ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളില്‍ 13 ഇടത്തും യുഡിഎഫിന് വിജയസാധ്യതയെന്ന്  മനോരമ ന്യൂസ് –വിഎംആര്‍ സര്‍വേ.  ശക്തമായ മല്‍സരം നടക്കുന്ന നാലുമണ്ഡലങ്ങളില്‍ ഫലം പ്രവചനാതീതമാണ്. മൂന്നിടത്ത് മുന്‍തൂക്കം യുഡിഎഫിനെങ്കിലും അട്ടിമറിക്ക് സാധ്യതയുണ്ട്. സര്‍വേ പ്രകാരം ലോക്സഭയിലേക്ക്  43.38% പേര്‍ യുഡിഎഫിനും 34.74% പേര്‍ എല്‍ഡിഎഫിനും 18.44% പേര്‍ എന്‍ഡിഎയ്ക്കും വോട്ടുചെയ്യും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ആലത്തൂര്‍, മലപ്പുറം, കോഴിക്കോട് , പൊന്നാനി,  വയനാട്, കാസര്‍കോട്  മണ്ഡലങ്ങളാണ് യുഡിഎഫിന്  പ്രതീക്ഷ പുലര്‍ത്താവുന്നവ. വടകര, കണ്ണൂര്‍, ആറ്റിങ്ങല്‍, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ കടുത്ത മല്‍സരമായതിനാല്‍ ഫലം പ്രവചനാതീതമാണ്. എന്‍ഡിഎ സ്വാധീനമാണ് ഈ നാല് മണ്ഡലങ്ങളിലും മല്‍സരം കടുത്തതാക്കുന്നത്. തൃശൂര്‍, ചാലക്കുടി, മാവേലിക്കര മണ്ഡലങ്ങളില്‍ മുന്‍തൂക്കം യുഡിഎഫിനെങ്കിലും ഫലം മാറിമറിയാം. ചാലക്കുടിയില്‍  യുഡിഎഫ് വോട്ടുകളില്‍ ട്വന്റി 20യും ഇടതുവോട്ടുകളില്‍ എന്‍ഡിഎയും വിള്ളല്‍ വീഴ്ത്താന്‍ സാധ്യതയേറെയാണ്. തൃശൂരില്‍ യുഡിഎഫിന്   മുന്‍തൂക്കമുണ്ടെങ്കിലും തലപ്പൊക്കം ആര്‍ക്കെന്നതില്‍ മറ്റ് ഘടകങ്ങളും നിര്‍ണായകമാവും. മറ്റ് മണ്ഡലങ്ങളിലേതുപോലെ എല്‍ഡിഎഫിനല്ല, യുഡിഎഫിന് വോട്ടുവിഹിതം കുറയുമെന്നതാണ് മാവേലിക്കരയിലെ സവിശേഷത. എന്‍ഡിഎ വോട്ടുബലമാവും അന്തിമഫലം നിശ്ചയിക്കുക.

 

മാസപ്പടി വിവാദത്തില്‍ കഴമ്പുണ്ടെന്നും ഇഡിയെ കേന്ദ്രം ദുരുപയോഗിക്കുന്നുണ്ടെന്നും സര്‍വേയില്‍ പങ്കെടുത്ത പകുതിയിലധികം പേര്‍ അഭിപ്രായപ്പെട്ടു. നവകേരള സദസ് കേരളത്തിന് ഗുണം ചെയ്തോ എന്ന ചോദ്യത്തിന് ഇല്ലെന്ന് 47.04 ശതമാനവും ചെയ്തെന്ന് 46.2 ശതമാനം പേരും അഭിപ്രായപ്പെട്ടു. വനിതാസംവരണ നിയമത്തെയും വന്ദേഭാരത് ട്രെയിനിനെയും കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളായി വിലയിരുത്തിയവര്‍ തന്നെ   രാമക്ഷേത്രത്തെ മാത്രം അങ്ങനെ കണ്ടില്ല. ക്ഷേത്രം  ബിജെപി സര്‍ക്കാരിന്റെ  നേട്ടമല്ലെന്ന് അഭിപ്രായപ്പെട്ടത് 54 ശതമാനം  പേരാണ്.

 

വിലക്കയറ്റവും   കാര്‍ഷിക പ്രതിസന്ധിയും വര്‍ഗീയ ധ്രുവീകരണവുംമണിപ്പുര്‍ പ്രശ്നവും ഒരേപോലെ കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകളാണ്. അയോധ്യ തര്‍ക്കത്തില്‍ മുസ്‌ലിം വിഭാഗങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്നാണ് 56 ശതമാനം പേരുടെയും നിലപാട്. ഇന്ത്യയുടെ സെക്യുലര്‍ സ്വഭാവം നഷ്ടമാവുന്നതായി 50.59 % പേരും അഭിപ്രായപ്പെട്ടു. സംസ്ഥാനഭരണത്തെ വിലയിരുത്തിയാവും വോട്ടെന്ന് 66% പേരും കേന്ദ്രം കേരളത്തെ സാമ്പത്തികമായി  ബുദ്ധിമുട്ടിക്കുന്നെന്ന് 49% പേരും അഭിപ്രായപ്പെട്ടു. ഇല്ലെന്ന് നിലപാടെടുത്തത് 38%. ദേശീയതലത്തില്‍ പ്രതിപക്ഷത്തിന്‍റെ പ്രവര്‍ത്തന നല്ല മാര്‍ക്കും കിട്ടി – 66%

 

മാര്‍ച്ച് മാസം സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാമണ്ഡലങ്ങളും കവര്‍ ചെയ്ത് 28,000 വോട്ടര്‍മാരെ നേരില്‍ക്കണ്ടാണ് മനോരമന്യൂസ്–വി.എംആര്‍ പ്രീ–പോള്‍ സര്‍വേ നടത്തിയത്. ഈ സമയത്ത് തിരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും സാധ്യതകള്‍ എന്നാണ് സര്‍വേ വിലയിരുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ മുഖാമുഖം കണ്ട് തയാറാക്കിയ സര്‍വേയാണ് മനോരമന്യൂസ്–വിഎംആര്‍ ‘ഇരുപതില്‍ ആര്’ സര്‍വേ.