രക്താര്‍ബുദം ബാധിച്ച് കൈവിട്ടെന്ന് കരുതിയിടത്ത് നിന്ന് തിരികെ ജീവിതം എത്തിപിടിക്കുക.. കനല്‍വഴികള്‍ ആദ്യം കിതച്ചും പിന്നെ പൊരുതിയും താണ്ടിക്കയറിയ അജിത് ഇന്നലെ അയ്യനെ കാണാന്‍ സന്നിധാനത്തെത്തി ആ യാത്ര പക്ഷെ ഒറ്റയ്ക്കായിരുന്നില്ല.. ഏഴുമാസം മാത്രം പ്രായമുള്ള ധന്‍വിക്കിന്‍റെ അച്ഛനായി അവന്‍റെ ചോറൂണിനായൊരു മലകയറ്റം.
കല്യാണം കഴിഞ്ഞ് രണ്ടര മാസം കഴിഞ്ഞപ്പോഴാണ് അജിത്തിന് രക്താര്‍ബുദം സ്ഥിരീകരിക്കുന്നത്. ശരീരത്തെ 80 ശതമാനത്തോളം ബാധിച്ചു. അബോധാവസ്ഥയില്‍ മാസങ്ങളോളം ചികില്‍സയില്‍. മടങ്ങി വരവ് ഉണ്ടാകുമെന്നുപോലും ഉറപ്പില്ലാത്തിടത്ത് ചേര്‍ത്ത് പിടിച്ചത് ഭാര്യയുടെ മനക്കരുത്ത്,ഒപ്പം കൂട്ടായി മറ്റു കുടുംബാഗങ്ങളും നിന്നു. ജീവിതം കട്ടിലേക്ക് ചുരുങ്ങി. ചികില്‍സയുടെ മാത്രം നാളുകള്‍. കാഴ്ചകള്‍ക്ക് മരുന്നുകുപ്പികളിലേക്കുള്ള ദൂരം മാത്രം.. കുട്ടികളുണ്ടാകാനും സാധ്യത കുറവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നിട്ടും അജിത് പിടിച്ചു നിന്നു.മൂന്നുവര്‍ഷത്തെ ചികില്‍സയ്ക്കും വിശ്രമത്തിനും ശേഷം ജീവിതത്തിലേക്ക് മെല്ലെ തിരിച്ചു വന്നു. മനോരമ ന്യൂസ് കേരള കാനിലൂടെയാണ് അജിത്തിന്‍റെ അതിജീവന കഥ ലോകം ആദ്യമറിയുന്നത്.
ആശുപത്രിക്കിടക്കയില്‍ വച്ചാണ് തനിക്കൊരു കുഞ്ഞു ജനിച്ചാല്‍ അടുത്ത മണ്ഡലകാലത്ത് തന്നെ ശബരിമലയില്‍ ചോറൂണെന്ന വഴിപാട് നേര്‍ന്നത്. ആഗ്രഹം പോലെ അച്ഛന്‍റെ കുപ്പായമണിഞ്ഞു.ഒരു ആണ്‍കുഞ്ഞ് ജനിച്ചു, ധന്‍വിക്. ഏഴുമാസം പ്രായമായി. മണ്ഡലകാലമെത്തി.. കഴിഞ്ഞ ദിവസം ശബരിമല സന്നിധാനത്തേക്ക് അവരെത്തി. അജിത്ത് ധന്‍വിക്കിന്‍റെ ചോറൂണ് നടത്തി.ആ അതിജീവനത്തിന് സന്നിധാനം സാക്ഷി.
ചെറുപ്പത്തില്‍ അച്ഛന്‍റെ കയ്യും പിടിച്ചാണ് അജിത്ത് ആദ്യം ശബരിമലയില്‍ വന്നത്. പിന്നീട് മുടങ്ങാതെ 24 വര്‍ഷം മലചവിട്ടി. അയ്യപ്പനെ സന്നിധാനത്തെത്തി കാണാതിരുന്നത് രോഗം ബാധിച്ച കാലത്ത് മാത്രം. പക്ഷെ അയ്യപ്പന്‍ ആ സമയമത്രയും മലയിറങ്ങി കുന്നന്താനത്ത് തന്‍റെ വീട്ടില്‍ ചാരെയുണ്ടായിരുന്നെന്ന് വിശ്വാസിക്കാനാണ് അജിത്തിനിഷ്ടം. രോഗം മാറിയതോടെ കഴിഞ്ഞ വര്‍ഷം മല ചവിട്ടി. ഇനിയുള്ള എല്ലാ മണ്ഡലകാലത്തും ധന്‍വിക്കിനേയും കൂട്ടിയാകും ആ കയ് പിടിച്ചാകും അജിത്തിന്‍റെ ശബരിമല യാത്ര..