ഊണും ഉറക്കവുമില്ലാതെ ജനങ്ങള്‍ക്കായ് ജീവിതം ഉഴിഞ്ഞുവച്ച ഉമ്മന്‍ചാണ്ടിയെന്ന പ്രിയപ്പെട്ട നേതാവിന് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി കോട്ടയം നഗരം. പൊരിവെയിലിലും അണമുറിയാത്ത ജനപ്രവാഹമാണ് കോട്ടയത്തെ തിരുനക്കര മൈതാനത്തേയ്ക്ക്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, സംസ്ഥാന മന്ത്രിമാര്‍, മമ്മൂട്ടി, സുരേഷ്ഗോപി, സാമൂഹിക, സാംസ്കാരിക രംഗത്തെ മറ്റ് പ്രമുഖര്‍ എന്നിങ്ങനെ വന്‍ ജനാവലി ഉമ്മന്‍ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ചു. 

 

ഹൃദയരഥത്തിലേറ്റിയാണ് ഉമ്മന്‍ചാണ്ടിയെ ജന്‍മനാട്ടിലേക്ക് കേരളമൊന്നാകെ എത്തിക്കുന്നത്. 152 കിലോമീറ്റര്‍ താണ്ടാന്‍ 28 മണിക്കൂറാണ് വേണ്ടി വന്നത്. തിരുനക്കരയിലെ പൊതുദര്‍ശനത്തിന് ശേഷം ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം പുതുപ്പള്ളിയിലെത്തിക്കും. ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നരവരെ പുതുപ്പള്ളി പള്ളിയില്‍ പൊതുദര്‍ശനം. മൂന്നരയ്ക്ക് സംസ്കാരശുശ്രൂഷ ആരംഭിക്കും. പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കുന്ന ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കും. കബറിടത്തിലെ ശുശ്രൂഷ 15 മിനിറ്റില്‍ പൂര്‍ത്തിയാക്കുമെന്ന് പള്ളി വികാരി ഫാദര്‍ വര്‍ഗീസ് മീനടം മനോരമന്യൂസിനോട് അറിയിച്ചു.

 

തലസ്ഥാനത്തിന്റെ അളവറ്റ ആദരവും സ്നേഹവും ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു വ്യാഴം രാവിലെ ഏഴുമണിക്ക് ഉമ്മന്‍ചാണ്ടിയുടെ അന്ത്യയാത്ര ജഗതിയിലെ വീട്ടില്‍നിന്നാരംഭിച്ച് നഗര വീഥികള്‍ പിന്നിട്ടത്. 53 വര്‍ഷം സാമാജികനായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വാഹനം നിയമസഭക്ക് മുന്നിലെത്തിയപ്പോള്‍ വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥരുള്‍പ്പെടെ സല്യൂട്ട് ചെയ്ത് ആദരം രേഖപ്പെടുത്തി.കുടുംബാംഗങ്ങളും കോണ്‍ഗ്രസ് നേതാക്കളും ഭൗതികശരീരം വഹിക്കുന്ന കെ.എസ്.ആര്‍.ടിസി ബസ്സില്‍ ഒപ്പമുണ്ട്.ചൊവ്വാഴ്ച പുലർച്ചെ 4.25ന് ബെംഗളൂരുവിലായിരുന്നു ഉമ്മൻ ചാണ്ടി (79) യുടെ വിയോഗം. ഏറെ നാളായി കാൻസർ രോഗത്തിനു ചികിത്സയിലായിരുന്നു. ആരോഗ്യം മോശമായതിനെത്തുടർന്നു തിങ്കളാഴ്ച രാത്രി ഇന്ദിരാനഗറിലെ ചിൻമയ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ത്യ നിമിഷങ്ങളിൽ ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി, മറിയ, അച്ചു എന്നിവർ ഒപ്പമുണ്ടായിരുന്നു.

 

Governor pays tribute to Oommen Chandy