Photo Credit; facebook (achu helen)
മാറുന്ന ലൈംഗികതയെപ്പറ്റിയും, ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ ആവശ്യകതയെപ്പറ്റിയും വൈറല്‍ കുറിപ്പുമായി നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്. ഒരു സ്ത്രീ സെക്സിനെപ്പറ്റി സംസാരിച്ചാല്‍, അവളെ മോശപ്പെട്ടയാളായി കണക്കാക്കുന്ന സമൂഹമാണ് നമ്മുടേതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ലൈംഗികത പാപമായി കാണുന്ന അവസാനത്തെ തലമുറയാകട്ടെ നമ്മുടേത്. തലമുറകളായുള്ള പാപചിന്തയിൽ നിന്ന് പുറത്തുവരാൻ സമയമായെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ആണുങ്ങളോട് സംസാരിച്ചാൽ ചെവി പഴുത്തുപോകുമെന്ന് പറഞ്ഞു സോഷ്യൽ കണ്ടീഷനിംഗ് നടത്തിയ സ്ത്രീകളുടെ തലമുറയാണ് നമ്മുടേത്. അവിടെ പോയി ‘ലൈംഗികത ആസ്വദിക്കാൻ ഉള്ളതാണ്, ഓർഗാസം ഒരു സ്ത്രീയുടെ അവകാശമാണ്’ എന്നൊക്കെ ഒരു പുരുഷന്‍ പറഞ്ഞാൽ, അയാളെ കളിയാക്കാനും, അവന്‍റെ താല്‍പര്യം വേറെയാണെന്ന് പറയാനും കുറേപ്പേര്‍ കാണും. ‘യാഥാർത്ഥത്തിൽ സെക്സ് എന്തോ വലിയ കാര്യമാണ്, പാപമാണ്, കുട്ടികളെ ജനിപ്പിക്കാന്‍ മാത്രമുള്ളതാണ്, അത് ആസ്വദിക്കുന്നതും അതേപ്പറ്റി സംസാരിക്കുന്നതും മോശമാണ് എന്നൊക്കെയുള്ള മിഥ്യാധാരണകളിൽ ജീവിച്ച് മരിച്ചുപോകുന്ന ജനതയാണ് നമ്മൾ. പ്രപഞ്ചം മനുഷ്യന് ആസ്വദിക്കാൻ ഒരുക്കിത്തന്നതിനെ കുറ്റബോധം വരുത്തുന്ന ഒന്നായി സമൂഹം കാണുന്നതിന്‍റെ ലോജിക് എനിക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.’ – അച്ചു പറയുന്നു.
‘സെക്സ് ഒരു കടമയാണ്, പുനരുൽപാദനത്തിനുള്ള ഉപകരണം മാത്രമാണ് എന്നൊക്കെ പറയാതെ പറഞ്ഞു പഠിപ്പിച്ചാണ് നമ്മള്‍ പെണ്‍കുട്ടികളെ വളര്‍ത്തുന്നത്. അല്ലാതെ രണ്ടുപേർ തമ്മിലുള്ള അടുപ്പത്തിന്‍റെയോ സന്തോഷത്തിന്‍റെയോ ഉറവിടമായി നമ്മൾ സെക്സിനെ കാണുന്നതേ ഇല്ല. മിക്കപ്പോഴും, ഭർത്താവിന്‍റെ സന്തോഷത്തിനായിട്ടാണ് സ്ത്രീകൾ സെക്സിലേര്‍പ്പെടുന്നത്. ഭർത്താക്കന്മാർക്കാകട്ടെ, ഭാര്യമാരുടെ ലൈംഗിക ആവശ്യങ്ങളെക്കുറിച്ച് വലിയ ബോധ്യം ഉണ്ടാവുകയുമില്ല. കര പെട്ടെന്ന് ചൂടാവുകയും തണുക്കുകയും ചെയ്യുന്നത് പോലെയാണ് പുരുഷന്മാര്‍. പലരും സ്ത്രീകളുടെ ഓർഗാസത്തെക്കുറിച്ചൊന്നും ഒരു ധാരണയും ഇല്ലാതെ, പെട്ടെന്ന് ചൂടാവുകയും, കാര്യം കഴിഞ്ഞ് തിരിഞ്ഞുകിടന്നുറങ്ങുകയും ചെയ്യും. ഇതാണ് സെക്സ് എന്നുകരുതി ഭൂരിപക്ഷം സ്ത്രീകളും നെടുവീർപ്പിട്ട് കിടന്നുറങ്ങും. ഫോർപ്ലേ, സ്ത്രീകളുടെ ഓർഗാസം തുടങ്ങിയ കാര്യങ്ങൾ അടുത്ത കാലത്താണ് കേരളത്തിലെ സ്ത്രീകളുടെ ഡിക്ഷ്ണറിയിൽ ഇടംപിടിക്കാൻ തുടങ്ങിയത്. അതിന് ഒരു കാരണം സ്ത്രീകള്‍ സാമ്പത്തികസ്വാതന്ത്ര്യം നേടിത്തുടങ്ങിയതാണ്. കുടുംബത്തിന്‍റെ വരുമാനസ്രോതസ് പുരുഷൻ മാത്രമായിരുന്നപ്പോൾ സ്ത്രീകൾ തങ്ങളുടെ ഭാഗം സംസാരിക്കാന്‍ അവകാശം കുറവാണെന്ന് കരുതിപ്പോന്നു. ഇപ്പോൾ, ആ സ്ഥിതി മാറി. കൂടുതല്‍ സ്ത്രീകള്‍ ജോലി ചെയ്ത് കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്നു.’ ലൈംഗികത ഉള്‍പ്പടെയുള്ള കാര്യങ്ങളിൽ വ്യക്തിപരമായ അവകാശമുണ്ടെന്നുള്ള ബോധ്യം അവര്‍ക്കും വന്നുതുടങ്ങിയെന്നും അച്ചു ഹെലന്‍ ചൂണ്ടിക്കാട്ടുന്നു.
‘ശരീരത്തെക്കുറിച്ചും, ലൈംഗികത തരുന്ന ആനന്ദത്തെക്കുറിച്ചും സംസാരിക്കരുതെന്ന് പറഞ്ഞുപഠിപ്പിച്ചാണ് നമ്മൾ പെൺകുട്ടികളെ വളർത്തുന്നത്. ലൈംഗിക ആനന്ദം ഒളിച്ചുവയ്ക്കേണ്ട ഒന്നാണെന്ന് അവരെ നമ്മൾ തെറ്റിദ്ധരിപ്പിക്കുന്നു. ലൈംഗികത ഒരു തെറ്റല്ല, പാപമല്ല, രഹസ്യമായി വയ്‌ക്കേണ്ട കാര്യമോ ഡ്യൂട്ടിയോ അല്ല. മനസ്സിൽ കുറ്റബോധം തോന്നാതെ, സ്വയമോ പരസ്പരമോ ആസ്വദിക്കേണ്ട ഒന്നാണ്. പല സ്ത്രീകൾക്കും തങ്ങളുടെ ലൈംഗിക അവയവങ്ങളെക്കുറിച്ച് അറിവില്ല എന്നതാണ് സത്യം. കന്യാചർമം എന്നൊക്കെ പറഞ്ഞ് പലരും കുട്ടികളെ പേടിപ്പിച്ചുവച്ചിരിക്കുകയാണ്. ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി ശരീര ഭാഗങ്ങൾ പഠിപ്പിക്കുന്ന കൂട്ടത്തിൽ പഠിപ്പിക്കേണ്ട കാര്യമാണ് സുരക്ഷിതമായ ലൈംഗികത പാപമല്ലെന്നും അതാസ്വദിക്കുന്നതിൽ കുറ്റബോധം തോന്നേണ്ട കാര്യമില്ലെന്നും ഉള്ള വസ്തുത.’ – അവര്‍ കുറിച്ചു.
‘ആണുങ്ങൾ സ്വയംഭോഗം ചെയ്യാറുണ്ടെന്ന് പറഞ്ഞാൽ അതൊരു സാധാരണ കാര്യമായി അംഗീകരിക്കുന്ന സമൂഹം, സ്ത്രീകള്‍ അങ്ങനെ ചെയ്യുന്നതിനെ മോശമായി കാണുന്നത് ഇരട്ടത്താപ്പാണ്. വൈബ്രേറ്റർ ഉപയോഗിക്കുന്ന സ്ത്രീകളെയൊക്കെ മോശക്കാരായി ചിത്രീകരിക്കുന്നു. കാരണം സ്ത്രീകൾ ലൈംഗികസുഖം ആസ്വദിക്കുന്നത് നമുക്കാലോചിക്കാൻ കൂടി കഴിയാത്ത ഒന്നാണ്. ലൈംഗികത തുറന്നു സംസാരിക്കാതെ വരുന്ന ഇടങ്ങളില്‍ നമ്മൾക്ക് നമ്മുടെ തന്നെ ഒരംശം നഷ്ടപ്പെടും, ചിലപ്പോൾ ഒരിക്കലും തിരിച്ചുകിട്ടാനാവാത്തവിധം.’
‘തലമുറകളായുള്ള പാപചിന്തയിൽ നിന്ന് പുറത്തുവരാൻ സമയമായി. നമ്മുടെ ശരീരത്തെക്കുറിച്ചും, ആനന്ദത്തെക്കുറിച്ചും, ഫാന്‍റസികളെക്കുറിച്ചും അഭിമാനത്തോടെ, പരസ്പര ബഹുമാനത്തോടെ തുറന്നു സംസാരിക്കാൻ സമയമായി. ലൈംഗികത ഒരാൾ കൊടുക്കുകയും ഒരാൾ വാങ്ങുകയും ചെയ്യുന്ന ഒരു കച്ചവടം അല്ലെന്നും, അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കൽ വാങ്ങലുകൾ നടക്കുന്ന ഒരു പാരസ്പര്യമാണെന്നും നമ്മുടെ ആൺകുട്ടികളെയും പെൺകുട്ടികളെയും, അതിനേക്കാളേറെ നമ്മളെത്തന്നെയും പറഞ്ഞു മനസിലാക്കാൻ സമയമായി.’ സ്ത്രീയുടെ രതിമൂര്‍ച്ഛ അവളുടെ അവകാശമാണെന്നും, പലപ്പോഴും അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ആണുങ്ങൾക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നും തിരിച്ചറിയേണ്ട സമയമായെന്നും ഹെലന്‍ തുറന്നുപറയുന്നു.
‘ലൈംഗികത പാപമായി കാണുന്നതും, ആനന്ദം കണ്ടെത്താനുളള സ്ത്രീകളുടെ ആഗ്രഹത്തെ മോശം കാര്യമായി കാണുന്നതുമൊക്കെ നിർത്താൻ സമയമായി. തുല്യതയ്ക്കും ആനന്ദത്തിനും വിശ്വാസത്തിനും ഉള്ള സ്പേസ് ആയി ലൈംഗികതയെ പരിഗണിക്കാൻ കഴിയണം. സ്ത്രീകൾ പങ്കാളികളോട് നിങ്ങളുടെ ലൈംഗിക ആവശ്യത്തെ കുറിച്ച് മനസ് തുറന്നു സംസാരിക്കുക. കാരണം ചില സംസ്കാരങ്ങളുടെ മാറ്റങ്ങൾ തുടങ്ങുന്നത് ഒരു പക്ഷെ കിടപ്പറകളിൽ നടക്കുന്ന ഒരു ചെറിയ സംഭാഷണത്തിൽ നിന്നായിരിക്കും.’
‘ഇതൊക്കെ എഴുതാൻ എളുപ്പമാണ്, പ്രയോഗത്തിൽ കൊണ്ടുവരിക അത്ര എളുപ്പമല്ല. പക്ഷെ വളർന്നുവരുന്ന തലമുറ ലൈംഗികതയെ കൂടുതൽ ആരോഗ്യകരമായി കാണുകയും, അതിനെക്കുറിച്ച് കൂടുതൽ ഓപ്പൺ ആയി സംസാരിക്കുകയും ചെയ്യുന്നത് കാണുന്നതാണ് ഒരാശ്വാസം. ലൈംഗികത പാപമായി കാണുന്ന അവസാനത്തെ തലമുറ നമ്മുടേത് ആകട്ടെ. സ്ത്രീകൾക്ക് മാത്രം സാധ്യമാകുന്ന തുടർച്ചയായ ഓർഗാസങ്ങൾക്ക് നമ്മുടെ കിടപ്പറകൾ വേദിയാകട്ടെ...’ – നസീര്‍ ഹൂസൈന്‍ കിഴക്കേടത്ത് വ്യക്തമാക്കി.