ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്കായി  പ്രത്യേക ട്രെയിന്‍ സര്‍വീസുകളൊരുക്കി റെയില്‍വേ. ഹൈദരാബാദ്, ചെന്നൈ, ബെംഗളുരു, റാഞ്ചി എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സര്‍വീസുകള്‍. മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ പ്രത്യേകം കോച്ചുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കൊല്‍ക്കത്തയിലേക്ക് സൗജന്യ ബസ് സര്‍വീസും ഒഡീഷ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

അതേസമയം, ദുരന്തത്തില്‍ ഔദ്യോഗിക കണക്കനുസരിച്ച് മരണം 275 ആയി. 300 ഓളം പേര്‍ മരിച്ചുവെന്നാണ് അനൗദ്യഗിക കണക്ക്. 88 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഇതില്‍ 78 എണ്ണം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു 1091 പേരാണ് പരുക്കേറ്റ് ചികില്‍സയിലുള്ളത്. ഇതില്‍ 56 പേരുടെ നില ഗുരുതരമാണെന്ന് റെയില്‍വേ അറിയിച്ചു. ഏതാനും മൃതദേഹങ്ങള്‍ ഇനിയും ദുരന്തസ്ഥലത്തുനിന്ന് മാറ്റാനുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു. മരിച്ചവരുടെയും പരുക്കേറ്റവരുടെയും ചിത്രങ്ങളും വിവരങ്ങളും ഉള്‍പ്പെടുത്തി ഒഡീഷ സര്‍ക്കാര്‍ വെബ്സൈറ്റ് തുടങ്ങിയിട്ടുണ്ട്. 

അപകടത്തില്‍ പരുക്കേറ്റവരെ ചികില്‍സിക്കുന്നതിനായി ഡല്‍ഹി എയിംസില്‍ നിന്ന് വിദഗ്ധ സംഘം ബാലസോറിലെത്തും. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ രാവിലെ ഭുവനേശ്വറിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചിരുന്നു. ബാലസോറില്‍ തുടരുന്ന റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ് ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ വിലയിരുത്തുകയും പരുക്കേറ്റവരെ സന്ദര്‍ശിക്കുകയും ചെയ്തു. ഇന്ന് 90 ട്രെയിനുകള്‍ റദ്ദാക്കി. 46 എണ്ണം വഴിതിരിച്ച് വിട്ടു. അതിനിടെ ദുരന്തത്തില്‍ വിദഗ്ധ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. റെയില്‍വേമന്ത്രിയുമായും ഒഡീഷ മുഖ്യമന്ത്രിയുമായും പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു.

 

Railway arranges special trains from Odisha