നാലരപ്പതിറ്റാണ്ടായി ഇടതുമുന്നണി പച്ചതൊടാത്ത പൊന്നാനി ഇക്കുറിയും ലീഗിനൊപ്പമെന്ന് മനോരമ ന്യൂസ്-വിഎംആർ പ്രീ–പോള്‍ സർവേ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ട് വിഹിതത്തില്‍ നേരിയ കുറവുണ്ടാകും. എല്‍ഡിഎഫിന്റെ വോട്ട് കൂടുതമെന്നും സര്‍വേ പ്രവചിക്കുന്നു. 3.9 ശതമാനം വര്‍ധനയാണ് ഇടതുവോട്ടില്‍ പ്രതീക്ഷിക്കുന്നത്. എന്നിട്ടും എല്‍ഡിഎഫിന്റെ വോട്ട് വിഹിതം യുഡിഎഫിന്റേതിനേക്കാള്‍ 15 ശതമാനത്തോളം കുറവാണ്. യുഡിഎഫിന് 51 ശതമാനവും എല്‍ഡിഎഫിന് 36.19 ശതമാനവും. ബിജെപി വോട്ടില്‍ 0.64 ശതമാനത്തിന്റെ കുറവുണ്ടായേക്കും. 10.23 ശതമാനമാണ് എന്‍ഡിഎ വോട്ട് വിഹിതം. 

 

മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവ് ഇ.ടി.മുഹമ്മദ് ബഷീർ ഹാട്രിക് തികച്ച മണ്ഡലമാണ് പൊന്നാനി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 1,93,273 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് പി.വി.അൻവറെ കീഴടക്കിയാണ് ഇ.ടി മൂന്നാം വിജയം കുറിച്ചത്. ഇക്കുറി ഇടി മലപ്പുറത്തേക്ക് മാറിയപ്പോള്‍ പകരമെത്തിയത് മലപ്പുറം എംപി ഡോ. അബ്ദുസമദ് സമദാനി. മുന്‍ ലീഗ് നേതാവ് കെ.എസ്.ഹംസയെ രംഗത്തിറക്കിയാണ് സിപിഎം ഭാഗ്യം പരീക്ഷിക്കുന്നത്. ലീഗിന്റെ അകവും പുറവും അടുത്തറിയുന്ന ഹംസയുടെ സാന്നിധ്യം എല്‍ഡിഎഫിന് ഊര്‍ജം നല്‍കിയിട്ടുണ്ട് എന്നത് വസ്തുതയാണ്. നിവേദിത സുബ്രഹ്മണ്യനാണ് ബിജെപി സ്ഥാനാര്‍ഥി.

 

മാര്‍ച്ച് മാസം സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാമണ്ഡലങ്ങളും കവര്‍ ചെയ്ത് 28,000 വോട്ടര്‍മാരെ നേരില്‍ക്കണ്ടാണ് മനോരമന്യൂസ്–വി.എംആര്‍ പ്രീ–പോള്‍ സര്‍വേ നടത്തിയത്. ഈ സമയത്ത് തിരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും സാധ്യതകള്‍ എന്നാണ് സര്‍വേ വിലയിരുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ മുഖാമുഖം കണ്ട് തയാറാക്കിയ സര്‍വേയാണ് മനോരമന്യൂസ്–വിഎംആര്‍ ‘ഇരുപതില്‍ ആര്’ സര്‍വേ.

 

Here is the prospects of UDF, LDF and BJP in Ponnani Loksabha constituency in 2024 election. Manorama News-VMR Mood of the State Survey result.