ഇനി മല്‍സരിക്കാനില്ലെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍. തല്‍ക്കാലം പൊതുരംഗത്തുനിന്ന് വിട്ടുനില്‍ക്കും. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കള്‍ തനിക്കായി തൃശൂരില്‍ എത്തിയില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. തൃശൂരില്‍ ഏകോപനമില്ലെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. സംഘടനാ സംവിധാനം സംസ്ഥാനത്ത് മൊത്തത്തില്‍ പ്രയാസത്തിലാണ്. എന്നും കോണ്‍ഗ്രസിന്‍റെ സാദാ പ്രവര്‍ത്തകനായിരിക്കും. എല്‍ഡിഎഫ് ജയിച്ചിരുന്നെങ്കില്‍ തനിക്ക് ദുഃഖമില്ലായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.
വടകരയില്‍ മല്‍സരിച്ചെങ്കില്‍ താന്‍ ജയിച്ചേനെ. കുരുതികൊടുക്കാന്‍ ഞാന്‍ നിന്നുകൊടുക്കേണ്ട കാര്യമില്ലായിരുന്നു. പത്മജ പാര്‍ട്ടിയില്‍നിന്ന് പോകുന്നു; ഇവിടെ എന്തോ മല മറിക്കാന്‍ പോകുന്നു എന്ന് പറഞ്ഞു. ആ വെല്ലുവിളി ഏറ്റെടുത്തു. തൃശൂര്‍ തനിക്ക് രാശിയില്ലാത്ത സ്ഥലമാണെന്നും കെ.മുരളീധരന്‍ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലം തൊട്ട് സംസ്ഥാനത്ത് സിപിഎം-ബിജെപി അവിഹിതബന്ധം ഉണ്ടെന്നും അത്തരത്തിലുള്ള ധാരണയുടെ ഭാഗമാണ് തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിയുടെ വിജയമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കേന്ദ്ര ഏജന്‍സികള്‍ എടുക്കുന്ന കേസുകള്‍ വച്ച് മുഖ്യമന്ത്രിയെ വരെ ഭീഷണിപ്പെടുത്തി. ഭീഷണിക്കു വഴങ്ങിയാണ് സിപിഎം ധാരണയ്ക്ക് എത്തിയത്. കേരളത്തിലെ തിരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന ബിജെപി നേതാവിനെ എന്തിനാണ് എല്‍ഡിഎഫ് കണ്‍വീനര്‍ കണ്ടത്.
എന്തിനാണ് കേരളത്തിലെ മുഖ്യമന്ത്രി പ്രകാശ് ജാവഡേക്കറുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയത്. ഈ കൂടിക്കാഴ്ചകളിലാണ് ലാവ്‌ലിന്‍ ഉള്‍പ്പെടെയുള്ള കേസുകളിലും ഇപ്പോള്‍ ഇ.ഡി. അന്വേഷിക്കുന്ന കേസുകളിലും രക്ഷപ്പെടുത്തി കൊടുക്കാം എന്ന വാക്കിന്റെ പുറത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സൗകര്യം സിപിഎം ചെയ്തുകൊടുത്തത്. ഈ അവിഹിത ബന്ധത്തെ കൂടുതല്‍ തുറന്നുകാട്ടി ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും സതീശന്‍ പറഞ്ഞു.