ഇന്ത്യയിൽ ഒരു ധനമന്ത്രിയും കൈവരിക്കാത്ത പുതു ചരിത്രം കുറിച്ച് നിർമല സീതാരാമൻ. ചരിത്രത്തിൽ തുടർച്ചയായി ഏഴ് ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി. 6 ബജറ്റ് അവതരിപ്പിച്ച മുൻ ധനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോർഡാണ് നിർമല സീതാരാമൻ മറികടന്നത്.
രാജ്യത്തിന്‍റെ സംസ്കാരവും കൈത്തറി പാരമ്പര്യവും ഉയർത്തി പർപ്പിൾ-ഗോൾഡൻ ബോർഡറുള്ള ഓഫ്-വൈറ്റ് ചെക്ക് ഹാൻഡ്‌ലൂം സാരിയിലാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാന്‍ പുറപ്പെട്ടത്. ബഹി ഖാത അഥവാ തുണി ലെഡ്ജറിൽ പൊതിഞ്ഞായിരുന്നു ബജറ്റ് . ഏഴ് ബജറ്റുകൾ അവതരിപ്പിച്ച് പുതുചരിത്രം കുറിക്കുന്ന ധനമന്ത്രിക്ക് രാഷ്ട്രപതി ദ്രൗപതി മുർമു മധുരം നല്‍കി.
11 മണിക്ക് ചടുലതയോടെ ബജറ്റ് അവതരണം ആരംഭിച്ച് ചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചു. ഒന്നരമണിക്കൂർ നീണ്ടു ബജറ്റ് അവതരണം. 2019 ലായിരുന്ന നിർമല സീതാരാമന്‍റെ ആദ്യ ബജറ്റ്. 2020 ഫെബ്രുവരി 1 ലെ രണ്ട് മണിക്കൂറും 40 മിനിറ്റും നീണ്ട നിർമ്മല സീതാരാമന്‍റെ പ്രസംഗം ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗമെന്ന റെക്കോർഡിട്ടിരുന്നു
രണ്ടാം മോദി സർക്കാരിൽ ധനമന്ത്രിയായതോടെ രാജ്യത്തെ ആദ്യ മുഴുവൻ സമയ വനിതാ ധനമന്ത്രിയായി നിർമല സീതാരാമൻ. 1959 നും 1963 നും ഇടയിൽ ആറ് ബജറ്റുകൾ അവതരിപ്പിച്ച മുൻ ധനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോർഡാണ് നിർമല മറികടന്നത്. 1959-ൽ ആദ്യ ബജറ്റ് അവതരിപ്പിച്ച മൊറാർജി ദേശായി അഞ്ച് വർഷം തുടർച്ചയായി സമ്പൂർണ ബജറ്റുകളും, 1959- 1963 കാലത്ത് ഇടക്കാല ബജറ്റും അവതരിപ്പിച്ചു. എന്നാൽ 10 ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോർഡ് മൊറാർജി ദേശായിക്ക് തന്നെ. 1967-ൽ ഇടക്കാല ബജറ്റും 1967, 1968, 1969 വർഷങ്ങളിൽ സമ്പൂർണ ബജറ്റുകളും മൊറാർജി ദേശായി അവതരിപ്പിച്ചിരുന്നു. ഒമ്പത് തവണ ബജറ്റ് അവതരിപ്പിച്ച മുൻ ധനമന്ത്രി പി ചിദംബരവും 8 ബജറ്റുകൾ അവതരിപ്പിച്ച മുൻ രാഷ്ട്രപതി കൂടിയായ പ്രണബ് മുഖർജിയും തൊട്ട് പിന്നിലുണ്ട്