ്ഠ, വിഷാദം എന്നിവ വര്‍ധിപ്പിക്കും.
ഒരു പ്രവർത്തിയിലും ഏര്‍പ്പെടാന്‍ തോന്നാതിരിക്കുക, വിശപ്പില്ലായ്മ, അകാരണമായ ദേഷ്യം, ക്ഷീണം, ജോലിസ്ഥലത്ത് മണിക്കൂറുകൾ ചിലവഴിക്കുന്നതില്‍ നിന്നും രക്ഷപ്പെടാനുള്ള പ്രവണത എന്നിവ ഉൾപ്പെടെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ പുരുഷന്മാർ പൊതുവേ അവഗണിക്കുകയാണ് പതിവ്. മദ്യം, മയക്കുമരുന്ന് എന്നിവയുടെ അമിത ഉപയോഗവും പുരുഷന്മാരിൽ വിഷാദരോഗത്തിന് വഴിവയ്ക്കുന്നുണ്ട്.
വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് ബലഹീനതയല്ലെന്ന് തിരിച്ചറിയുന്നതിലൂടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സാധിക്കും. മനസിലുള്ള പ്രശ്നങ്ങളും ആശങ്കകളും തുറന്നുപറയുന്ന പുരുഷനെ ബലഹീനനായി ചിത്രീകരിക്കാതിരിക്കുകയാണ് സമൂഹം ചെയ്യേണ്ടത്. മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ കൃത്യമായ വൈദ്യ സഹായം തേടാനും മടിക്കരുത്.