പാരിസ് ഒളിംപിക്സില്‍ ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സ് ഫൈനലിന് ശേഷം ഒരുകയ്യില്‍ വെള്ളിമെഡലും മറുകയ്യില്‍ സ്പാനിഷ് പതാകയുമായി നില്‍ക്കുന്ന ചൈനീസ് താരം ഹെ ബിങ്ങ് ജിയാവോയാണ് ഇന്നത്തെ ശ്രദ്ധാകേന്ദ്രം. സ്പാനിഷ് മെഡല്‍ പ്രതീക്ഷയായിരുന്ന കരോളിന മാരിന്‍ പരുക്കേറ്റ് പിന്‍മാറിയതോടെയാണ് ഹെ ബിങ്ങ് ജിയാവോ ഫൈനലിലെത്തിയത്. സെമിഫൈനലില്‍ ആദ്യ ഗെയിം 21-14ന് നേടുകയും രണ്ടാം ഗെയിമില്‍ 10–8ന് മുന്നിട്ടുനില്‍ക്കുകയും ചെയ്ത ശേഷമാണ് കരോളിന മാരിന്‍ കാല്‍മുട്ടിന് പരുക്കേറ്റ് കണ്ണീരോടെ കളംവിട്ടത്. ഫൈനലിലെത്തിയ ജിയാവോ വെള്ളി മെഡലണിഞ്ഞപ്പോള്‍ കരോളിന മാരിനെ മറന്നില്ല. സ്പാനിഷ് പതാകയുടെ ഒരു പിന്നും കയ്യില്‍ പിടിച്ചാണ് ജിയാവോ പോഡിയത്തില്‍ നിന്നത്.
ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തുള്ള ജിയാവോ ഇന്ത്യയുെട പി.വി.സിന്ധുവിനെ ക്വാര്‍ട്ടറില്‍ തോല്‍പിച്ചാണ് സെമിയിലെത്തിയത്. ഫൈനലില്‍ ദക്ഷിണകൊറിയയുടെ അന്‍ സെ യങ്ങിനോട് പരാജയപ്പെട്ടെങ്കില്‍ ഒളിംപിക്സ് വേദിയില്‍ നിന്ന് ലോകത്തിന്റെ ഹൃദയത്തില്‍ ഇടംപിടിച്ചാണ് 27കാരി പാരിസില്‍ നിന്ന് മടങ്ങുന്നത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് അന്‍ സെ യങ്ങ് ജിയാവോയെ തോല്‍പിച്ച് സ്വര്‍ണം നേടിയത്.