ഇരുന്നുളള ജോലി ചെയ്യുന്നവരാണോ നിങ്ങള്‍ എങ്കില്‍ കരുതിയിരിക്കണം ഡെഡ് ബട്ട് സിന്‍ഡ്രോം എന്ന രോഗത്തെ. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ സാധാരണ കണ്ടുവരുന്നത് നടുവേദന, പുറംവേദന, ഡിസ്ക് സംബന്ധമായ പ്രശ്നങ്ങള്‍, കഴുത്ത് വേദന എന്നീ ആരോഗ്യപ്രശ്നങ്ങളാണ്. എന്നാല്‍ ഇവയൊന്നും കൂടാതെ മറ്റൊരു രോഗവത്തെ കൂടി ഈ പട്ടികയില്‍ ഉള്‍പ്പെടുത്താം. അതാണ് ഡെഡ് ബട്ട് സിന്‍ഡ്രോം.
പേര് കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും വളരെ ഗൗരവമായി തന്നെ കാണേണ്ട ഒരു രോഗാവസ്ഥയാണ് ഡെഡ് ബട്ട് സിന്‍ഡ്രോം. ഈ രോഗത്തിന്‍റെ ശരിയായ പേര് ഗ്ലൂട്ടിയല്‍ അംനേഷ്യ എന്നാണ്. ദീര്‍ഘനേരമുളള ഇരിപ്പ് പൃഷ്‌ഠ ഭാഗത്തുളള മൂന്ന് ഗ്ലൂട്ടിയല്‍ പേശികളെ ദുര്‍ബലമാക്കുന്നതാണ് ഡെഡ് ബട്ട് സിന്‍ഡ്രോമിലേക്ക് നയിക്കുന്നത്. ചലന സമയത്ത് ശരിയായി ചുരുങ്ങാനായി ഗ്ലൂട്ടിയല്‍ പേശികള്‍ മറന്ന് പോകും. ഇത് നമ്മുടെ നടപ്പിനെയും ഇരിപ്പിനെയും ചലനത്തെയുമെല്ലാം ബാധിക്കുന്നു.
നമ്മുടെ ശരീരത്തിലെ പലതരത്തിലുളള ചലനങ്ങളില്‍ മുഖ്യപങ്കുവഹിക്കുന്ന പേശികളാണ് ഗ്ലൂട്ടുകള്‍. നട്ടെല്ലിനുളള ഒരു അടിത്തറ പോലെയാണ് ഈ പേശികള്‍ നിലകൊളളുന്നത്. ഈ പേശികള്‍ കാലുകള്‍ പൊക്കി വയ്‌ക്കാന്‍ സഹായിക്കുകയും പൃഷ്‌ഠ ഭാഗത്തെ ദൃഢമാക്കുകയും ചെയ്യുന്നു. നമ്മള്‍ ഇരിക്കുന്ന സമയത്ത് വിശ്രമിക്കുന്ന ഈ പേശികളെ പക്ഷേ ദീര്‍ഘനേരമുളള ഇരിപ്പ് ദോഷകരമായി തന്നെ ബാധിക്കുന്നു. ഗ്ലൂട്ട് പേശികള്‍ ദുര്‍ബലമാകുന്നത് സാധാരണ നടത്തത്തെയും ഓട്ടത്തെയുമെല്ലാം സാരമായി തന്നെ ബാധിക്കും.
ഗ്ലൂട്ട് പേശികള്‍ ദുര്‍ബലമാകുന്നത് പിന്‍ ഭാഗത്തിനും കാലിലെ പേശികള്‍ക്കും അമിത സമ്മര്‍ദം നല്‍കും. മാത്രമല്ല ശരീര സന്തുലനത്തെയും അരക്കെട്ടിന്‍റെ ചലനത്തെയും ഏകോപനത്തെയുമെല്ലാം സാരമായി തന്നെ ബാധിക്കും. ഇതുമൂലം അരക്കെട്ടിലും കാലുകളിലും പുറം ഭാഗത്തും അസഹ്യമായ വേദന അനുഭവപ്പെട്ടേക്കാം. എഴുന്നേല്‍ക്കാനും നേരെ നില്‍ക്കാനുള്ള ബുദ്ധിമുട്ട്, പടികള്‍ കയറാനും , ഭാരം ഉയര്‍ത്താനും, ഓടാനുമുളള പ്രയാസം, അസ്വസ്ഥത, പരിമിതമായ ചലനങ്ങള്‍ എന്നിവയെല്ലാമാണ് ഡെഡ് ബട്ട് സിന്‍ഡ്രോമിന്‍റെ ലക്ഷണങ്ങള്‍. ഒരുപക്ഷേ ഡെഡ് ബട്ട് സിന്‍ഡ്രോം സന്ധിവാതത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട്.
ദീര്‍ഘനേരമുളള ഇരിപ്പ് കഴിവതും ഒഴിവാക്കുക എന്നതാണ് രോഗത്തെ പ്രതിരോധിക്കാനുളള പ്രധാന മാര്‍ഗം. ഇരിപ്പിന് ഇടവേള നല്‍കുക. ഇടയ്ക്ക് സ്‌ട്രെച്ച് ചെയ്യുന്നതും എഴുന്നേറ്റ് നടക്കുന്നതും രോഗസാധ്യത കുറയ്ക്കും. നിത്യവും വ്യായാമം ചെയ്യുന്നതും നല്ലതാണ്. ശരിയായ രീതിയില്‍ ഇരിക്കുന്നതും രോഗസാധ്യത കുറയ്ക്കും.