മനുഷ്യനുമായി ബഹിരാകാശദൗത്യം അടുത്തവര്‍ഷമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ്. അടുത്തവര്‍ഷം അവസാനത്തോടെ ആളെ കയറ്റിയ ഗഗന്‍യാന്‍ പേടകം വിക്ഷേപിക്കാന്‍ കഴിയും. പരിശീലനം പുരോഗമിക്കുകയാണ്. ബഹിരാകാശ യാത്രികര്‍ക്കായി ഐഎസ്ആര്‍ഒ സ്വന്തമായി പരിശീലനകേന്ദ്രം വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ സംവാദത്തില്‍ വെളിപ്പെടുത്തി.
ചൊവ്വയിലെ സോഫ്റ്റ് ലാന്‍റിങ് ഇപ്പോള്‍ മുന്നിലില്ല. വിശ്വാസവുമായി ബന്ധപ്പെട്ടുയര്‍ന്ന ആക്ഷേപങ്ങളോടും അദ്ദേഹം പ്രതികരിച്ചു. സാധാരണക്കാരില്‍പോലും ചന്ദ്രയാന്‍ മൂന്നിന്റെ വിജയം ഉണ്ടാക്കിയ പ്രതികരണം വളരെ വലുതാണ്. ശാസ്ത്രലോകത്തേക്ക് കുട്ടികളെ കൂടുതല്‍ ആകര്‍ഷിക്കാനായി. വിജയം ബജറ്റ് വിഹിതത്തിലും പ്രതിഫലനമുണ്ടാക്കിയേക്കാം. വലിയ നേട്ടങ്ങളെ വിശ്വാസത്തിന്‍റെ പേരുപറഞ്ഞ് ചെറുതാക്കരുത്.ചന്ദ്രനില്‍ പോയി ഭൂമിയില്‍ തിരികെയെത്തുക എന്നതാണ് ചന്ദ്രയാന്‍ നാലിന്‍റെ പ്രധാന ഉദ്ദേശം. ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ചന്ദ്രയാന്‍ മൂന്നില്‍നിന്ന് ലഭിച്ച ഡാറ്റകള്‍ നൂറോളം ശാസ്ത്രജ്ഞന്‍മാര്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ചന്ദ്രനിലെ അന്തരീക്ഷമില്ലാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരം ചന്ദ്രയാന്‍ മൂന്നില്‍നിന്ന് ലഭിച്ചേക്കാം. ആത്മകഥ എപ്പോള്‍ പുറത്തിറങ്ങുമെന്ന ചോദ്യത്തോടും എസ്. സോമനാഥ് പ്രതികരിച്ചു.