belly-fat

TOPICS COVERED

എത്ര ശമിച്ചിട്ടും കുറയാത്ത കുടവയര്‍ പലര്‍ക്കും ഒരു പ്രശ്നമാണ്. എന്നാല്‍ ഇതിന്‍റെ കാരണം കണ്ടുപിടിച്ചാലേ ശരിയായ രീതിയില്‍ പ്രശ്നപരിഹാരം ഉണ്ടാവുകയുള്ളൂ.  ഒരുപക്ഷെ വിട്ടുമാറാത്ത വീക്കമായിരിക്കാം കുടവയറിന് കാരണം. ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തിയും സമ്മര്‍ദം നിയന്ത്രിച്ചും ഇത് കുറയ്ക്കാന്‍ സാധിക്കും. എളുപ്പത്തില്‍ കൊഴുപ്പ് നീക്കം ചെയ്യുക എന്നതാണ് അതിനായി ചെയ്യേണ്ടത്.

അനാരോഗ്യകരമായ ഭക്ഷണരീതി, സമ്മര്‍ദം, ഉറക്കമില്ലായ്മ എന്നിവയാണ് വിട്ടുമാറാത്ത ശരീരവീക്കത്തിന് കാരണം. ഇതെല്ലാം സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്‍റെ ഉല്‍പാദനം വര്‍ധിപ്പിക്കും. കോര്‍ട്ടിസോളിന്‍റെ അമിത ഉല്‍പ്പാദനം വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടാന്‍ ഇടയാക്കും. ആന്‍റി-ഇന്‍ഫ്ലമേറ്ററിയായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് ഇതിന് പരിഹാരമാര്‍ഗം. ഇഞ്ചി, മഞ്ഞള്‍, നെല്ലിക്ക, ഓറഞ്ച്, കുരുമുളക് എന്നീ ചേരുവകളടങ്ങിയ ഒരു ‘മാജിക് ഡ്രിങ്ക്’ ശരീരവീക്കം നിയന്ത്രിക്കാന്‍ സഹായിക്കും.

ഇഞ്ചിയും മഞ്ഞളും ചെറിയ കഷ്ണങ്ങളായി മുറിക്കുക. ഓറഞ്ചിന്‍റെയും നെല്ലിക്കയുടെയും കുരു നീക്കം ചെയ്തെടുക്കാം. ശേഷം ഈ ചേരുവകളെല്ലാം കൂടി അല്‍പം വെള്ളം ചേര്‍ന്ന് നന്നായി അരച്ചെടുക്കാം. ഇത് അരിച്ചെടുത്ത ശേഷം കുടിക്കാം. എന്നും രാവിലെ ഇത് കുടിക്കുന്നത് ശരീരവീക്കം കുറയ്ക്കാന്‍ സഹായിക്കും. മഞ്ഞളില്‍ അടങ്ങിയ കുര്‍കുമിന്‍ മികച്ച ഒരു ആന്‍റി-ഓക്‌സിഡന്‍റ് ആണ്. കുരുമുളക് കുര്‍കുമിന്‍റെ ആഗിരണത്തെ പ്രോത്സാഹിപ്പിക്കും.ഇഞ്ചിയില്‍ ആന്‍റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയതാണ്. ഇത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ വയറ്റിലുണ്ടാകാവുന്ന അസ്വസ്ഥത കുറയാനും സഹായിക്കും. വിറ്റാമിന്‍ സി ധാരാളമുള്ള നെല്ലിക്കയും ഓറഞ്ചും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ഓക്‌സിഡേറ്റീവ് സ്‌ട്രെസിനോട് പോരോടുകയും ചെയ്യും.

ഇന്‍ഫ്ലമേഷന്‍ ട്രിഗര്‍ ചെയ്യുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കാനും കുടവയര്‍ കുറയ്ക്കേണ്ടവര്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രോസസ്ഡ് ഭക്ഷണങ്ങള്‍, പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ്, തുടങ്ങിയവ വീക്കമുണ്ടാക്കുന്ന ഭക്ഷണങ്ങളാണ്. ഓട്സ്, ധാരാളം നാരുകള്‍ അടങ്ങിയ പഴവര്‍ഗങ്ങള്‍ എന്നിവ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നിയന്ത്രിക്കും.

ENGLISH SUMMARY:

A magic drink to reduce belly fat